തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കേരള പൊലീസ്. കുടിശിക തീർക്കാതെ പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് സ്വകാര്യ പമ്ബുടമകള്‍ നിലപാടെടുത്തതാണ് പൊലീസിന് വിനയാകുന്നത്. നിലവില്‍ പൊലീസ് വാഹനങ്ങളില്‍ ഇന്ധനം നിറച്ച ഇനത്തില്‍ 28 കോടി രൂപയാണ് സംസ്ഥാനത്തെ സ്വകാര്യ പമ്ബുകള്‍ക്ക് സർക്കാർ നല്‍കാനുള്ളത്. തെരഞ്ഞെടുപ്പ് സമയത്ത് കൂടുതല്‍ പൊലീസ് വാഹനങ്ങള്‍ ഓടേണ്ടി വരുന്ന സാഹചര്യത്തില്‍ പമ്ബുടമകളുടെ തീരുമാനം പൊലീസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധി പൊലീസിനെയും പിടികൂടിയിട്ട് നാളേറെയായി. കഴിഞ്ഞ സാമ്ബത്തിക വർഷം അവസാനവും പൊലീസ് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനാകാതെ കുഴഞ്ഞിരുന്നു. സ്വന്തം കയ്യില്‍ നിന്നായിരുന്നു അന്ന് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ ഇന്ധനമടിച്ചിരുന്നത്. സാമ്ബത്തിക ഞെരുക്കം കാരണം ഇതരസംസ്ഥാനങ്ങളിലേക്ക് അന്വേഷണസംബന്ധമായ ആവശ്യങ്ങള്‍ക്ക് പോലും പോകാനാകാതെ വഴിമുട്ടി നില്‍ക്കുകയാണ്. പല ഉദ്യോഗസ്ഥർക്കും പ്രതിയെ പിടിക്കാൻ ഓടി നടന്ന വകയില്‍ കിട്ടാനുള്ളത് ആയിരങ്ങളും ലക്ഷങ്ങളുമാണ്.
-->

ഇപ്പോള്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് സമയത്ത് പൊലീസുകാർ കൂടുതല്‍ ജാഗ്രതയോടെ ഓടിനടക്കേണ്ട സമയമാണ്. മാത്രമല്ല, പ്രചരണത്തിനായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് വരും ദിവസങ്ങളിലെത്താനിരിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പല മണ്ഡലങ്ങളിലും ഓടിനടക്കുന്നു. പെരുമാറ്റ ചട്ടമൊക്കെയുണ്ടെങ്കിലും വിഐപി സുരക്ഷയില്‍ മാറ്റമൊന്നുമില്ല. ഇങ്ങനെയിരിക്കുമ്ബോഴാണ് പൊലീസ് വാഹനങ്ങള്‍ നിരത്തിലിറക്കാൻ കഴിയാത്ത വിധം സാമ്ബത്തിക പ്രതിസന്ധി. ഇന്ധനമടിച്ച വകയില്‍ സ്വകാര്യ പമ്ബു കള്‍ക്ക് മാർച്ച് പത്തുവരെ കൊടുക്കാനുളളത് 28 കോടി കുടിശികയാണ്.
ഏപ്രില്‍ ഒന്നുമുതല്‍ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു സർക്കാർ വാഹനങ്ങള്‍ക്കും ഇന്ധനം കടം നല്‍കില്ലെന്ന് പെട്രോള്‍ പമ്ബുടമകള്‍ അറിയിച്ചിരിക്കുകയാണിപ്പോള്‍. തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നത് എസ്‌എപി ക്യാമ്ബിലെ പൊലിസ് പമ്ബില്‍ നിന്നാണ്. എസ്‌എപിയിലെ പൊലീസ് പമ്ബില്‍ ഇനി ഒരാഴ്ചത്തേക്കുള്ള ഇന്ധനം മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യൻ ഓയില്‍ കോർപ്പറേഷനുമുണ്ട് കുടിശ്ശിക. പണം നല്‍കിയാലേ അടുത്ത ലോഡുള്ളുവെന്ന് ഐഒസിയും അറിയിച്ചു.
റേഷൻ കണക്കെ വാഹനങ്ങളില്‍ ഇന്ധനം നല്‍കിയാലും കഷ്ടിച്ച് ഒരാഴ്ചക്കുള്ള ഇന്ധനം മാത്രമാണ് ടാങ്കില്‍ ബാക്കിയുള്ളത്. പൊലീസിന് ബജറ്റില്‍ അനുവദിച്ചിരുന്ന തുകയും കഴിഞ്ഞ് അധികവും നല്‍കി. വീണ്ടും ചോദിച്ചിട്ടും ഇല്ലെന്നാണ് മറുപടി. ശമ്ബളം പോലും പ്രതിസന്ധയില്‍ നില്‍ക്കുമ്ബോള്‍ ഇന്ധനത്തിൻറെ കാര്യത്തില്‍ ഇപ്പോഴൊന്നും ധനവകുപ്പ് കനിയുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് പ്രശ്നങ്ങളില്ലാതെ നടത്താനായി വാഹനങ്ങള്‍ നിരത്തിലിറക്കാൻ വീണ്ടും പൊലീസുകാർ കയ്യില്‍ നിന്ന് പണമിടേണ്ടിവരും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക