
വിദേശത്ത് കഥകളി അവതരിപ്പിക്കാൻ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ദളിത് കലാകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്. കാപ്പ പ്രതിയും സ്ഥിരം കുറ്റവാളിയുമായ നെട്ടൂർ സ്വദേശി പി എച്ച് ഹാരിസ്, അനന്തു, കെ ഡി ദിലീഷ് എന്നിവർക്കെതിരെയാണ് കേസ്. എറണാകുളം സെൻട്രൽ പോലീസ് ആണ് കേസെടുത്തത്.
സംഭവം ഇങ്ങനെ: ഹാരിസിന്റെ നിർദ്ദേശപ്രകാരം ഹൈക്കോടതിക്ക് സമീപം എത്തിയ കലാകാരിയെ വാഹനത്തിൽ കയറ്റി. ഇവരോട് ദുബായിൽ പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം ഒരുക്കാം എന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തിയത്. ഇതിന് പ്രത്യുപകാരമായി അടുത്ത ദിവസം തന്നെ ബാംഗ്ലൂരിൽ ചെന്ന് ഹാരിസിന്റെ സംഘാംഗങ്ങൾ കൊടുത്തു വിടുന്ന ലഹരിമരുന്ന് കൊച്ചിയിൽ എത്തിക്കണമെന്നും കലാകാരിയോട് ആവശ്യപ്പെട്ടു. ഇവർ ഇതിനു വിസമ്മതിച്ചതോടെ കാറിൽ പൂട്ടിയിടുകയും രണ്ടും മൂന്നും പ്രതികൾ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ഒന്നാം പ്രതിയായ ഹാരിസ് ഇവരെ കടന്നു പിടിക്കുകയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുകയും ചെയ്തു എന്നുമാണ് പരാതി.