നവ കേരള സദസ്സ് പാലായിൽ എത്തിയപ്പോൾ ഏറ്റവും വലിയ വാർത്തയായത് സ്വാഗത പ്രസംഗം നടത്തിയ തോമസ് ചാഴികാടൻ എംപിയെ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുവേദിയിൽ അവഹേളിച്ചതാണ്. കേരള കോൺഗ്രസ് പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും ഇത് വലിയ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അപമാനിതരായി ഇടതുമുന്നണിയിൽ തുടരുന്നതിന് ഭൂരിപക്ഷം നേതാക്കളും പ്രവർത്തകരും എതിർക്കുകയാണ്.

പാലായിലെ നേതാക്കളെ സംബന്ധിച്ച് ഇത് ഇരട്ട പ്രഹരമാണ്. നഗരസഭയിൽ ഉൾപ്പെടെ കേരള കോൺഗ്രസും, സിപിഎമ്മും വിരുദ്ധ ചേരികളിൽ ആണ് നിൽക്കുന്നത്. കേരള കോൺഗ്രസിന് അവർ ആഗ്രഹിക്കുന്ന പ്രാമുഖ്യം സിപിഎം നൽകുന്നില്ല. സിപിഎം പ്രതിനിധിയായ നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെ തങ്ങളുടെ പക്ഷത്ത് നിർത്തി സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ഉള്ള നീക്കങ്ങളാണ് കേരള കോൺഗ്രസ് നടത്തുന്നത്. സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ആയ ബിനു പുളിക്കകണ്ടത്തിനെതിരെ പലവട്ടം പാർട്ടിയിൽ പരാതിപ്പെട്ടിട്ടും, ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവരെ കൊണ്ട് പാർട്ടിക്കുള്ളിൽ നീക്കങ്ങൾ നടത്തിയിട്ടും പാർട്ടിയുടെ പിന്തുണ ബിനുവിന് തന്നെയാണ്. മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തോടുകൂടി മുഖ്യമന്ത്രിയുടെ മേൽ ജോസ് കെ മാണിക്ക് വലിയ സ്വാധീനവും സമ്മർദശക്തിയും ഉണ്ട് എന്നുള്ള കേരള കോൺഗ്രസ് വാദവും പൊളിഞ്ഞിരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ പ്രവർത്തകരുടെ വികാരവും നേതാക്കളുടെ വികാരവും കണക്കിലെടുക്കാതെയാണ് ഇപ്പോഴും കരുക്കൾ നീക്കുന്നത്. സിറ്റിംഗ് എംപി തോമസ് ചാഴികാടനെ ഒഴിവാക്കി ജോസ് കെ മാണി തന്നെ കോട്ടയത്ത് മത്സരിക്കണം എന്ന് സിപിഎമ്മിന് താല്പര്യമുണ്ട്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഒട്ടും സുരക്ഷിതമല്ലാത്ത കോട്ടയം സീറ്റിൽ മത്സരിക്കാൻ ജോസ് മാണിക്ക് താല്പര്യമില്ല.

അതുകൊണ്ടുതന്നെ ചാഴികാടനെ ഇനി ഒരിക്കലും മാറ്റാനാവില്ല എന്ന നിലപാട് കൈക്കൊണ്ടുകൊണ്ട്, തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവച്ച് ജൂണിൽ അവസാനിക്കുന്ന തൻറെ രാജ്യസഭാ ടേമിന് ഒരു തുടരവസരം നേടിയെടുക്കാൻ ആണ് ജോസ് കെ മാണി ശ്രമിക്കുന്നത് എന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രവർത്തക വികാരം മാനിച്ച് ഒരു പ്രസ്താവന പോലും ഇദ്ദേഹം ഇറക്കാത്തത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഇടതുമുന്നണിയും തിരിച്ചടിയേറ്റാൽ ആ അവസരത്തിൽ വിലപേശൽ നടത്തി രാജ്യസഭയിൽ തുടരവസരം നേടിയെടുക്കാം എന്ന കണക്കുകൂട്ടലാണ് ജോസ് കെ മാണിക്കുള്ളത്.

എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ പരസ്യ പൊട്ടിത്തെറികൾ തന്നെ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. പാർട്ടിയുടെ 20 അംഗ ഉന്നത അധികാര സമിതിയിലെ മുതിർന്ന പ്രതിനിധിയായ പി എം മാത്യു എക്സ് എംഎൽഎ തന്നെ ജോസ് കെ മാണി പ്രവർത്തകരുടെ ആത്മവിശ്വാസവും അഭിമാനവും സംരക്ഷിക്കുന്നില്ല എന്ന് തുറന്നടിച്ചു രംഗത്തെത്തി. കെഎം മാണി ഉണ്ടായിരുന്നെങ്കിൽ ഇത്തരം ഒരു സാഹചര്യം ഒരിക്കലും ഉണ്ടാവില്ല ആയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുംദിവസങ്ങളിലും പൊട്ടിത്തെറികൾ രൂക്ഷമാകാനാണ് സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക