ലോക്സഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലുമായി കോണ്‍ഗ്രസ് നേടിയ സീറ്റുകള്‍ ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ സീറ്റുകളുടെ എണ്ണത്തേക്കാള്‍ കുറവാണെന്ന് മനസിലാക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
“99 സീറ്റുകള്‍ മാത്രം നേടിയിട്ട് അനാവശ്യമായ രീതിയിലുള്ള അവകാശവാദങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലുമായി കോണ്‍ഗ്രസ് നേടിയ മൊത്തം സീറ്റുകളുടെ എണ്ണം ബിജെപി ഇക്കുറി നേടിയ സീറ്റുകളുടെ എണ്ണത്തെക്കാള്‍ കുറവാണെന്ന് അവർ മനസിലാക്കണം. 2024ല്‍ 99 സീറ്റുകള്‍ നേടി, 2019ല്‍ 56ഉം 2014ല്‍ 42 സീറ്റുകളുമാണ് നേടിയത്. ഇതെല്ലാം കൂട്ടിയാല്‍ പോലും ബിജെപി ഇക്കുറി സ്വന്തമാക്കിയ 240 സീറ്റുകളില്‍ താഴെയാണ് വരുന്നത്.
തുടർച്ചയായ മൂന്നാം വട്ടവും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു എന്നത് ചരിത്രപരമായ കാര്യം തന്നെയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ ഇനിയും ഉയരങ്ങളിലേക്ക് കുതിക്കും. ഇതില്‍ ഞങ്ങള്‍ക്ക് പൂർണ വിശ്വാസമുണ്ട്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത്. ആഗോളതലത്തില്‍ ഇന്ന് ഇന്ത്യയ്ക്കുള്ള സ്ഥാനം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ ലഭിച്ചതാണെന്നും” ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. മൂന്നാം എൻഡിഎ സർക്കാരില്‍ കേന്ദ്ര വാർത്താവിനിമയ മന്ത്രിയാണ് അദ്ദേഹം.