സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ച നടപടിയെ ചൊല്ലി കോണ്‍ഗ്രസ് – ലീഗ് നേതാക്കള്‍ തമ്മില്‍ വാക്പോര്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് വിഷയത്തില്‍ തുറന്ന പ്രതികരണവുമായി ലീഗ് നേതാക്കളും രംഗത്തെത്തിയത്. സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രസ്താവനയാണ് ചര്‍ച്ചകളുടെ തുടക്കം. പിന്നാലെ ലീഗിന്റെ മുന്നണി മാറ്റത്തിലേക്ക് ചര്‍ച്ച തിരിയുകയായിരുന്നു.

ലീഗിന്റെ മുന്നണി മാറ്റം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞായിരുന്നു കെ സുധാകരന്‍ വിവാദത്തിന് തുടക്കമിട്ടത്. ”ലീഗിന് അത്തരം ഒരു താത്പര്യം ഉണ്ടോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍ അപ്പോള്‍ ആലോചിക്കാം. വരുന്ന ജന്‍മത്തില്‍ പട്ടിയാകും എന്നുവച്ച്‌ ഇപ്പോള്‍ തന്നെ കുരയ്ക്കാന്‍ പറ്റുമോ.” എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. ”യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ സിപിഎം നടത്തുന്ന തൊരപ്പന്‍ പണിയുടെ ഭാഗമാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കുള്ള ക്ഷണം” എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യത്തെ കുറിച്ച്‌ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം രൂക്ഷമായ ഭാഷയിലായിരുന്നു സുധാകരനെതിരെ പ്രതികരിച്ചത്. ”മൃഗങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നില്ല. ഏത് മനുഷ്യനായാലും വാക്കുകള്‍ ശ്രദ്ധിച്ച്‌ ഉപയോഗിക്കണം. പ്രത്യേകിച്ച്‌ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍. കുറേ തവണ പറഞ്ഞിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് സുധാകരന്റെ പരാമര്‍ശം എന്നത് കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം പരിശോധിക്കേണ്ടതുണ്ട് ” പിഎംഎ സലാം വ്യക്തമാക്കി.

സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി കെ സുധാകരന്‍ വീണ്ടും രംഗത്തെത്തി. പറഞ്ഞത് ലീഗിനെ കുറിച്ചല്ലെന്നായിരുന്നു സുധാകരന്റെ മയപ്പെടുത്തല്‍. ലീഗ് നേതാക്കളെ ഫോണില്‍ വിളിച്ച്‌ പരാമര്‍ശം വിശദീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. പി കെ കുഞ്ഞാലിക്കുട്ടിയുമായും കെ സുധാകരന്‍ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലീഗിനെ പുകഴ്ത്തി സിപിഎം നേതാവ് എകെ ബാലന്‍ നടത്തിയ പരാമര്‍ശമാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെ മുന്നണിമാറ്റ ചര്‍ച്ച എന്ന നിലയിലേക്ക് തിരിച്ചത്. മുസ്ലീം ലീഗ് കോണ്‍ഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്നായിരുന്നു മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എ കെ ബാലന്റെ പ്രതികരണം. ‘മുസ്ലിം ലീഗ് എന്നത് കോണ്‍ഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ല. ശക്തമായ രാഷ്ട്രീയ തീരുമാനം അവര്‍ എടുത്തുകഴിഞ്ഞു. യഥാര്‍ഥത്തില്‍ ഏകീകൃത സിവില്‍ കോഡില്‍ തന്നെ കോണ്‍ഗ്രസിന്റെ നിലപാടിനോട് അവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസെടുക്കുന്ന നിലപാടിനോട് പരിപൂര്‍ണമായി യോജിക്കാനാവാത്ത സാഹചര്യം മുസ്ലീം ലീഗിന് വന്നു ചേര്‍ന്നുവെന്നുള്ളത് രാഷ്ട്രീയമായി ഏറ്റവും പ്രാധാന്യമുള്ളൊരു വിഷയമാണ്,’ എന്നും എകെ ബാലന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക