ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മനോരമ ന്യൂസ് നടത്തിയ സർവ്വേ ഫലം പുറത്തു വിട്ടു തുടങ്ങി. ആദ്യദിവസം ഏഴു മണ്ഡലങ്ങളുടെ ഫലം ആണ് പുറത്ത് വിട്ടത്. തൃശ്ശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ, കാസർകോഡ്, വയനാട്, കണ്ണൂർ കൊല്ലം മണ്ഡലങ്ങളുടെ ഫലമാണ് ഇന്ന് പുറത്തുവിട്ടത് വിശദമായ ഫലങ്ങൾ ചുവടെ വായിക്കാം.

ശക്തമായ ത്രികോണ മത്സരത്തിലൂടെ സംസ്ഥാനശ്രദ്ധ മാത്രമല്ല ദേശീയ ശ്രദ്ധ ആകർഷിച്ച മണ്ഡലമാണ് തൃശ്ശൂർ. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ഏറ്റവും അധികം പ്രതീക്ഷ വച്ചു പുലർത്തുന്നത് തൃശ്ശൂരിലൂടെയാണ്. മണ്ഡലം നിലനിർത്തുവാൻ കെ കരുണാകരന്റെ പുത്രൻ കെ മുരളീധരനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. സിപിഐയുടെ ജനകീയ മുഖമായ മുൻ മന്ത്രി വിഎസ് സുനിൽകുമാർ ഇടതു സ്ഥാനാർഥിയും കൂടി ആകുമ്പോൾ തൃശ്ശൂർ സംസ്ഥാനത്തെ ഏറ്റവും കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ്. തൃശ്ശൂരിൽ 36.5% വോട്ടു നേടി കെ മുരളീധരൻ വിജയിക്കുമെന്നാണ് മനോരമ ന്യൂസ് സർവ്വേ ഫലം. 30% വോട്ട് നേടി സുരേഷ് ഗോപിയും സുനിൽകുമാറും രണ്ടാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് മത്സരിക്കുമ്പോൾ സുരേഷ് ഗോപിക്ക് നേരിയ മുൻതൂക്കവും മനോരമ സർവ്വേ പ്രവചിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് തൃശൂർ കഴിഞ്ഞാൽ ഏറ്റവും അധികം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലം തിരുവനന്തപുരം ആണ്. ഇവിടെ ശശി തരൂരും, രാജീവ് ചന്ദ്രശേഖറും പന്ന്യൻ രവീന്ദ്രനും മത്സരിക്കുമ്പോൾ തീപാറുന്ന ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടത്തുന്നത്. എന്നാൽ മനോരമ സർവ്വേ ഫലം പ്രകാരം ശശി തരൂർ വൻവിജയം നേടുമെന്നാണ് പ്രവചനം. 40% വോട്ട് ശശി തരൂർ നേടുമ്പോൾ, 29% വോട്ടുമായി രാജീവ് ചന്ദ്രശേഖർ രണ്ടാം സ്ഥാനത്തും, 28 ശതമാനം വോട്ടുമായി പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തും എത്തുമെന്നാണ് മനോരമയുടെ കണ്ടെത്തൽ.

തൃശ്ശൂരും തിരുവനന്തപുരവും കഴിഞ്ഞാൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം ആറ്റിങ്ങൽ ആണ്. യുഡിഎഫിന് വേണ്ടി സിറ്റിംഗ് എംപി അടൂർ പ്രകാശും, എൽഡിഎഫിന് വേണ്ടി എംഎൽഎ വി ജോയിയും, എൻഡിഎയ്ക്കു വേണ്ടി കേന്ദ്രമന്ത്രി വി മുരളീധരനുമാണ് മത്സരിക്കുന്നത്. ഇവിടെ ആര് വിജയിക്കും എന്ന കാര്യത്തിൽ ഫലപ്രവചനം അസാധ്യമാണെന്നാണ് മനോരമ സർവേ കണ്ടെത്തുന്നത്. 35% വീതം വോട്ട് നേടി ഇടതു വലതും മുന്നണികൾ ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ 28 ശതമാനം വോട്ട് നേടി വി മുരളീധരനും കരുത്തു തെളിയിക്കും എന്നാണ് സർവ്വേ ഫലം കണ്ടെത്തുന്നത്.

കേരളം ഉറ്റുനോൽക്കുന്ന മറ്റൊരു മണ്ഡലം കണ്ണൂർ ആണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും, സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജനും ആണ് ഇവിടെ ഏറ്റുമുട്ടുന്നത്. തീപാറുന്ന പോരാട്ടമാണ് കണ്ണൂരിൽ നടക്കുന്നതെന്ന് എല്ലാ രാഷ്ട്രീയ നിരീക്ഷകരും ഒരേ സ്വരത്തിൽ പറയുന്നു. 43 ശതമാനം വോട്ടുകൾ വീതം നേടി കെ സുധാകരനും എം.വി ജയരാജനും തുല്യത പാലിക്കുന്നതിനാൽ കണ്ണൂരിൽ ഫലപ്രഖ്യാപനം അസാധ്യമാണെന്നാണ് സർവ്വേ വിലയിരുത്തുന്നത്. എന്നാൽ കണ്ണൂരിൽ ബിജെപി 5% ത്തോളം വോട്ട് വർദ്ധിപ്പിക്കുമെന്ന് സർവ്വേ ഫലം വ്യക്തമാക്കുന്നു.

കാസർകോട് മണ്ഡലത്തിലേക്ക് എത്തുമ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ എന്ന സ്ഥാനാർത്ഥി വിജയം ആവർത്തിക്കുന്നു എന്ന ആകാംക്ഷയാണ് ഏറ്റവും അധികം ഉയരുന്നത്. ജില്ലാ സെക്രട്ടറിയെ രംഗത്തിറക്കിയാണ് സിപിഎം ഇവിടെ മണ്ഡലം തിരികെ പിടിക്കാൻ ശ്രമിക്കുന്നത്. എന്നാൽ രാജ്മോഹൻ ഉണ്ണിത്താൻ യുഡിഎഫിന് വേണ്ടി വമ്പൻ വിജയം കൈവരിക്കുമെന്നാണ് മനോരമ സർവ്വേ ഫലം വ്യക്തമാക്കുന്നത്. 43% വോട്ട് നേടി ഉണ്ണിത്താൻ മുന്നിലെത്തുമ്പോൾ എൽഡിഎഫിന് 33 ശതമാനവും എൻഡിഎയ്ക്ക് 22 ശതമാനവും വോട്ട് വിഹിതമാണ് സർവ്വേ പ്രവചിക്കുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച എംപിമാരിൽ ഒരാളായി കണക്കാക്കുന്ന വ്യക്തിയാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ. പ്രേമചന്ദ്രനെ കൊല്ലത്ത് പരാജയപ്പെടുത്താൻ സാധിക്കാത്തത് പത്തുവർഷമായി മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ നിരാശ സമ്മാനിച്ച ഒരു വിഷയമാണ്. സിറ്റിംഗ് എംഎൽഎയും സിനിമാതാരവുമായ മുകേഷിന് രംഗത്തിറക്കിയാണ് ഇവിടെ ഇടതുമുന്നണി കൊല്ലം തിരികെ നേടാൻ ശ്രമിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും പ്രകടനം കാഴ്ചവച്ച നടൻ കൃഷ്ണകുമാറിനെയാണ് ബിജെപി കൊല്ലത്ത് രംഗത്തിറക്കിയിരിക്കുന്നത്. ഭൂരിപക്ഷം അല്പം കുറയുമെങ്കിലും 46 ശതമാനത്തിലധികം വോട്ട് നേടി പ്രേമചന്ദ്രൻ വിജയം ഉറപ്പിക്കും എന്നും 38 ശതമാനം വോട്ട് നേടി മുകേഷ് രണ്ടാം സ്ഥാനത്ത് എത്തുമെന്നും മനോരമ സർവ്വേ ഫലം വ്യക്തമാക്കുന്നു. നടൻ കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ബിജെപി നാല് ശതമാനത്തോളം വോട്ട് മണ്ഡലത്തിൽ വർദ്ധിപ്പിക്കുമെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു.

അവസാനമായി ഇന്ന് പുറത്ത് വിട്ടിരിക്കുന്ന ഫലം വയനാട് മണ്ഡലത്തിലേതാണ്. രാഹുൽഗാന്ധി മത്സരിക്കുന്നതുകൊണ്ടുതന്നെ ഇവിടെ വിജയി ആര് എന്നത് പ്രവചിക്കേണ്ട കാര്യമില്ല. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയുമോ കൂടുമോ എന്നതാണ് വയനാട്ടിലെ വിഷയം. ബിജെപി ഇവിടെ എത്ര വോട്ട് നേടും എന്നതും പ്രസക്തമായ വിഷയമാണ്. കഴിഞ്ഞതവണ ഇവിടെ ബിജെപി സ്ഥാനാർഥിയല്ല എൻഡിഎ മുന്നണിയുടെ ഭാഗമായി ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയാണ് മത്സരിച്ചത്. കഴിഞ്ഞതവണ നാലു ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് രാഹുൽ ഗാന്ധി ഇവിടെ വിജയിച്ചത്. 62.5 ശതമാനം വോട്ട് നേടി രാഹുൽ ഗാന്ധി റെക്കോർഡ് വിജയം ആവർത്തിക്കും എന്നാണ് മനോരമ ന്യൂസ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. 25% ശതമാനത്തോളം വോട്ട് നേടി ആനിരാജ രണ്ടാം സ്ഥാനത്ത് എത്തുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 11 ശതമാനത്തിലധികം വോട്ട് നേടി എൻഡിഎയുടെ വോട്ട് വിഹിതം വർദ്ധിപ്പിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക