രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസവര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം ഇന്ന് ഇതുമായി ബന്ധപ്പെട്ട സർക്കുലർ റിസർവ്ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ആര്‍ബിഐയുടെ ‘ക്ലീന്‍ നോട്ട് പോളിസി’യുടെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്.
2016 നവംബറിലാണ് പ്രചാരത്തിലുണ്ടായിരുന്ന 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് 2000 ത്തിന്റെ നോട്ടുകള്‍ ആര്‍ബിഐ ഇറക്കിയത്. എന്നാൽ 500 ആയിരം നോട്ടുകൾ നിരോധിച്ചതിൽ നിന്ന് വിഭിന്നമായി 2000 രൂപ നോട്ടുകൾ ലീഗൽ ടെൻഡറായി നിലനിൽക്കും എന്നും ആർബിഐ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. 2023 മെയ് മാസം 23ആം തീയതി മുതൽ 2023 സെപ്റ്റംബർ 30 ആം തീയതി വരെ നോട്ടുകൾ പൊതുജനങ്ങൾക്ക് മാറിയെടുക്കാം എന്നാണ് സർക്കുലർ വ്യക്തമാക്കുന്നത്. ഇത്തരം നോട്ടുകൾ സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയോ ബാങ്ക് കൗണ്ടറുകളിൽ നിന്നും മറ്റു നോട്ടുകൾ ആയി മാറിയെടുക്കുകയോ വേണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
നോട്ടുകൾ കയ്യിലുള്ളവർ എന്ത് ചെയ്യണം
- വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നോട്ടുകൾ സ്വന്തം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാം.
- ബാങ്ക് കൗണ്ടറുകളിൽ നിന്ന് മറ്റു നോട്ടുകളും ആയി 2000 രൂപ നോട്ടുകൾ വെച്ചു മാറാം.
- നോട്ടുകൾ വെച്ച് മാറുന്നതിനുള്ള സൗകര്യം ഏത് ബാങ്കിലും ഏതു ഉപഭോക്താവിനും ലഭ്യമാകുന്നതാണ് എങ്കിലും പരമാവധി ഒരു ദിവസം 20,000 രൂപ മൂല്യമുള്ള നോട്ടുകൾ മാത്രമേ ഒരു വ്യക്തിക്ക് മാറി വാങ്ങാൻ സാധിക്കുകയുള്ളൂ.
- ഈ വർഷം സെപ്റ്റംബർ മുപ്പതാം തീയതി വരെയാണ് ബാങ്കുകളിൽ നിന്ന് നോട്ട് മാറാനും, ബാങ്ക് അക്കൗണ്ടുകളിലേക്ക് നോട്ടുകൾ നിക്ഷേപിക്കുവാനും സമയം നൽകിയിരിക്കുന്നത്.
