
ട്രെയിനപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവേയായിരുന്നു സംഭവം. മുഖ്യമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തൊട്ടുതൊട്ടില്ലെന്ന വിധേനയായിരുന്നു ട്രെയിൻ കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിടിഐ എക്സില്‍ പങ്കുവെച്ചു.
പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി നായിഡു പാളത്തിലൂടെ നടക്കുമ്ബോള്‍ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ വരുകയായിരുന്നു. റെയില്‍ ഗതാഗതത്തിനു മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന പാലത്തില്‍ കാല്‍നടയാത്രയ്ക്ക് ഇടമില്ല. പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കി. വലിയ അപകടമാണ് ഒഴിവായത്.