തൃശൂര്‍ ആസ്ഥാനമായ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചെയര്‍മാനെ ലഭിച്ചു. നിലവില്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായ കെ എന്‍ മധുസൂദനനെ മൂന്ന് വര്‍ഷക്കാലാവധിയില്‍ ഇടക്കാല ചെയര്‍മാനായി നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി. നിയമനം ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു.

സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാലിന്റെ ജ്യേഷ്ഠ സഹോദരനാണ് കലഞ്ഞൂര്‍ മധു എന്ന് അറിയപ്പെടുന്ന കെ എന്‍ മധുസൂദനൻ. മുൻ പ്ലാനിംഗ് ബോര്‍ഡംഗം കെ എൻ ഹരിലാല്‍ മറ്റൊരു സഹോദരനാണ്. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022 നവംബര്‍ 9നാണ് കെ എന്‍ മധുസൂദനന്‍ ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായത്. മാവനാല്‍ ഗ്രാനൈറ്റ്‌സിന്റെ പ്രമോട്ടറും മാനേജിംഗ് ഡയറക്ടറുമായ മധുസൂദനന് ധനലക്ഷ്മി ബാങ്കില്‍ 0.19 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന് ബാങ്കിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. മാവനാല്‍ ഗ്രാനൈറ്റ്‌സിന് 0.17 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. വിവിധ ബിസിനസുകളില്‍ പങ്കാളിയായ മധുസൂദനന്‍ വജ്ര സാന്‍ഡ് ആന്‍ഡ് ഗ്രാനൈറ്റ് മൈനിംഗ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, മാവനാല്‍ ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയും മാനേജിംഗ് ഡയറക്ടറാണ്.

കൂടാതെ കെഎന്‍എം പ്ലാന്റേഷന്‍സ്, കെഎന്‍എം ഫാംസ് എന്നിവയുടെ ഡെസിഗ്നേറ്റഡ് പാര്‍ട്ണറുമാണ്. 26 വര്‍ഷത്തിലേറെയായി നായര്‍ സര്‍വീസ് സൊസൈറ്റി (എൻഎസ്‌എസ്) ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്നു. ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരുമായുള്ള ഭിന്നതകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പകരം കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക