പൂക്കോട് വെറ്ററിനറി കോളേജില്‍ എസ്.എഫ്.ഐ പ്രവർത്തകർ അടക്കമുള്ള വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനത്തെ തുടർന്ന് മരണപ്പെട്ട സിദ്ധാര്‍ഥന്റെ വീടിന് മുന്നില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി സിദ്ധാര്‍ഥിന്റെ പിതാവ് ടി ജയപ്രകാശ്. ബോര്‍ഡ് മാറ്റുവാന്‍ താൻ പല തവണ ആവശ്യപ്പെട്ടിട്ടും അവർ അതിന് തയ്യാറായില്ലെന്നും മരണം പോലും മുതലെടുക്കുന്നവരാണ് ഡിവൈഎഫ്‌ഐ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രമിനലുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ബോര്‍ഡ്. അതേസമയം, സിദ്ധാര്‍ഥനെ എസ്‌എഫ്‌ഐയില്‍ ചേരാന്‍ നിര്‍ബന്ധിച്ചെങ്കിലും തയ്യാറായില്ലെന്ന് കുടുംബം പറയുന്നു. സിദ്ധാർത്ഥന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം കുടുംബത്തെ ഇക്കാര്യം അറിയിച്ചത്.
മകന്‍റെ മരണത്തില്‍ സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങളുമായി സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ജയപ്രകാശന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് അദ്ദേഹം ആരോപിച്ചു.എസ്‌എഫ്‌ഐയില്‍ ചേരാന്‍ വിസമ്മതിച്ചത് സിദ്ധാര്‍ഥനോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇന്നലെ പൊലീസില്‍ കീഴടങ്ങിയ എസ്‌എഫ്‌ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയൻ പ്രസിഡൻ്റ് കെ അരുണ്‍, യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാൻ എന്നിവരാണ് ഇന്നലെ രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇന്നലെ രാത്രി ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇയാളുടെ അറസ്റ്റും ഇന്നുണ്ടാകും. ഇതോടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പത്തുപേർ പൊലീസ് പിടിയിലായി. ഒളിവിലുള്ള ആറു പേർക്കായി തെരച്ചില്‍ തുടരുകയാണ്. പ്രതികള്‍ക്ക് എതിരെ മർദനം, തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിക്കല്‍, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക