എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ അധ്യക്ഷ സ്ഥാനത്തുനിന്ന് സിപി ചന്ദ്രൻ നായരെ നീക്കം ചെയ്ത് നടപടി പ്രധാന വാർത്താമാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്യുന്നത്. സമുദായ സംഘടനയുടെ പ്രഖ്യാപിത നിലപാട് അട്ടിമറിച്ചുകൊണ്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ സഹായിക്കുന്ന നിലപാട് കൈക്കൊണ്ടതാണ് സ്ഥാനഭ്രംശത്തിന് കാരണം. സിപി ചന്ദ്രൻ നായർ കേരള കോൺഗ്രസ് പ്രതിനിധിയായ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തതും, ഭദ്രദീപം തെളിയിച്ചതും നായർ വിഭാഗത്തിനിടയിൽ വ്യാപകമായ എതിർപ്പിന് ഇടയാക്കി.

പല യോഗ പ്രതിനിധികളും കരയോഗങ്ങളും സിപിയുടെ രാഷ്ട്രീയ കള്ളക്കളി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ധരിപ്പിച്ചതോടെയാണ് കടുത്ത നടപടിക്ക് എൻഎസ്എസ് നേതൃത്വം തുനിഞ്ഞത്. സിപി ഉൾപ്പെടെയുള്ള മുഴുവൻ മിനച്ചിൽ താലൂക്ക് ഭരണസമിതി അംഗങ്ങളെയും ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തുകയും രാജി എഴുതി വാങ്ങുകയും ആണ് ചെയ്തത്. സിപി ഒഴികെ മറ്റെല്ലാ അംഗങ്ങൾക്കും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിൽ അംഗത്വവും നൽകി. പതിറ്റാണ്ടുകളായി കേരള കോൺഗ്രസ് മാണി വിഭാഗത്തോട് ചേർന്ന് നിന്നുകൊണ്ട് സ്വന്തം താല്പര്യങ്ങൾ മാത്രം സംരക്ഷിച്ച സമുദായ നേതാവിന്റെ അനിവാര്യമായതും കാലഹരണപ്പെട്ടതുമായ പടിയിറക്കമാണ് ഇതോടെ സംഭവിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമദൂരം അട്ടിമറിച്ച് എന്നും നിലകൊണ്ടത് മാണിക്ക് ഒപ്പം; പടുത്തുയർത്തിയത് വമ്പൻ സാമ്രാജ്യം

പാലായിലെ ഏറ്റവും പ്രമുഖനായ ആധാരം എഴുത്തുകാരനും, മുദ്ര പേപ്പർ വ്യാപാരിയും കൂടിയാണ് സി പി ചന്ദ്രൻ. ധനാഢ്യനായ നായർ പ്രമാണി. അതുകൊണ്ടുതന്നെ പതിറ്റാണ്ടുകളായി എൻഎസ്എസ് താലൂക്ക് യൂണിയൻ അധ്യക്ഷ സ്ഥാനവും, എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വവും കയ്യടക്കി വെച്ചിരുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. എന്നാൽ സമുദായത്തിന്റെ താൽപര്യങ്ങൾക്ക് ഒരിക്കലും സിപി ചന്ദ്രൻ നായർ പ്രാധാന്യം കൊടുത്തിരുന്നില്ല.

സിപിഐ അംഗമായി ഒന്നിലധികം തവണ നഗരസഭ കൗൺസിലർ പദവിയിൽ എത്തിയ സിപിക്ക് ഓരോ തവണയും വിജയം ഒരുക്കിയത് കെഎം മാണിയുടെ അദൃശ്യ സഹായമായിരുന്നു. ഇതിന് പ്രത്യുപകാരമായി മാണിക്ക് നിർണായകമായ തിരഞ്ഞെടുപ്പുകളിൽ എൻഎസ്എസ് പദവിയുടെ മേൽവിലാസത്തിൽ പ്രത്യക്ഷ നിലപാട് കൈക്കൊള്ളുകയും അത് സമുദായ സംഘടനയുടെ നിലപാടാണെന്ന് നായർ വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്താണ് സിപി ചന്ദ്രൻ നിരവധി സൗഭാഗ്യങ്ങൾ നേടിയെടുത്തത്. കെഎം മാണിയുടെയും മകൻ ജോസ് കെ മാണിയുടെയും നിർദ്ദേശപ്രകാരം കേരള കോൺഗ്രസ് അണികൾ വോട്ട് മറിച്ചതിനാലാണ് അവസാനമായി മത്സരിച്ച തെരഞ്ഞെടുപ്പിൽ മുപ്പതോളം വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സിപി ചന്ദ്രന് നഗരസഭ കൗൺസിലിൽ അംഗത്വം നിലനിർത്താൻ ആയത്.

ധാർഷ്ട്യവും പൂഴ്ത്തിവെപ്പും വ്യാപാരത്തിന്റെ മുഖമുദ്ര

പാലാ നഗരത്തിൽ സ്റ്റാമ്പ് പേപ്പർ തേടി എത്തുന്നവർ പലപ്പോഴും നിരാശരാകുന്നത് സിപി ചന്ദ്രൻ ബോധപൂർവ്വം നടത്തുന്ന സ്റ്റാമ്പ് പേപ്പർ പൂഴ്ത്തിവെപ്പ് മൂലമാണ് എന്ന ആക്ഷേപവും സജീവമാണ്. നിയമപ്രകാരമുള്ള സർക്കാർ ലൈസൻസ് എടുത്ത് സാധാരണ ജനങ്ങൾക്ക് സ്റ്റാമ്പ് പേപ്പർ വിൽക്കാൻ ഉത്തരവാദിത്തപ്പെട്ട ലൈസൻസി ആണെങ്കിലും ഇദ്ദേഹത്തിൻറെ സ്ഥാപനത്തിൽ സ്റ്റാമ്പ് പേപ്പർ വാങ്ങാൻ എത്തിയ ആളുകൾ പലപ്പോഴും ഇയാളുടെ അവഹേളനങ്ങൾക്കും, ഭോഷ്കിനും പാത്രമായി നിരാശയോടെ മടങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല മറിച്ച് ഭൂരിപക്ഷം ആളുകളുടെയും അനുഭവസാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തുന്നതാണ്. പ്രത്യക്ഷ രാഷ്ട്രീയ ആഭിമുഖ്യം ഇടതുപക്ഷത്തോടു പുലർത്തിയും, കെഎം മാണിയുമായി അവിശുദ്ധ രാഷ്ട്രീയ ബാന്ധവം നിലനിർത്തിയുമാണ് സിപി ചന്ദ്രൻ ഇന്ന് കാണുന്ന വട വൃക്ഷമായി വളർന്നതെന്ന് ഏവർക്കും അറിയാം. ഇടതു വലതുമുന്നണികളിലുള്ള നിർണായക സ്വാധീനം എൻഎസ്എസ് താല്പര്യങ്ങളെ അവഗണിച്ചുകൊണ്ടും ഭരണ പദവികളിൽ തുടരാൻ ഇദ്ദേഹത്തിന് തുണയായി.

കാലിടറിയത് പാലായുടെ രാഷ്ട്രീയ സാഹചര്യത്തിലെ മാറ്റം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടപ്പോൾ

കെഎം മാണിയുടെ കാലശേഷം പാലായുടെ രാഷ്ട്രീയ സ്വഭാവത്തിൽ വന്ന മാറ്റം തിരിച്ചറിയാൻ കഴിയാതെ പോയതാണ് സി പിക്ക് കാലിടറാൻ കാരണം. സമുദായ നേതൃത്വത്തിൽ തുടർന്നുകൊണ്ട് ജോസ് കെ മാണിക്ക് വിടുവേല ചെയ്തത് അദ്ദേഹത്തിന് തിരിച്ചടിയായി. മാണിയുടെ മരണത്തോടെ ജോസ് കെ മാണിക്ക് പാലാ രാഷ്ട്രീയത്തിലുള്ള മേൽക്കോയ്മ നഷ്ടപ്പെടുകയും, സിപി ചന്ദ്രൻ നായർക്ക് ഇത് തിരിച്ചറിയാൻ സാധിക്കാതെ പോവുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്എസ് നേതൃത്വത്തിന്റെ നിലപാടിനെതിരായി ജോസ് കെ മാണിക്ക് പരസ്യ പിന്തുണയുമായി സിപി രംഗത്ത് എത്തിയത്.

എന്നാൽ രാഷ്ട്രീയ കാലാവസ്ഥയിൽ ഉണ്ടായ മാറ്റം സമുദായ അംഗങ്ങൾക്കിടയിൽ സിപിക്ക് തിരിച്ചടിയായി. സംരക്ഷിക്കാൻ ശക്തനായ മാണിയുടെ അഭാവം സിപിയെ ദുർബലനാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും “ചങ്ങനാശ്ശേരിക്ക്” തന്നെ തൊടാൻ ധൈര്യമുണ്ടാവില്ല എന്ന വിശ്വാസത്തിൽ സിപി മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം ഇടതുമുന്നണിയുടെ രാഷ്ട്രീയ വേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ കടുത്ത നടപടിയെടുത്ത് സിപി എന്ന സമുദായ പ്രമാണിയെ പുറത്താക്കാൻ എൻഎസ്എസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

സിപിയുടെ വീഴ്ച സാധാരണക്കാർക്ക് ആഹ്ലാദം

എൻഎസ്എസ് എന്ന സമുദായ സംഘടനയുടെ അധ്യക്ഷ പദവിയിൽ നിന്ന് സിപി ചന്ദ്രൻ തെറിക്കുമ്പോൾ സമുദായ അംഗങ്ങളല്ലാത്ത, പ്രത്യക്ഷ രാഷ്ട്രീയം ഇല്ലാത്ത നിരവധി പാലാക്കാരാണ് ആഹ്ലാദിക്കുന്നത്. കാരണം മറ്റൊന്നുമല്ല… ഒരു സാധാരണക്കാരൻ സിപിയുടെ വ്യാപാര സ്ഥാപനത്തിൽ കോർട്ട് ഫീ സ്റ്റാംബോ, മുദ്ര പേപ്പറോ വാങ്ങാൻ എത്തുമ്പോൾ അനുഭവിച്ചിട്ടുള്ള അവഹേളനം അത്രമാത്രമാണ്. അതുകൊണ്ടുതന്നെ സിപിയുടെ പതനത്തിൽ അവർ ആഹ്ലാദിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക