
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒഡിഷയില്‍ ബിജെഡി വൻ പരാജയം നേരിട്ടതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നവീൻ പട്നായിക്. രണ്ടര പതിറ്റാണ്ടു നീണ്ട ഭരണം അവസാനിപ്പിച്ചാണ് ബിജു ജനതാദള്‍ അധ്യക്ഷൻ കൂടിയായ പട്നായിക് പടിയിറങ്ങുന്നത്. രാജിക്കത്ത് രാജ്ഭവനിലെത്തി ഗവർണർ രഘുബാർ ദാസിന് കൈമാറി. രാജിക്കത്ത് നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ പട്നായിക് തയാറായില്ല.
സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിച്ച ബിജെഡി 147 അംഗ നിയമസഭയില്‍ 51 സീറ്റുകള്‍ മാത്രമാണ് നേടിയത്. 78 സീറ്റുകള്‍ നേടി ബിജെപിയാണ് അധികാരത്തിലെത്തിയത്. 14 സീറ്റുകള്‍ കോണ്‍ഗ്രസും മൂന്നു സീറ്റുകള്‍ സ്വതന്ത്രരും സിപിഎം ഒരു സീറ്റും നേടി.ബിജെപിയുമായി സഖ്യചർച്ചകള്‍ നടന്നിരുന്നെങ്കിലും അത് ഫലം കണ്ടിരുന്നില്ല. ഇതോടെ ബിജെഡി ഒറ്റയ്ക്ക് തന്നെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. സഖ്യമില്ലെന്ന് ഒഡീഷ ബിജെപി അധ്യക്ഷൻ മൻമോഹൻ സമാല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെഡിയും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.