കോട്ടയം: ജോസ് കെ മാണിയുടെ തോൽവിക്ക് കാരണം ബിജെപി വോട്ടുകൾ ചോർന്നത് ആണെന്ന് അന്നുതന്നെ സിപിഎം കോട്ടയം ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. ജില്ലാ സെക്രട്ടറിയുടെ ചുമതല ഉണ്ടായിരുന്ന വി എൻ വാസവൻ അന്ന് പറഞ്ഞത് ഇതുതന്നെയായിരുന്നു. 24000 വോട്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന ബി ജെ പിക്ക് ഇത് 10000 ആയി ചുരുങ്ങി. ഈ വോട്ടുകൾ യുഡിഎഫിന് കിട്ടി എന്നാണ് സിപിഎം വാദം.   അങ്ങനെയാണ് പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ജോസ് കെ മാണിയെ അട്ടിമറിച്ച്   മാണി സി കാപ്പൻ വിജയിച്ചത് എന്നാണ് സിപിഎം ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാൽ ജോസ് കെ മാണി ഇതിനെ തള്ളി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതാണ് ഏറെ ശ്രദ്ധേയം. പാലായിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വോട്ടുകൾ ചോർന്നത് കാരണമായിട്ടുണ്ട് എന്നാണ് ജോസ് കെ മാണി സിപിഎം സംസ്ഥാന സമിതിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതി പരിഗണിച്ച  സിപിഎം അന്വേഷണം ജില്ലാതലത്തിൽ മതി എന്ന് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ജില്ലാ കമ്മിറ്റി യോഗം ചേർന്ന് തീരുമാനം എടുക്കാനാണ് പാർട്ടിയിലുണ്ടായ ധാരണ. ഇന്ന് ചേരുന്ന കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള കോൺഗ്രസും, സിപിഎം ജില്ലാ നേതൃത്വവും വിരുദ്ധ നിലപാടുകളിൽ:

പരാതി അന്വേഷിക്കണം എന്ന ഉറച്ച നിലപാട് ജോസ് കെ മാണി സ്വീകരിക്കുമ്പോൾ ഇതിനു വിരുദ്ധമായ നിലപാടാണ് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിലെ പല നേതാക്കൾക്കും ഉള്ളത്. ഇന്നലെ മാധ്യമങ്ങളെ കണ്ട കോട്ടയം ജില്ലയിലെ മുതിർന്ന നേതാവും സഹകരണ മന്ത്രിയുമായ വി എൻ വാസവൻ നടത്തിയ പ്രതികരണവും ഇത് സൂചിപ്പിക്കുന്നതാണ്. പാലായിലെ ജോസ് കെ മാണിയുടെ തോൽവിക്ക് കാരണം ബിജെപി വോട്ടുകൾ ചോർന്നതാണ് എന്ന് സംസ്ഥാന സമിതി അംഗം കൂടിയായ വി എൻ വാസവൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ മുൻ നിലപാട് തന്നെയാണ് പാർട്ടിക്ക് ഉള്ളത്. അതേസമയം അന്വേഷിക്കണോ എന്ന കാര്യത്തിൽ നാളെ ചേരുന്ന ജില്ലാകമ്മിറ്റി ആകും അന്തിമ തീരുമാനം കൈക്കൊള്ളുക എന്നും വി എൻ വാസവൻ പറഞ്ഞു.

തോൽവിക്ക് കാരണം പാലായിലെ ജോസ് വിരുദ്ധ വികാരവും എന്ന വിലയിരുത്തലിൽ സിപിഎം:

ജോസ് കെ മാണിയുടെ താൽപര്യത്തിന് വിരുദ്ധമായ നിലപാട്  സിപിഎം നേതാക്കൾ പ്രകടിപ്പിക്കുന്നതിന് കാരണം നിരവധിയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബിജെപി വോട്ടുകൾ ചോർന്നു എന്ന വാദം ഉയർത്തുമ്പോൾ തന്നെ ജോസ് കെ മാണി വിരുദ്ധവികാരം പാലായിൽ വലിയ രീതിയിൽ അലയടിച്ചു എന്ന് സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തുന്നുണ്ട്. മാത്രമല്ല പാലയിൽ സിപിഎം വോട്ടുകൾ ചോർന്നു എന്ന് കണ്ടെത്തിയാൽ തന്നെ പ്രാദേശികമായി സിപിഎം നേതാക്കൾക്കിടയിൽ വലിയ അതൃപ്തിക്ക് അത് കാരണമാകും.

പാലായിൽ കേരള കോൺഗ്രസ് എമ്മിന്റെ വിഭാഗത്തിന്റെ വോട്ടും പൂർണ്ണമായും ജോസ് കെ മാണിക്ക്  ലഭിച്ചിട്ടില്ല എന്നും സിപിഎം വിലയിരുത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഗുരുതരമായ കണ്ടെത്തലുകൾ വരുന്നതോടെ അത് ഭാവിയിൽ ജില്ലയിലെ  ഘടക കക്ഷികൾ തമ്മിലുള്ള പോരിന് കാരണമാകുമെന്ന് സിപിഎം വിലയിരുത്തുന്നു. ഏതായാലും പാലായിലെ തോൽവി  ഇടത് നേതൃത്വത്തിന് കൂടി തലവേദനയായി മാറുകയാണ്. കേരള കോൺഗ്രസ് എമ്മിനും ഈ തോൽവിയുടെ ഭാരം ഇനിയും തീർന്നിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക