ആള്‍ക്കൂട്ടത്തിന് നടുവില്‍ ജീവിച്ച ഉമ്മൻചാണ്ടിയെ മരണത്തിനപ്പുറവും അമരനായി കാണുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍. ഉമ്മൻചാണ്ടി ജനങ്ങള്‍ക്കിടയില്‍ നിന്ന് മടങ്ങി 16 ദിവസങ്ങള്‍ പിന്നിട്ടപ്പോഴും പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലേക്ക് ഒരു തീര്‍ഥയാത്ര പോലെ എത്തുന്നവര്‍ നിരവധിയാണ്. വലിയൊരു വിഭാഗം ഉമ്മൻചാണ്ടിയെ ദൈവതുല്യനായി കൂടി കണ്ടു തുടങ്ങിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധി മുതല്‍ ലോട്ടറി അടിച്ചത് വരെ ഉമ്മൻചാണ്ടിയോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമെന്നാണ് പലരും വിശ്വസിക്കുന്നത്.ജീവിതത്തിലെ പ്രതിസന്ധികള്‍ക്കും പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം തേടി ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കു ചുറ്റും നിവേദനങ്ങള്‍ നിറയുന്ന സ്ഥിതിയാണ്. മക്കളുടെ പഠനവും വിവാഹവും നടക്കാനുള്ള അപേക്ഷകള്‍ മുതല്‍ കടബാധ്യതയില്‍ നിന്ന് കരകയറ്റണമെന്ന് അഭ്യര്‍ഥിച്ചുള്ള പ്രാര്‍ഥനകള്‍ വരെ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ ഖബറിനു ചുറ്റും കാണാം.
ജീവിച്ചിരുന്ന കാലത്ത് അസാധാരണമായ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന മധ്യസ്ഥനായിരുന്നു സാധാരണക്കാര്‍ക്ക് ഉമ്മൻചാണ്ടി. മരണത്തിനിപ്പുറം ദൈവത്തിന്റെ സ്വന്തം മധ്യസ്ഥന്റെ സ്ഥാനമാണ് സ്നേഹിക്കുന്നവരുടെ മനസില്‍ ഉമ്മൻചാണ്ടിയ്ക്കെന്ന് ഈ കാഴ്ചകള്‍ സാക്ഷ്യം പറയും. രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പോലും ഉമ്മൻചാണ്ടിക്ക് മുന്നില്‍ നടത്തിയ പ്രാര്‍ഥന കൊണ്ടെന്ന് വിശ്വസിക്കുന്നവര്‍ പുതുപ്പള്ളിയിൽ മാത്രമല്ല കേരളത്തിൽ എമ്പാടും ഉണ്ട്. ജീവിതം കൊണ്ട് രാഷ്ട്രീയ ഇതിഹാസമായി മാറിയ ഉമ്മൻചാണ്ടി മരണത്തിനിപ്പുറം ഐതിഹ്യ കഥാപാത്രങ്ങളെപ്പോലെ അമാനുഷികനാകുന്ന കാഴ്ചയാണ് ഇപ്പോൾ പുതുപ്പള്ളിയിലെ ഖബറിടത്തിൽ കാണുന്നത്.