പത്തനംതിട്ട: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജില്‍ പ്രിൻസിപ്പലിനും അദ്ധ്യാപകര്‍ക്കുമെതിരേ കോളേജില്‍ എസ്.എഫ്‌.ഐ.യുടെ രാത്രി ഉപരോധം. പ്രിൻസിപ്പല്‍ രാജനെയും അഞ്ച് അദ്ധ്യാപകരെയുമാണ് വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും ഓഫീസില്‍ തടഞ്ഞുവെച്ചത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും അദ്ധ്യാപകരെ പുറത്തിറക്കാനായിട്ടില്ല.

സൂക്ഷ്മപരിശോധനയില്‍ തള്ളിയ എസ്.എഫ്‌.ഐ. പ്രവര്‍ത്തകരുടെ പത്രിക അംഗീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. നാമനിര്‍ദേശ പത്രികകളില്‍ പലതും പല കാരണങ്ങളാല്‍ തള്ളിയിരുന്നു. എന്നാല്‍, എസ്.എഫ്‌.ഐ. പ്രവര്‍ത്തകരായ രണ്ടുപേരുടെ പത്രിക തള്ളിയത് സംഘടനാ നേതാക്കള്‍ അംഗീകരിച്ചില്ല. ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മതിയായ കാരണങ്ങളാലാണ് തള്ളിയതെന്ന കാര്യത്തില്‍ അദ്ധ്യാപകര്‍ ഉറച്ചുനിന്നതോടെ തര്‍ക്കം രൂക്ഷമാവുകയും അദ്ധ്യാപകരെ പുറത്തിറക്കാതെ സമരം നടത്തുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നോമിനേഷൻ നല്‍കുന്നവര്‍ക്ക് 75 ശതമാനം ഹാജര്‍ വേണമെന്നാണ് നിയമം. 62 ശതമാനം മാത്രം ഹാജരുള്ള വിദ്യാര്‍ത്ഥി നല്‍കിയ പത്രികയും പിന്താങ്ങിയയാളുടെ പത്രികയിലെ പേരും കോളേജ് റോളിലെ പേരും രണ്ടായി കണ്ട മറ്റൊന്നുമാണ് തള്ളിയത്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നുള്ള നിലപാടിലായിരുന്നു അദ്ധ്യാപകര്‍. സന്ധ്യക്ക് തുടങ്ങിയ തര്‍ക്കത്തിനൊടുവില്‍ രാത്രി എസ്.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കോളേജ് ഓഫീസിന് പുറത്തിറങ്ങി വാതില്‍ക്കല്‍ ഉപരോധസമരം തുടങ്ങുകയായിരുന്നു. ആറന്മുള പൊലീസ് ഇരുകൂട്ടരുമായും ചര്‍ച്ചകള്‍ നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക