തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തില്‍ ആദ്യ കപ്പല്‍ വന്നതിന്റെ ഉദ്ഘാടന മാമാങ്കം സംസ്ഥാന സര്‍ക്കാര്‍ ഗംഭീരമാക്കിയെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിനടക്കം സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്ന് രേഖകള്‍. വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീ പോര്‍ട്ട് ലിമിറ്റഡ് ആവശ്യപ്പെട്ട 338.61 കോടി രൂപയില്‍ സര്‍ക്കാര്‍ അനുവദിച്ചത് 16.25 കോടിരൂപ മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 28നാണ് തുറമുഖത്തിന്റെ എംഡി സര്‍ക്കാരിന് കത്തു നല്‍കിയത്.

അനുവദിച്ച തുക അപര്യാപ്തമാണെന്ന് തുറമുഖ അധികൃതര്‍ പറയുന്നു.എന്നാല്‍ വിഴിഞ്ഞത് ആദ്യ കപ്പല്‍ വന്നതിന്റെ ഉദ്ഘാടനത്തിനായി സര്‍ക്കാര്‍ ചെലവാക്കിയത് 67.55 ലക്ഷം രൂപയാണ്. തുറമുഖത്തിന്റെ ചുറ്റുമതില്‍ കെട്ടുന്നതിന് ഒരു കോടിയും, പദ്ധതിയുമായി ബന്ധപ്പെട്ട പഠനത്തിന് 50 ലക്ഷവും സീ ഫുഡ് പാര്‍ക്കിന്റെ ഡിപിആര്‍ തയാറാക്കുന്നതിന് 2 കോടിയും, ഭരണപരമായ ചെലവുകള്‍ക്കും സേവനങ്ങള്‍ക്കുള്ള പ്രതിഫലമായും 6 കോടി രൂപയും ആര്‍ബിട്രേഷൻ ഫീസായി 5 കോടി രൂപയും, വെബ്‌സൈറ്റിനായി 25 ലക്ഷവും, പിആര്‍ സെല്ലിനായി 1.50 കോടി രൂപയുമാണ് അനുവദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ മാസം 13 ന് ഫിഷറിസ്, തുറമുഖ വകുപ്പില്‍ നിന്നിറങ്ങിയ ഉത്തരവ് പ്രകാരം 16.25 കോടിയാണ് വിഴിഞ്ഞത്തിന് സര്‍ക്കാര്‍ അനുവദിച്ചത്. 338.61 കോടി രൂപ അനുവദിക്കണമെന്നായിരുന്നു വിഴിഞ്ഞം പദ്ധതി എം ഡി യുടെ ആവശ്യം. ഈ സ്ഥാനത്താണ് 16.25 കോടി മാത്രം സര്‍ക്കാര്‍ അനുവദിച്ചതെന്നാണ് രേഖകള്‍. വിഴിഞ്ഞം ഉദ്ഘാടത്തിന് രണ്ട് ദിവസം മുൻപ് മാത്രമാണ് ധനവകുപ്പ് 16.25 കോടി അനുവദിച്ചത്. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 360 കോടി 2023-24 ലെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും 2023 സെപ്റ്റംബറിന് മുൻപ് 338. 61 കോടി അനുവദിക്കണമെന്നായിരുന്നു എം.ഡി. കത്ത് മുഖേന ആവശ്യപ്പെട്ടത്.

കത്ത് പരിശോധിച്ച ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി തലവനായ ഉന്നതതല കമ്മറ്റി 16.25 കോടി അനുവദിക്കാമെന്ന് ജൂണില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, പണം അനുവദിക്കാൻ വീണ്ടും നാല് മാസം എടുത്തു. പണം കൈമാറിയതാകട്ടെ ഉദ്ഘാടന മാമാങ്കത്തിന് രണ്ട് ദിവസം മുമ്ബ് മാത്രം. 16.25 കോടി വിഴിഞ്ഞത്തിന് ലഭിക്കാൻ അന്നത്തെ എംഡി അദീല അബ്ദുള്ളയ്ക്ക് ആറു മാസം സെക്രട്ടേറിയേറ്റില്‍ കയറി ഇറങ്ങേണ്ടി വന്നു എന്ന് ഉത്തരവില്‍ നിന്ന് വ്യക്തം.

അതേസമയം വിഴിഞ്ഞത് ആദ്യ കപ്പല്‍ വന്നതിന്റെ ഉദ്ഘാടനത്തിനായി മാത്രം സര്‍ക്കാര്‍ ചെലവാക്കിയത് 67.55 ലക്ഷം രൂപയാണ്. സംസ്ഥാനത്തിന് സാമ്ബത്തിക നേട്ടം ഭാവിയിലുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന വലിയൊരു നിക്ഷേപ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. അവിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യപ്പെട്ട പണം നല്‍കാൻ സര്‍ക്കാര്‍ മടിക്കുമ്ബോഴും കേരളീയം പരിപാടിക്ക് 27.12 കോടി ധനവകുപ്പ് അനുവദിച്ചു. വിഴിഞ്ഞത്തിന് വേണ്ടി 16.25 കോടി അനുവദിച്ച സമയത്താണിത്.

4000 കോടി രൂപയാണ് തുറമുഖത്തിനായി അദാനി ഗ്രൂപ്പ് ഇതുവരെ നിക്ഷേപിച്ചത്. 405 കോടി രൂപയാണ് കരാറിന്റെ ഭാഗമായി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയത്. വയബിലിറ്റി ഗ്യാപ് ഫണ്ടിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 818 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ 418 കോടി രൂപയും ഇനിയും നല്‍കാനുണ്ട്. ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണത്തിനായി ഗ്രൂപ്പ് 1500 കോടി രൂപ ചെലവഴിച്ചു. ആയിരം കോടി രൂപ അതിനായി ലഭിക്കാനുള്ളപ്പോഴാണ് 405 കോടി നല്‍കിയത്. 818 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക