യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിന്റെ കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ അഭിഭാഷകർക്കു വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ഇതുവരെ മുടക്കിയത് 96,34,261 രൂപ. അഭിഭാഷക ഫീസായി നൽകിയ 86.40 ലക്ഷവും ഇവർക്കു വിമാന യാത്രയ്ക്കും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനുമായി ചെലവഴിച്ച 6,64,961 രൂപയും ഉൾപ്പെടെയാണിത്. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഷുഹൈബിന്റെ അച്ഛൻ സി.പി.മുഹമ്മദ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എത്തിയപ്പോഴാണ് അതിനെ തടയാൻ സർക്കാർ ഖജനാവിലെ പണം വാരിക്കോരി നൽകിയത്. ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറലും സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസലും ഉള്ളപ്പോഴാണ് ഇതെല്ലാം.
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാരിനു വേണ്ടി വാദിക്കാൻ എത്തിയത് സംസ്ഥാനത്തിനു പുറത്തുള്ള മുതിർന്ന അഭിഭാഷകരാണ്. ഹൈക്കോടതിയിൽ സർക്കാരിനു വേണ്ടി ഹാജരായ വിജയ് ഹൻസാരിക്ക് നൽകിയത് 64.40 ലക്ഷം രൂപ. അമരീന്ദർ സിങ്ങിന് 22 ലക്ഷം രൂപ. സുപ്രീം കോടതിയിലും സർക്കാരിനു വേണ്ടി ഹാജരായതു വിജയ് ഹൻസാരിയും ജയദീപ് ഗുപ്തയുമായിരുന്നു.
കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വധിച്ച കേസിലും സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഇറക്കിയത് പുറത്തു നിന്നുള്ള അഭിഭാഷകരെ. പെരിയ കേസിൽ അഭിഭാഷകർക്കായി മൊത്തം ചെലവാക്കിയത് 1,14,83,132 രൂപ. ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകർക്ക് 88 ലക്ഷം രൂപ ഫീസ് നൽകി. 2,33,132 രൂപ വിമാനയാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനും. സുപ്രീം കോടതിയിൽ പെരിയ കേസിൽ സർക്കാരിനുവേണ്ടി ഹാജരായതിന് 24.50 ലക്ഷം രൂപ മനീന്ദർ സിങ്ങിനു നൽകി.
ഷുഹൈബ്, പെരിയ കേസുകളിൽ പ്രതികളായ സിപിഎമ്മുകാർക്കു വേണ്ടി സർക്കാർ ഖജനാവിൽ നിന്നു ചെലവഴിച്ചത് 2,11,17,393 (2.11 കോടി) രൂപയാണെന്നു മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ മാത്യു കുഴൽനാടനു രേഖാമൂലം മറുപടി നൽകിയത്. കഴിഞ്ഞ ഒൻപതിനു സഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി ഇന്നലെയാണു നിയമസഭാ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.