കേരളം എന്ന കൊച്ചു സംസ്ഥാനം അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ചില്ലറയല്ല. അധിക നികുതിഭാരത്തിലൂടെ ജനങ്ങളുടെ മേൽ വീണ്ടും വീണ്ടും ബാധ്യതകൾ സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. എന്നാൽ ജനങ്ങൾ ഈ ബാധ്യതകളൊക്കെ ചുമക്കുന്നത് തങ്ങൾക്ക് വേണ്ടി അല്ല എന്ന യാഥാർത്ഥ്യം വിശദമായ കണക്കുകളുടെ അടിസ്ഥാനത്തിൽ തുറന്ന് എഴുതുകയാണ് ദി പീപ്പിൾ എന്ന എൻ ജി ഒയുടെ സെക്രട്ടറി അഡ്വക്കേറ്റ് വി ടി പ്രദീപ്കുമാർ.

കേരളത്തിന്റെ കട ബാധ്യത രാജ്യത്തിന്റെ കട ബാധ്യതയുടെ മൂന്നിൽ ഒന്ന്; കേരളത്തിന്റെ കട ബാധ്യത ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെ ആകെ കടബാധ്യതയുടെ 80 %; മലയാളി അല്ലാത്ത ഒരു ഇന്ത്യക്കാരന്റെ കടം 1.16 ലക്ഷം, ഒരു മലയാളിയുടെ കടം 18 ലക്ഷം, ഞാൻ വെറുതെ ഒരു സുഖത്തിന് വേണ്ടി എഴുതുന്നതല്ല. 2022-23 സാമ്പത്തിക വർഷത്തിൽ വിവിധ നികുതികളായി മൂന്ന് ലക്ഷത്തോളം രൂപ സർക്കാറിലേക്ക് നൽകിയ ശേഷമാണ് ഞാൻ ഇത് എഴുതുന്നത്. ഞാൻ നൽകിയ നികുതി പണത്തിന്റെ മൂല്യത്തെ കുറിച്ചുളള ബോധ്യത്തിൽ നിന്നും വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ എന്റെ പഠന -ഗവേഷണത്തിൽ എനിക്ക് ശരിയെന്ന് തോന്നിയതുമാണ് ഞാൻ ഇവിടെ എഴുതുന്നത്. സംസ്ഥാന സർക്കാരിന്റെ കുത്തനെ ഉയരുന്ന കടബാധ്യതയെ കുറിച്ച് എഴുതിയപ്പോൾ സർക്കാർ ഗ്യാരണ്ടി നിന്ന വായ്പകൾ സർക്കാറിന്റെ ബാധ്യതയല്ലായെന്ന കമന്റുകൾക്കൊപ്പം ചിലർ സംഘിപട്ടവും ചാർത്തി തന്നിരുന്നു. അതിന് മറുപടി നൽകണമെങ്കിൽ വ്യക്തമായ വിവര ശേഖരണം ആവശ്യമായതിനാലാണ് രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെയും ബഡ്ജറ്റുകൾ അവതരിപ്പിക്കുന്നത് വരെ കാത്തിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടയിലാണ് കഴിഞ്ഞ ദിവസം റിസർവ്വ് ബേങ്കിന്റെ ഒരു ഉത്തരവ് വന്നത്. കൊൽക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷൻ കെ.ടി.ഡി.എഫ്.സി.യിൽ നിക്ഷേപിച്ച 170 കോടി രൂപയുടെ നിക്ഷേപം തിരികെ കിട്ടാതായതോടെ അവർ റിസർവ്വ് ബേങ്കിനെ സമീപിച്ചിരുന്നു. സർക്കാർ റിസർവ്വ് ബേങ്കിന്റെ മുന്നിൽ ഉന്നയിച്ചത് രണ്ട് വാദങ്ങളായിരുന്നു. ഒന്നാമത്തെ വാദം കെ.ടി.ഡി.എഫ്.സി. എന്ന ധനകാര്യ സ്ഥാപനം കെ.എസ്സ്.ആർ.ടി.സി യ്ക്ക് നൽകിയ വായ്പ കുടിശ്ശികയായത് കാരണമാണ് നിക്ഷേപം തിരികെ നൽകാൻ പറ്റാത്തത് എന്നും രണ്ടാമതായി ന്യായീകരണ തൊഴിലാളികൾ പറയുന്ന പോലെ കെ.ടി.ഡി.എഫ്.സി.യുടെ ബാധ്യതയ്ക്ക് സർക്കാറിന് ഒരു ഉത്തരവാദിത്വവും ഇല്ലായെന്നുമായിരുന്നു. എന്നാൽ സർക്കാറിന്റെ ഈ വാദം തള്ളിയാണ് സർക്കാർ ഗ്യാരണ്ടി ഉള്ളതുകൊണ്ട് കെ.ടി.ഡി.എഫ്.സി. നൽകാനുള്ള തുക നൽകാനുള്ള ഉത്തരവാദിത്വം സർക്കാറിനാണെന്ന് റിസർവ്വ് ബേങ്ക് ഉത്തരവ് ഇട്ടത്.

കരാറുകാരുടെ കുടിശ്ശിക നൽകാൻ ഗതിയില്ലാത്ത കിഫ്ബിയെടുത്ത 12061 കോടിയുടെയും, ഒരു രൂപയുടെയും വരുമാന മാർഗ്ഗമില്ലാത്ത സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പിനി വാങ്ങിയ 10706 കോടി രൂപയുടെയും , അന്ത്യശ്വാസം വലിക്കുന്ന കെ.എസ്സ്.ആർ.ടി.സി. എടുത്ത 304846 കോടിയുമെല്ലാം തിരിച്ചടയ്ക്കേണ്ട ഉത്തരവാദിത്വം സർക്കാറിന് തന്നെയാണെന്ന് കെ.ടി.ഡി.എഫ്.സി.ക്കെതിരായ ഉത്തരവിലൂടെ റിസർവ്വ് ബേങ്ക് ഒരിക്കൽ കൂടി അടിവരയിടുകയാണ്. അതായത് സർക്കാറിന്റെ കടം സർക്കാർ പറയുന്ന 3,70,342 കോടിയല്ല. 48,06,480 കോടി(370342+4436138 as per Table A 36 and Table A 38 of Kerala Budget) ആണെന്ന സത്യത്തെ ഒരു കാപ്സ്യൂൾ കൊണ്ടും മറച്ചുവെക്കാൻ കഴിയില്ല. അങ്ങനെ രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമായ കേരളത്തിന്റെ കടബാധ്യത കേട്ട് ആരും ഞെട്ടണ്ട. രാജ്യത്തിന്റെ മൊത്തം കട ബാധ്യതയുടെ മൂന്നിൽ ഒന്നിന് തുല്യമായ ബാധ്യതയാണ് സംസ്ഥാന സർക്കാരിനുള്ളത്.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ പബ്ലിക് ഡെബ്റ്റ് മാനേജ്മെന്റ് സെല്ലിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ നിലവിലെ ആസ്തി 46 ട്രില്യൻ ഇന്ത്യൻ രൂപയും 2023 മാർച്ച് 31 വരെയുള്ള കട ബാധ്യത 155.77 ലക്ഷം കോടി രൂപയുമാണ്. അതായത് ഓരോ ഇന്ത്യൻ പൗരനും ഇന്ന് 1.16 ലക്ഷം രൂപയുടെ കടക്കാരനാണ്. എന്നാൽ കേവലം 18991 കോടി രൂപയുടെ മാത്രം ആസ്തിയുള്ള കേരളത്തിന്റെ കട ബാധ്യത 48,06,480 കോടിയുമാണ്. മലയാളി അല്ലാത്ത ഓരോ ഇന്ത്യക്കാരന്റെയും ആളോഹരി കടബാധ്യത 1.16 ലക്ഷം രൂപയാണെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനിച്ചു പോയി എന്ന ഒറ്റ കാരണത്താൽ ഇന്ത്യക്കാരനായ ഓരോ മലയാളിയുടെയും ആളോഹരി ശരാശരി കടബാധ്യത 18 ലക്ഷം രൂപയാണ്.

കേന്ദ്രം കടം എടുക്കുന്നത് 28 സംസ്ഥാനങ്ങൾക്കും 8 കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് കൂടി വേണ്ടിയാണ്. കേന്ദ്രത്തിന്റെ 155.77 ലക്ഷം കോടി കടം അനുഭവിക്കുന്നത് കേരളം കൂടിയാണ്. സത്യം എഴുതുമ്പോൾ സംഘിയായി ചിത്രീകരിച്ചാലും കണക്കുകൾക്ക് സംഘിയാവാൻ കഴിയില്ല. കാരണം സംഘി കൂട്ടിയാലും കൊങ്ങി കൂട്ടിയാലും കമ്മി കൂട്ടിയാലും ആര് കൂട്ടിയാലും മൂന്നും രണ്ടും അഞ്ച് തന്നെയായിരിക്കും. സംസ്ഥാനത്ത് നിന്ന് കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയിലെ സംസ്ഥാന വിഹിതം കൂടാതെ 30510 കോടി രൂപ ഗ്രാന്റ് ആയും 11167 കോടി കടമായും കഴിഞ്ഞ വർഷം കേരളത്തിന് ലഭിച്ചത് കേന്ദ്രം വാങ്ങിച്ച 155.77 ലക്ഷം കോടിയിൽ നിന്നാണ്. ഇതിൽ മുൻ വർഷങ്ങളിൽ കേന്ദ്രത്തിൽ നിന്ന് വാങ്ങിച്ച വായ്പയുടെ കണക്കുകൾ കൂടി പരിശോധിച്ചാൽ 155.77 ലക്ഷം കോടിയിൽ കേരളത്തിന്റെ കയ്യിൽ എത്രയുണ്ടെന്നറിയാം. കേന്ദ്രം വാങ്ങിക്കുന്ന കടം രാജ്യത്തിന് പുറത്തല്ല ചിലവഴിക്കുന്നത്. കേരളം കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കട ബാധ്യതയുള്ള സംസ്ഥാനം യു.പി.യാണ്. 6,24,040 കോടി രൂപ. കേരളം ഒഴികെയുള്ള 27 സംസ്ഥാനങ്ങളുടെ ആകെ കട ബാധ്യത 60,46,651 കോടി മാത്രമാണ്. എന്നാൽ രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമായ കേരളത്തിന്റെ കടം മറ്റ് 27 സംസ്ഥാനങ്ങളും വാങ്ങിച്ച കടത്തിന്റെ 80 % വരും. കേവലം 3.5 കോടി ജനം മാത്രമുള്ള ഒരു സംസ്ഥാനത്തിന്റെ കടത്തിന്റെ കണക്കാണിത്.

ബഡ്ജറ്റിന് പുറമെ കടമെടുക്കുന്ന സംവിധാനത്തിലൂടെയാണ് ഇത്രയും ഭീമമായ കട ബാധ്യതയിലേക്ക് സംസ്ഥാനം എത്തിയത്. 2016 ൽ എൽ.ഡി.എഫ്. അധികാരത്തിൽ വരുമ്പോൾ സർക്കാർ ഗ്യാരണ്ടിയിൽ വാങ്ങിച്ച കടം 11126 കോടി മാത്രമായിരുന്നുവെങ്കിൽ 2023 ൽ ഇത് റോക്കറ്റ് വേഗതയിൽ 44,36,138 കോടിയിലേക്കാണ് ഉയർന്നത്*. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ ഗ്യാരണ്ടി ആക്ട് പ്രകാരം കടമെടുത്ത സംസ്ഥാനങ്ങളിൽ കേരളം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ളത് കർണാടകയാണ്. കേവലം 3427 കോടി. അതും ലാഭത്തിൽ പ്രവർത്തിച്ച് വരുമാനം ഉണ്ടാക്കുന്ന ഒരു സോളാർ വൈദ്യുതി കമ്പിനിക്ക് വേണ്ടി. ഇവിടുത്തെ സർക്കാർ ജീവനക്കാരും രാഷ്ട്രീയ തൊഴിലാളികളുമായ 3% ജനങ്ങൾക്ക് ഏത് പെട്ടിയിൽ നിന്നാണോ സർക്കാർ ശമ്പളവും പെൻഷനും എടുത്ത് കൊടുക്കുന്നത് ആ പെട്ടിയിൽ നിന്ന് തന്നെ വേണം ബാക്കി 97 % ജനങ്ങളുടെയും ആവശ്യങ്ങൾക്കുള്ള പണവും എടുത്ത് കൊടുക്കേണ്ടത്. അതിന് പകരം അവരെ രണ്ടാം കിട പൗരന്മാരായി ബഡ്ജറ്റിന്റെ പരിധിയിൽ നിന്ന് മാറ്റി നിർത്തുന്നു. 97% ജനങ്ങളെ സർക്കാറിന് കീഴിൽ നിർത്തുന്നതിന് പകരം വിവിധ വിഭാഗങ്ങളായി വേർതിരിച്ച് കോർപ്പറേഷനുകൾക്കും കമ്പിനികൾക്കും ബോർഡുകൾക്കും വീതം വെച്ച് നൽകിയിരിക്കുകയാണ്. പിന്നോക്ക വിഭാഗങ്ങളെ പിന്നോക്ക വിഭാഗ കോർപ്പറേഷന് കീഴിലും മുന്നോക്ക വിഭാഗത്തെ മുന്നോക്ക വിഭാഗ കോർപ്പറേഷന് കീഴിലും വനിതകളെ വനിത വികസന കോർപ്പറേഷനു കീഴിലും മത്സ്യതൊഴിലാളികളെ മത്സ്യഫെഡിന് കീഴിലും ഇങ്ങനെ ജനങ്ങളെ വിവിധ വിഭാഗമായി വിഭജിച്ച് നൽകിയിരിക്കുകയാണ്. ഇതിൽ പലതും സ്വകാര്യ കമ്പിനികളാണെന്ന വസ്തുത പോലും പാവം ജനങ്ങൾ അറിയുന്നില്ല.

ബഡ്ജറ്റ് വഴി പണം അനുവദിക്കുന്നതിന് പകരം ഓരോ വിഭാഗം ജനങ്ങളുടെയും ആവശ്യത്തിന് അതാത് കോർപ്പറേഷന്റെയോ, ബോർഡിന്റെയോ, കമ്പിനിയുടെയോ പേരിൽ സർക്കാർ കടം വാങ്ങിപ്പിക്കുന്നു. പണത്തിന്റെ ആവശ്യം വരുമ്പോൾ ഇങ്ങനെ ഓരോ രഹസ്യ കാമുകന്മാരെ കണ്ടെത്തി അവരിലൂടെ ഉണ്ടാവുന്ന ബാധ്യതയും ഇന്ന് കുടുംബത്തിന്റെ തലയിലാണ്. ഈ രഹസ്യ ബാന്ധവം അവസാനിപ്പിക്കാത്ത കാലത്തോളം കേരളത്തെ ആർക്കും രക്ഷപ്പെടുത്താൻ കഴിയില്ല. ഏത് ദൈവം തമ്പുരാൻ വന്നാലും ഈ നാട് രക്ഷപ്പെടില്ല. രക്ഷപ്പെടുത്താൻ കഴിയുകയുമില്ല. ഇതറിയാവുന്നവർ അവരുടെ വരും തലമുറകൾക്ക് കൂടി വേണ്ടത് സ്വദേശത്തും വിദേശത്തുമായി സമ്പാദിച്ചിട്ടുണ്ട്. അവർക്ക് വേണ്ടി ജയ് വിളിക്കാം. തയ്യാറാക്കിയത്.അഡ്വ.വി.ടി. പ്രദീപ് കുമാർ , സെക്രട്ടറി, ദി പീപ്പിൾ, 9947243655 https://www.facebook.com/thepeoplekerala/posts/1365875293981270

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക