പാലായിലെ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്ത് ഭദ്രദീപം തെളിയിച്ച എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സി പി ചന്ദ്രൻ നായരെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്ത് സമുദായ നേതൃത്വം. സമുദായത്തിന്റെ പ്രഖ്യാപിത നിലപാടുകൾക്കെതിരായി ഇടതുമുന്നണിയെയും, ജോസ് കെ മാണിയുടെ പാർട്ടിയെയും സഹായിക്കാനുള്ള സിപി ചന്ദ്രൻ നായരുടെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് എൻഎസ്എസ് നേതൃത്വം നൽകിയത്. സിപി ചന്ദ്രൻ നായർ തെരഞ്ഞെടുപ്പ് പ്രചരണ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തത് നായർ സമുദായം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥിക്ക് അനുകൂലമാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണെന്ന വിലയിരുത്തലിലാണ് സമുദായ നേതൃത്വം.

മുൻപും സ്വന്തം വ്യക്തി താൽപര്യങ്ങളും വാണിജ്യ താൽപര്യങ്ങളും സംരക്ഷിക്കാൻ ജോസ് കെ മാണിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു എന്ന ആക്ഷേപം ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ എൻഎസ്എസ് – എൽഡിഎഫ് ഭിന്നത നിലനിന്നിരുന്നത് കണക്കാക്കാതെ ജോസ് കെ മാണിക്ക് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു എന്നുമാത്രമല്ല ജോസ് കെ മാണിക്ക് വോട്ട് രേഖപ്പെടുത്തുവാൻ എൻഎസ്എസ് അംഗങ്ങളെ സമ്മർദ്ദം ചെലുത്തുവാനും ഇദ്ദേഹം മുൻനിരയിൽ ഉണ്ടായിരുന്നു. സംഘടനയുടെ നേതൃത്വം ജോസ് കെ മാണിക്ക് അനുകൂലമാണ് എന്ന് സിപി ചന്ദ്രൻ നായർ വഴി വ്യാജപ്രചരണം അഴിച്ചുവിടാൻ ജോസ് കെ മാണിയും കേരള കോൺഗ്രസ് പാർട്ടിയും ശ്രമിച്ചെങ്കിലും വിശ്വാസികൾ ഇത് തള്ളുകയായിരുന്നു. അന്ന് നിരവധി യൂണിയൻ പ്രതിനിധികളും, കരയോഗങ്ങളും സിപി ചന്ദ്രൻ നായരുടെ നിലപാടുകൾ ചൂണ്ടിക്കാട്ടി എൻഎസ്എസ് നേതൃത്വത്തിന് രേഖാമൂലം പരാതി നൽകിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി ഒരു നായർ പ്രതിനിധി എത്താനുള്ള സാധ്യതകൾ അടച്ചതിനും ജോസ് മാണിക്ക് കൂട്ടുനിന്നത് സിപി ചന്ദ്രൻ നായർ ആയിരുന്നു എന്ന ആക്ഷേപവും സജീവമാണ്. ബിനു പുളിക്കകണ്ടം പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് എത്താൻ സാധ്യത നിലനിന്നപ്പോൾ എൻഎസ്എസ്സിന് വിഷയത്തിൽ പ്രത്യേക താല്പര്യം ഇല്ല എന്ന് സിപിഎം നേതൃത്വത്തെ അറിയിക്കാൻ ജോസ് കെ മാണി ഉപയോഗിച്ചതും ഇദ്ദേഹത്തെ തന്നെയാണ് എന്നായിരുന്നു ആക്ഷേപം. ഈ സംഭവത്തിൽ എൻഎസ്എസ് നേതൃത്വം സിപി ചന്ദ്രൻ നായരോട് വിശദീകരണവും ചോദിച്ചിരുന്നു.

തിരഞ്ഞെടുപ്പുകളിൽ സമദൂര സിദ്ധാന്തം എൻഎസ്എസ് നിലപാടായി പ്രഖ്യാപിച്ചിരുന്ന കാലത്ത് പാലായിൽ സംഘടന തനിക്കൊപ്പം ആണ് എന്ന് വരുത്തി തീർക്കാൻ കെഎം മാണി മുന്നിൽ നിർത്തി ഉപയോഗിച്ചിരുന്നതും ഇദ്ദേഹത്തെ തന്നെയാണ്. കെഎം മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വാഹനജാഥ ഉദ്ഘാടനം ചെയ്തും ഇദ്ദേഹം വിവാദത്തിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ പ്രത്യുപകാരമായി ഇദ്ദേഹത്തിന് നിരവധി ആനുകൂല്യങ്ങളും, സഹായങ്ങളും ലഭിച്ചിട്ടുണ്ടെന്നും ആക്ഷേപങ്ങൾ ഉണ്ട്.

എന്നാൽ ഇത്തവണ ഇടതുമുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസിനെ സഹായിക്കാനുള്ള ചന്ദ്രൻ നായരുടെ നീക്കത്തെ വെച്ചുപൊറുപ്പിക്കാൻ ആവില്ല എന്ന എൻഎസ്എസ് നേതൃത്വത്തിന്റെയും ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെയും കർശന നിലപാടാണ് കടുത്ത നടപടിക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് സിപി ചന്ദ്രൻ നായർ. ഈ പദവിയിൽ നിന്നും ഇദ്ദേഹത്തെ നീക്കം ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

എൻഎസ്എസ് നേതൃത്വത്തിന്റെ കടുത്ത നിലപാട് ഇത്തവണ സ്ഥാനാർത്ഥി തോമസ് ചാഴികാടനും പാർട്ടി ചെയർമാൻ ജോസ് കെ മാണിക്കും പാലായിലും, കോട്ടയം ലോക്സഭ മണ്ഡലത്തിലും കനത്ത തിരിച്ചടിയാണ്. പണക്കൊഴുപ്പ് കാട്ടി പ്രചരണത്തിൽ മേൽക്കൈ അവകാശപ്പെടുമ്പോഴും കോട്ടയത്ത് ജനവികാരം യുഡിഎഫിനൊപ്പം ആണ്. ഇത് മറികടക്കാൻ ഇത്തരം ചില ആളുകളെ ഉപയോഗിച്ച് തെറ്റിദ്ധാരണ വളർത്താമെന്ന കേരള കോൺഗ്രസ് രാഷ്ട്രീയ തന്ത്രത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് സിപി ചന്ദ്രൻ നായരുടെ താലൂക്ക് പ്രസിഡന്റ് സ്ഥാനം തെറിച്ച സംഭവം. പുറത്താക്കിയതല്ല താൻ സ്വയം രാജിവെച്ചതാണ് എന്ന് സിപി ചന്ദ്രൻ നായർ അവകാശപ്പെടുമ്പോഴും പുറത്താക്കിക്കൊണ്ട് സുകുമാരൻ നായർ നേരിട്ടയച്ച കത്ത് ഈ വാദങ്ങളുടെ മുനയൊടിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക