ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തൻറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താൻ ആഗ്രഹിച്ചിരുന്നുവെന്ന് ഉമ്മൻചാണ്ടി. സണ്ണിക്കുട്ടി എബ്രഹാം എഴുതിയ ഉമ്മൻചാണ്ടിയുടെ ആത്മകഥയിലാണ് ഈ വിവരമുള്ളത്. രമേശ് ചെന്നിത്തലയാണ് അതിനെ അട്ടിമറിച്ചതെന്നു പുസ്തകത്തില്‍ പറയുന്നു.
തൃശ്ശൂരിലുള്ള സി എൻ ബാലകൃഷ്ണന് വേണ്ടി രമേശ് ചെന്നിത്തല സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ് സതീശനെ മന്ത്രിയാക്കാൻ കഴിയാതിരുന്നത്. സിഎൻ ബാലകൃഷ്ണനെതിരെ ഒരു കേസ് ഉണ്ടായിരുന്ന കാര്യം ചൂണ്ടിക്കാട്ടി ബാലകൃഷ്ണനെ ഒഴിവാക്കാൻ താൻ തീരുമാനിച്ചെങ്കിലും അത് പ്രശ്നമില്ലെന്ന് രമേശ് പറഞ്ഞതായി ഉമ്മൻചാണ്ടി പറയുന്നു.
രമേശിനെ പ്രതിപക്ഷ നേതാവാക്കാൻ തെരഞ്ഞെടുപ്പിന് ശേഷം താൻ ആഗ്രഹിച്ചിരുന്നെങ്കിലും ഹൈക്കമാൻ്റ് മറിച്ച് തീരുമാനിക്കുകയായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറയുന്നു. രമേശിനെ പ്രതിപക്ഷ നേതാവാക്കുന്നതിന് പകരം കെസി ജോസഫിനെ കെപിസിസി പ്രസിഡണ്ടാക്കുമെന്ന പ്രചാരണം തെറ്റായിരുന്നു. അങ്ങനെ തീരുമാനിച്ചിരുന്നില്ല.
സതീശനെ പ്രതിപക്ഷ നേതാവാക്കിയത് എംഎല്‍എമാരുടെ മനോഗതമനുസരിച്ച് ആയിരുന്നില്ല എന്നും ഹൈക്കമാന്റിന്റെ തീരുമാനമായിരുന്നു എന്നും പുറത്തുവന്ന ആത്മകഥയില്‍ പറയുന്നു. തൻറെ മകള്‍ മറിയയുടെ ഭര്‍തൃ കുടുംബവുമായി ഉണ്ടായിരുന്ന തര്‍ക്കം മുഖ്യമന്ത്രി പിണറായി വിജയൻറെ മുന്നില്‍ എത്തിയപ്പോള്‍ അദ്ദേഹം അത് ദുരുപയോഗം ചെയ്തില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞതായി ആത്മകഥയിലുണ്ട്.