ജയ്‌സാല്‍മീര്‍ (രാജസ്ഥാൻ) : പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച്‌ ഗുണ്ട നേതാവ്. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് സംഭവം. പ്രദേശത്തെ ഗുണ്ട നേതാവായ പുഷ്പേന്ദ്ര സിങും സംഘവുമാണ് യുവതിയെ തട്ടിക്കൊണ്ട് പോയത്. ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലമായി വിവാഹം കഴിക്കുകയും കയ്യിലെടുത്ത് അഗ്‌നിക്ക് ചുറ്റും വലം വയ്‌ക്കുകയും ചെയ്‌തു.

പെണ്‍കുട്ടിയെ പുഷ്പേന്ദ്ര സിങ് കൈകളില്‍ എടുത്തുയര്‍ത്തി അഗ്‌നിക്ക് ചുറ്റും പ്രദക്ഷിണം വയ്‌ക്കുന്നതും ഇവര്‍ നിലവിളിച്ച്‌ കരയുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡല്‍ഹി വനിത കമ്മീഷൻ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ വീഡിയോ ട്വിറ്ററിലൂടെ പങ്കുവയ്‌ക്കുകയും സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് ആവശ്യപ്പെടുകയും ചെയ്‌തു.’ജയ്‌സാല്‍മീറിലെ മാധ്യമങ്ങളാണ് ഈ വീഡിയോ പങ്കുവച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു പെണ്‍കുട്ടിയെ പൊതുസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയി മരുഭൂമിയില്‍ എത്തിയിട്ട് നിര്‍ബന്ധിച്ച്‌ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് വളരെ ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഒരു സംഭവമാണ്. അശേക് ഗെലോട്ട് ജി വിഷയം അന്വേഷിച്ച്‌ ആവശ്യമായ നടപടിയെടുക്കുക’, സ്വാതി മലിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ വരുന്ന ജൂണ്‍ 12നാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ തനിക്ക് വിവാഹം കഴിപ്പിച്ച്‌ നല്‍കണം എന്നാവശ്യപ്പെട്ട് പുഷ്പേന്ദ്ര ഇവരുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയും വീട്ടുകാരും ഇതിന് തയ്യാറായില്ല.ഇതിന് പിന്നാലെ ജൂണ്‍ ഒന്നിന് ഇയാള്‍ 12 ഓളം വരുന്ന ഗുണ്ടകളുമായി ജയ്‌സാല്‍മീറിലെ മോഹൻഗഡ് ഏരിയയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും ഇവിടെ നിന്ന് പെണ്‍കുട്ടിയെ ബലമായി തട്ടിക്കൊണ്ട് പോവുകയുമായിരുന്നു.

തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ഗ്രാമത്തിന് പുറത്തുള്ള മരുഭൂമിയുടെ ഭാഗത്ത് കൊണ്ടുപോവുകയും അവിടെ വച്ച്‌ ബലമായി വിവാഹം കഴിക്കുകയും ചെയ്‌തു.ശേഷം പെണ്‍കുട്ടിയെ കയ്യിലെടുത്ത് അഗ്‌നിക്ക് ചുറ്റും ഏഴ് വട്ടം വലം വയ്‌ക്കുകയുമായിരുന്നു. ഇതിന്‍റെ വീഡിയോയും ഇവര്‍ തന്നെ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ ഇവരുടെ ബന്ധുക്കള്‍ ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും പ്രതികളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്‌തു.

നടപടിയെടുക്കാതെ പൊലീസ് : അതേസമയം മോചിപ്പിച്ചെങ്കിലും പ്രതികള്‍ക്കെതിരെ ഇതുവരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കളും ഗ്രാമവാസികളും ഇന്ന് ജില്ല കലക്‌ടറുടെ ഓഫിസില്‍ പ്രതിഷേധിച്ചു.സംഭവത്തിന് ശേഷവും പ്രതികളെല്ലാം സ്വതന്ത്രമായി പ്രദേശത്ത് വിഹരിക്കുകയാണെന്നും പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണി മുഴക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തിലെ മുഴുവൻ പ്രതികളെയും എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ കലക്‌ട്‌റേറ്റിന് മുന്നില്‍ സമരമിരിക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക