കല്‍പറ്റ: വയനാട് സുല്‍ത്താൻ ബത്തേരിയില്‍ അവശ്യസാധനങ്ങളടങ്ങിയ 1500 ഓളം ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞതിന് പിന്നാലെയാണ് ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ നിന്ന് കിറ്റുകള്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനം പൊലീസ് കസ്റ്റഡിയിലാണ്. ഇത് ഇലക്ഷൻ ഫ്‌ളയിങ് സ്‌ക്വാഡിനു കൈമാറുമെന്നു ബത്തേരി പൊലീസ് അറിയിച്ചു.

ബിസ്‌ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ മുതലായവ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു. ആദിവാസി കോളനികളില്‍ വിതരണം ചെയ്യാൻ ബിജെപി തയാറാക്കിയ കിറ്റുകളാണ് ഇതെന്നാണ് ആരോപണം. കിറ്റുകള്‍ക്കു പിന്നില്‍ ബിജെപിയാണ് എന്ന് ആരോപിച്ച്‌ യുഡിഎഫും എല്‍ഡിഎഫും രംഗത്തുവന്നിട്ടുണ്ട്. ബിജെപി കോളനികളില്‍ വിതരണം ചെയ്യാനായി തയാറാക്കിയ കിറ്റുകളാണ് ഇതെന്നും പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നല്‍കി വോട്ടർമാരെ സ്വാധീനിച്ചു വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇരുമുന്നണികളും ആരോപിച്ചു. അതേസമയം, ബിജെപി ബത്തേരി മണ്ഡലം പ്രസിഡന്റ് എ.എസ്. കവിത ആരോപണം നിഷേധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നിന് 279 രൂപ വരുന്ന കിറ്റുകളാണു ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയില്‍നിന്നു വാങ്ങിയിരിക്കുന്നത്. ഒരു കിലോ പഞ്ചസാര, ബിസ്‌ക്കറ്റ്, റസ്‌ക്, 250 ഗ്രാം ചായപ്പൊടി, അര ലീറ്റർ വെളിച്ചെണ്ണ, അരകിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണു കിറ്റിലുള്ളത്. കൂടാതെ വെറ്റില, അടക്ക, ചുണ്ണാമ്ബ്, പുകയില അടക്കമുള്ള 33 കിറ്റുകളും ഉണ്ട്. പിക്കപ്പ് ജീപ്പില്‍ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഇവ പിടികൂടിയത്. കിറ്റുകള്‍ എവിടേക്ക് കൊണ്ടു പോകാനുള്ളതാണെന്ന് അറിയില്ലെന്നാണ് ജീപ്പിലെ ഡ്രൈവർ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറെ കിറ്റുകള്‍ ജീപ്പില്‍ കയറ്റിയ നിലയിലും കുറെ കിറ്റുകള്‍ കെട്ടിയിട്ട നിലയിലുമായിരുന്നു കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കിറ്റുകള്‍ എവിടേക്ക് കൊണ്ടു പോകാനുള്ളതാണെന്നും ആർക്ക് വിതരണം ചെയ്യാനുള്ളതാണെന്നതിലും ദുരൂഹത നിലനില്‍ക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക