ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുഖം മിനുക്കി പ്രതിച്ഛായ വീണ്ടെടുക്കാൻ പിണറായി സർക്കാർ ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി കെകെ ശൈലയയെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കവും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരില്‍ ചുരുക്കം ചിലരുടേത് ഒഴിച്ച് ബാക്കിയുള്ളവരുടെ പ്രവർത്തങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന് മാത്രമല്ല തീരെ മോശമാണെന്ന അഭിപ്രായവും പാർട്ടി അണികളില്‍പ്പോലുമുണ്ട്. ഇതിന്റെ പ്രതിഫലനമാണ് വോട്ടെടുപ്പില്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
മന്ത്രി രാധാകൃഷ്ണന് പകരം മന്ത്രിയെ കണ്ടെത്തേണ്ടതുണ്ട്. ആ സാഹചര്യം അനുകൂലമാക്കി ചില മന്ത്രിമാരെ ഒഴിവാക്കാനും മറ്റുചിലരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനും ഇടയുണ്ടെന്നാണ് റിപ്പോർട്ടുകള്‍. മാറ്റമില്ലാതെ മുന്നോട്ടുപോയാല്‍ വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും നിയസഭാ തിരഞ്ഞെടുപ്പിലും ദയനീയ പ്രകടനമായിരിക്കും കാഴ്ചവയ്ക്കാനാവുക എന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പാർട്ടിക്ക് ബോദ്ധ്യംവന്നിട്ടുണ്ട്.
-->

സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഉയർന്ന ആരോപണങ്ങളും താേല്‍വിക്ക് ചെറുതല്ലാത്ത കാരണമായെന്ന് പാർട്ടിക്ക് നന്നായി അറിയാം. എന്നാല്‍ മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിറുത്താൻ സിപിഎമ്മും എല്‍ഡിഎഫും മുതിരുമാേ എന്ന് സംശയമാണ്. മറ്റന്നാള്‍ ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ മന്ത്രിസഭയിലെ അഴിച്ചുപണി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചർച്ച ഉണ്ടായേക്കും. സ്ഥാനാർത്ഥികളുടെ വിജയത്തിനായി പാർട്ടി കാര്യമായി ശ്രമിച്ചില്ലെന്ന കുറ്റപ്പെടുത്തല്‍ ചിലയിടങ്ങളില്‍ നിന്നുയരുന്നുണ്ട്. ഇക്കാര്യവും ചർച്ചയായേക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടവിഹിതത്തിന്റെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 109ലും യുഡിഎഫിനാണ് മേല്‍ക്കൈ. എല്‍ഡിഎഫ് ഒന്നാം സ്ഥാനത്തെത്തിയത് വെറും ഇരുപത് മണ്ഡലങ്ങളില്‍ മാത്രമാണ്. ഇതിനെക്കാളേറെ സിപിഎമ്മിനെ അലോരസപ്പെടുത്തുന്നത് പതിനൊന്ന് മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയതാണ്.
നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, കാട്ടാക്കട, ആറ്റിങ്ങല്‍, ഒല്ലൂർ, മണലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99സീറ്റുകള്‍ നേടിയാണ് ഇടതുമുന്നണി തുടർ ഭരണം നേടിയത്.41 സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന് കിട്ടിയത്. ബിജെപിക്കാകട്ടെ സീറ്റൊന്നും കിട്ടിയിരുന്നുമില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തില്‍പ്പോലും എല്‍ഡിഎഫിന്റെ വോട്ടുവിഹിതത്തില്‍ ഉണ്ടായ കുറവും പാർട്ടിയെ അലോരസപ്പെടുത്തുന്നുണ്ട്. വടകരയില്‍ പാർട്ടിവോട്ടില്‍ കനത്ത ചോർച്ചയുണ്ടായെന്നാണ് പാർട്ടിയുടെ നിഗമനം. പാർട്ടി കോട്ടകളില്‍ പോലും ഷാഫിക്ക് വോട്ടുകൂടിയിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതിന് ഉത്തരംകണ്ടെത്താൻ പാർട്ടി ഏറെ ബുദ്ധിമുട്ടും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക