കൊല്ലത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുനഃസംഘടനാ പ്രതിഷേധം തെരുവിലേക്ക്. കരുനാഗപ്പള്ളി യുഡിഎഫ് പദയാത്രയില്‍ കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചു. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിലാണ് കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതില്‍ കരുനാഗപ്പള്ളിയില്‍ നിലനില്‍ക്കുന്ന പ്രതിഷേധം ഇതോടെ തെരുവിലെ കയ്യാങ്കളിയിലെത്തി. യുഡിഎഫ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ചെയര്‍മാൻ ആര്‍ ദേവരാജൻ, മണ്ഡലം പ്രസിഡൻ്റ് ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്.

പദയാത്ര ആലുംകടവില്‍ എത്തുന്നതിന് മുൻപുതന്നെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. ജാഥ എത്തിയതോടെ ഇരുചേരികളായി പോര്‍വിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയില്‍ എത്തിയ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതോടെ നാലുഭാഗത്തേക്കും ചിതറി ഓടി. കെ സി വേണുഗോപാല്‍ പക്ഷത്തെ കപ്പത്തൂര്‍ റോയി, അനില്‍ കാരമൂട്ടില്‍ തുടങ്ങിയവര്‍ ഒരുപക്ഷത്തും മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന ജയകുമാര്‍, അമ്ബിളി തുടങ്ങിയവര്‍ എതിര്‍പക്ഷത്തും അണിനിരന്ന് പരസ്പരം വാക്കുതര്‍ക്കവും കയ്യാങ്കളിയിലും എത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രവര്‍ത്തകര്‍ ഇരുപക്ഷത്തെയും പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും തന്നെ ജാതി പറഞ്ഞ് ആക്ഷേപിച്ചതായി ജയകുമാര്‍ കപ്പത്തൂര്‍ റോയിക്കെതിരെ ആക്ഷേപം ഉന്നയിച്ചു പാഞ്ഞടുത്തു. നിൻ്റെ രാഷ്ട്രീയ ഭാവി ഇതോടെ അവസാനിച്ചു എന്ന് റോയിയും തിരിച്ചടിച്ചു. തുടര്‍ന്ന് ഇവര്‍ കെ സി വേണുഗോപാലിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചാണ് പിരിഞ്ഞുപോയത്. ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകര്‍ ഇരുപക്ഷത്തെയും പിടിച്ചു മാറ്റിയത്. ജാഥാ സ്വീകരണം പൊളിഞ്ഞതോടെ പദയാത്ര അവസാനിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക