മരണശേഷവും പുതുപ്പള്ളിക്ക് കരുതലും, വികസനവും സമ്മാനിച്ച് കുഞ്ഞൂഞ്ഞ്: ഉമ്മൻചാണ്ടി കൊടുത്ത വാക്കു പാലിക്കാൻ പുതുപ്പള്ളി ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് യൂസഫലിയുടെ സ്നേഹസമ്മാനം; ഒരു ബസ് ആവശ്യപ്പെട്ടിടത്ത് നൽകിയത് രണ്ട് ബസ്സുകൾ; ബസ്സിൽ കയറി കുട്ടികളുടെ ആദ്യ യാത്ര ഉമ്മൻചാണ്ടിയുടെ ഖബറിലേക്ക്.
പുതുപ്പള്ളി എറികാട് ഗവ യു പി സ്കൂളിലെ കുട്ടികള്‍ക്ക് ഉമ്മൻചാണ്ടിയുടെ ഓര്‍മ്മയ്ക്കായി ബസുകള്‍ സമ്മാനിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി. രണ്ട് ബസുകളാണ് അദ്ദേഹം സ്കൂളിന് സമ്മാനിച്ചത്. ഒരു ബസ് ആയിരുന്നു ആവശ്യപ്പെട്ടത്, എന്നാല്‍ രണ്ട് ബസ്സുകള്‍ നല്‍കുകയായിരുന്നു.ഉമ്മൻചാണ്ടിയുടെ സ്മരണക്കായി ബസുകളില്‍ ‘വേര്‍പിരിയാത്ത ഓര്‍മകള്‍ക്കായി’ എന്ന കുറിപ്പും ഉമ്മൻചാണ്ടിയുടെ ചിത്രവും പിൻ ഗ്ലാസില്‍ പതിച്ചിട്ടുണ്ട്. മുൻപിലെ ഗ്ലാസില്‍ ചിത്രവും പതിച്ചു .
ബസുകളുടെ സമര്‍പ്പണം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചാണ്ടി ഉമ്മൻ എം എല്‍ എ നിര്‍വഹിക്കും. ബസ്സില്‍ കുട്ടികളുടെ ആദ്യ യാത്ര പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറടക്കത്തിലേക്ക് ആയിരിക്കും. കുട്ടികള്‍ക്ക് യാത്രാ സൗകര്യത്തിന് ബസ് അനുവദിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു, ഇക്കാര്യം യൂസഫലിയോട് സംസാരിക്കാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.
എന്നാല്‍ ഉമ്മൻചാണ്ടി ചികിത്സയ്ക്കായി പോയതിനാല്‍ ഇക്കാര്യം സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഉമ്മൻചാണ്ടിയുടെ കബറിടത്തില്‍ യൂസഫലി എത്തിയപ്പോള്‍ അദ്ദേഹത്തോട് സ്കൂള്‍ അധികൃതര്‍ ഇക്കാര്യം സൂചിപ്പിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും യൂസഫിലിയോട് ഇക്കാര്യം പറയാമെന്ന് ഉമ്മൻചാണ്ടി പറഞ്ഞ കാര്യവുമൊക്കെ സ്കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നു.സ്കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും ആണ് ഉമ്മൻചാണ്ടിയുടെ വീട്ടിലേക്ക് വന്ന യൂസഫലിയെ കാണാനായി വന്നത്… ബസ് വാങ്ങിത്തരണമെന്ന നിവേദനവുമായിട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ എത്തിയത്.
യൂസഫലിയോട് ഇതുമായി ബന്ധപ്പെട്ട കാര്യം പറയാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞപ്പോള്‍ ഉമ്മൻചാണ്ടി സാര്‍ പറയാൻ പറഞ്ഞ കാര്യമല്ലേ 45 പേര്‍ക്ക് ഇരിക്കാൻ പറ്റുന്ന ബസ് വാങ്ങി നല്‍കാമെന്നാണ് യൂസഫലി പറഞ്ഞത്. എങ്ങനെയുള്ള ബസ് ആണ് വേണ്ടതെന്നും സൗകര്യങ്ങള്‍ എന്തൊക്കെ വേണം എന്നുമൊക്കെ പറയാനും യൂസഫലി ആവശ്യപ്പെട്ടിരുന്നു. ഒരു ബസ്സ് ആണ് ആവശ്യപ്പെട്ടത് എങ്കിലും രണ്ട് ബസ് അദ്ദേഹം വാങ്ങി നല്‍കി.
അതേസമയം, ഉമ്മൻചാണ്ടിയുമായി തനിക്ക് അടുത്ത ബന്ധം ആണ് ഉണ്ടായിരുന്നതെന്നും യൂസഫലി പറഞ്ഞിരുന്നു. പ്രതിസന്ധികളില്‍ തളരാത്ത വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്റേത് എന്നായിരുന്നു യൂസഫലി അന്ന് പറഞ്ഞിരുന്നത്. സ്നേഹബന്ധവും അടുപ്പം പുലര്‍ത്തിയിരുന്ന മാന്യദ്ദേഹമായിരുന്ന ഉമ്മൻചാണ്ടി സാറെന്നും യൂസഫലി പറഞ്ഞിരുന്നു.