നേതാക്കൾക്ക് അഭിവാദ്യമർപ്പിച്ച് ബോർഡുകൾ സ്ഥാപിക്കുന്നത് കേരളത്തിൽ സർവ്വസാധാരണമായ കാഴ്ചയാണ്. ആവശ്യത്തിനു അനാവശ്യത്തിനും ഇങ്ങനെ ബോർഡുകൾ സ്ഥാപിക്കുന്ന നേതാക്കളുമുണ്ട്. ഇത്തരത്തിൽ സ്ഥാപിക്കപ്പെട്ട ചില ബോർഡുകൾ പാലായിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പാലാ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോസ് കെ മാണിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് നിരവധി ബോർഡുകൾ കഴിഞ്ഞദിവസം ഉയർന്നു. പ്രതിപക്ഷ ഐക്യ മുന്നണിയായ ഇന്ത്യയുടെ പ്രചരണ കമ്മിറ്റിയിൽ അംഗത്വം നേടിയതിന് അദ്ദേഹത്തെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള ബോർഡുകൾ ആണ് ഇവ.
വലിയ കാര്യമൊന്നുമല്ലെങ്കിലും എന്തോ മഹാ സംഭവം ആയിട്ടാണ് നേതാവിന്റെ അനുയായികൾ ഈ സ്ഥാനലബ്ദിയെ കാണുന്നത്. അഖിലേന്ത്യാ രാഷ്ട്രീയത്തിലെ അധികായനായി ജോസ് കെ മാണി വളർന്നു എന്ന നിലയിലെക്കെ ആണ് പ്രചരണം. അത് അണികളുടെ സ്വാതന്ത്ര്യം. പക്ഷേ പാലായിലെ മരിയൻ ജംഗ്ഷനിൽ നിന്ന് ബൈപാസിലേക്ക് കയറുന്ന സ്ഥലത്ത് നേതാവിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള ബോർഡ് സ്ഥാപിക്കാൻ അണികൾ ചെയ്തത് അല്പം കടന്ന കൈയാണ്. ഗവൺമെൻറ് എൽ പി സ്കൂളിലേക്ക് ആളുകൾക്ക് വഴികാട്ടുന്നതിനായി സ്ഥാപിച്ച ദിശ ബോർഡ് എടുത്ത് റോഡിൽ എറിഞ്ഞിട്ടാണ് ആ സ്ഥാനത്ത് ജോസ് കെ മാണിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
ശ്രീനിവാസൻ കഥാപാത്രത്തിന്റെ ഡയലോഗുകൾ അനുസ്മരിപ്പിക്കുന്നത് പോലെ “എന്റെ തല, എന്റെ ഫുൾ ഫിഗർ, എന്റെ തല, എന്റെ ഫുൾ ഫിഗർ” എന്ന ശൈലിയിൽ പാലാ നഗരത്തിന്റെയും നിയോജകമണ്ഡലത്തിന്റെയും മുക്കിലും മൂലയിലും ബോർഡുകൾ സ്ഥാപിച്ച് പിടിച്ചുനിൽക്കുന്ന രാഷ്ട്രീയ ശൈലിയാണ് ജോസ് കെ മാണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം അനുവർത്തിച്ചു പോരുന്നത്. എന്തായാലും ഇപ്പോൾ ചെയ്തത് അല്പം കടന്ന കൈയായി പോയി എന്ന് വിമർശിക്കാതിരിക്കാൻ നിവൃത്തിയില്ല. വിദ്യാഭ്യാസത്തിന്റെ വിലയറിയാത്ത അണികൾ ഉണ്ടായിപ്പോയതിന് നേതാവെന്ത് പിഴച്ചു എന്ന് ചോദിക്കുന്നവരും ഉണ്ട്.