യാത്രാ സംവിധാനങ്ങളെയും രീതികളേയുമെല്ലാം പൊളിച്ചെഴുതാൻ പോവുന്ന പറക്കും കാറുകള്‍ വരുന്നുവെന്ന് കേള്‍ക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായല്ലേ. എത്രയും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താനാവുമോ അതാവും ഏതൊരു യാത്രക്കാരന്റെയും പ്രധാന ആവശ്യം. അതിനാല്‍ ഇത്തരത്തിലുള്ള വലിയ കണ്ടുപിടുത്തങ്ങളൊക്കെ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നിലവില്‍ വിമാനങ്ങളേക്കാള്‍ വേഗത്തില്‍ എത്താനാവുന്ന യാത്രാ മാര്‍ഗങ്ങളൊന്നും ഇല്ലെന്നു വേണം പറയാൻ.

എന്നാല്‍ മനുഷ്യരുടെ ഗതാഗതത്തിന്റെ പുതിയ യുഗത്തിന് തുടക്കമിടുമെന്ന് അവകാശപ്പെടുന്ന ഹൈപ്പര്‍ ലൂപ്പ് നിര്‍മിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം ഐഐടി മദ്രാസ്. പറക്കുന്ന കാറുകളേക്കാള്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് കൊണ്ടെത്തിക്കുന്നൊരു യാത്രാ സംവിധാനമാണിത്. എലോണ്‍ മസ്‌ക് പ്രചാരം നല്‍കിയ ഹൈപ്പര്‍ ലൂപ്പിനെ പല രാജ്യങ്ങളും തങ്ങളുടേതായ രീതിയിയില്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന വേളയിലാണ് ഇന്ത്യയില്‍ നിന്നും ഇത്തരത്തിലൊരു കണ്ടുപിടുത്തം വന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിവേഗത്തില്‍ കരയിലൂടെയുള്ള സഞ്ചാരം സാധ്യമാക്കുന്ന യാത്രാ മാര്‍ഗമാണ് ഹൈപ്പര്‍ ലൂപ്പ് എന്ന് നേരത്തെ പറഞ്ഞല്ലോ. എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്നതിലും വേഗമാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യയില്‍ ഐഐടി മദ്രാസില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സംഘമാണ് ഈ വികസനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

ആവിഷ്‌കാര്‍ എന്നുപേരിട്ടിരിക്കുന്ന ഇവരുടെ ഹൈപ്പര്‍ലൂപ് പദ്ധതി ഏറെ മുന്നേറി കഴിഞ്ഞുവെന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ് യാഥാര്‍ഥ്യമായാല്‍ ചെന്നൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് 25 മിനുറ്റുകൊണ്ട് എത്താനാവും. ഏകദേശം 350 കിലോമീറ്റര്‍ ദൂരമാണ് ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്താനാവുന്നത്. ഇന്ന് റോഡിലൂടെ സഞ്ചരിച്ചാല്‍ ചുരുങ്ങിയത് 7 മണിക്കൂര്‍ സമയമെങ്കിലുമാണ് ചെന്നൈ-ബെംഗളൂരു യാത്രക്കായി വേണ്ടി വരുന്നത്. ഈയൊരു സമയത്തെയാണ് ആവിഷ്‌കാര്‍ പൊളിച്ചടുക്കിയിരിക്കുന്നത്.

പ്രത്യേകം നിര്‍മിക്കുന്ന കുഴലുകളിലൂടെ ക്യാപ്‌സ്യൂളുകള്‍ അല്ലെങ്കില്‍ പോഡുകള്‍ വഴിയാവും യാത്രികരുടെ സഞ്ചാരം. മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ യാത്രികര്‍ക്കാവുമെന്നുമാണ് ഐഐടി മദ്രാസ് പറയുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാത്തതിനാല്‍ മലിനീകരണം ഇല്ലെന്നതും ഇത്തരം യാത്രാ സംവിധാനങ്ങള്‍ക്ക് ഭാവിയില്‍ പ്രോത്സാഹനം ലഭിക്കാൻ കാരണമാവും. കഴിഞ്ഞ ജൂലൈയില്‍ ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപിന്റെ പരീക്ഷണവും വിജയകരമായി നടത്താന്‍ ഐഐടി മദ്രാസ് സംഘത്തിന് സാധിച്ചിരുന്നു.

പോഡ് ലേവിയേഷന്‍, പ്രൊപ്പല്‍ഷന്‍, ട്യൂബ് കണ്‍സ്ട്രക്ഷന്‍, ബാറ്ററി കൂളിംങ് എന്നിങ്ങനെ ഹൈപ്പര്‍ലൂപിനുവേണ്ട വ്യത്യസ്ത സാങ്കേതികിവിദ്യകളില്‍ ആറ് പേറ്റന്റുകള്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വേഗത തുടരുകയാണെങ്കില്‍, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് റെയില്‍ സ്കെയില്‍ നിര്‍മിക്കാൻ തങ്ങള്‍ക്ക് കഴിഞ്ഞേക്കുമെന്ന് പ്രോജക്റ്റിന്റെ സ്റ്റുഡന്റ് ടീം ലീഡറായ മേധ കൊമ്മജോസ്യുല അഭിപ്രായപ്പെടുകയും ചെയ്‌തു. ഹൈപ്പര്‍ലൂപ് സാങ്കേതികവിദ്യയില്‍ ഇവരുടെ മുന്നേറ്റം തിരിച്ചറിഞ്ഞ് റെയില്‍വേ മന്ത്രാലയം തന്നെ ഇവര്‍ക്ക് പ്രോത്സാഹനവുമായി എത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇതിനായി കഴിഞ്ഞ വര്‍ഷം ഐഐടി മദ്രാസിന് 8.34 കോടി രൂപ ധനസഹായമാണ് റെയില്‍വേ നല്‍കിയത്.

ഹൈപ്പര്‍ലൂപ്പ് എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ഇലോണ്‍ മസ്‌ക്കായിരുന്നു. ഒരു വാക്വം ട്യൂബിലൂടെയുള്ള അതിവേഗ യാത്രാ സംവിധാനമെന്ന രീതിയിലാണ് ലൂപ്പുകള്‍ അവതരിപ്പിച്ചത്.കാന്തിക ശക്തിയുള്ള ട്രാക്കിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഹൈപ്പര്‍ലൂപ്പ് പോഡിന് സാധിക്കും. നിലവില്‍ ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ്, വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ഉള്‍പ്പടെ വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ഈ സംവിധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു നാണയത്തിന്റെ ഇരുവശമെന്ന പോലെ നിരവധി പരിമിതികളും ഹൈപ്പര്‍ലൂപ്പുകള്‍ക്കുണ്ടെന്നാണ് വിധഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ അവസ്ഥില്‍ നേര്‍രേഖയില്‍ മാത്രമാണ് ഇതിന് സഞ്ചരിക്കാൻ കഴിയുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക