മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായിരുന്ന ലഹരിമരുന്ന് കേസില്‍ പണം തട്ടാന്‍ ശ്രമിച്ചുവെന്ന സിബിഐയുടെ ആരോപണങ്ങള്‍ക്കെതിരെ മുന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ കോടതിയില്‍. ആര്യന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഷാരൂഖ് ഖാനൊപ്പം നില്‍ക്കുകയായിരുന്നു താനെന്നും 25 കോടി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വാങ്കഡെ കോടതിയെ അറിയിച്ചു.

ഇത് തെളിയിക്കാന്‍ ഷാരൂഖുമായുള്ള വാട്‌സ്‌ആപ്പ് സംഭാഷണങ്ങളും സമീര്‍ വാങ്കഡെ കോടതിയില്‍ ഹാജരാക്കി. സിബിഐ റിപ്പോര്‍ട്ടിനെതിരായി നല്‍കിയ ഹാരാജിക്കൊപ്പമാണ് സമീര്‍ വാങ്കഡെ വാട്‌സ്‌ആപ്പ് സംഭാഷണങ്ങളും ഹാജരാക്കിയിരിക്കുന്നത്. ആര്യന്‍ രക്ഷിക്കണമെന്ന് ഷാരൂഖ് ആവശ്യപ്പെടുന്നതിന് സ്ക്രീന്‍ഷോട്ടുകളാണിത്. ഒരു കൊടുംകുറ്റവാളിയെ പോലെ ജയിലില്‍ കഴിയാന്‍ ആര്യന് അര്‍ഹതയില്ലെന്നും അവനെ രക്ഷിക്കണമെന്നും ഷാരൂഖ് വാങ്കഡേയോട് പറയുന്നത് ചാറ്റുകളില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ദൈവത്തെ ഓര്‍ത്ത് നിങ്ങള്‍ ഒരല്‍പം പതുക്കെ നീങ്ങൂ. എല്ലാ ഘട്ടത്തിലും ഞാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. ഇതെന്റെ വാക്കാണ്, എന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ. എന്നോടും എന്റെ കുടുംബത്തോടും കരുണ കാണിക്കണം. വളരെ സാധാരണ ആളുകളാണ് ഞങ്ങള്‍. എന്റെ മകന്‍ കുറച്ച്‌ വഴിതെറ്റി പോയി എന്നത് ശരിയാണ്. എന്നാല്‍, ഒരു കൊടുംകുറ്റവാളിയെ പോലെ ജയിലില്‍ കഴിയേണ്ട തെറ്റൊന്നും അവന്‍ ചെയ്യില്ല. അത് നിങ്ങള്‍ക്കും നന്നായി അറിയാം. കുറച്ച്‌ കരുണ കാണിക്കൂ, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്”; ഷാരൂഖ് പറയുന്നു.

“ഒരു നിയമ ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള നിങ്ങളുടെ സത്യസന്ധത നഷ്ടപ്പെടാതെ, സാധ്യമായ രീതിയില്‍ നിങ്ങള്‍ക്ക് എന്നെ സഹായിക്കാനാകും. അങ്ങനെയെങ്കില്‍ എന്നും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും. നിങ്ങളുടെ ടീമിന് എന്തൊക്കെ നിബന്ധനകള്‍ ഉണ്ടെങ്കിലും നിങ്ങളുടെ അധികാരം ഉപയോഗിച്ചൊരു മറുപടി നല്‍കിയാല്‍ മതിയാകുമല്ലോ. ഏത് രീതിയില്‍ സഹകരിക്കാനും ഞാന്‍ തയ്യാറാണ്. ഒരു കുപ്രസിദ്ധ ജയിലില്‍ കുറ്റവാളിയായി മുദ്രകുത്തപ്പെടാതെ അവനെ ഞങ്ങള്‍ക്ക് തിരിച്ചുതരണം. അവന്റെ ഭാവി തകര്‍ക്കരുത്. ഒരു പിതാവിന്റെ അപേക്ഷയാണിത്”; ഷാരൂഖ് ആവര്‍ത്തിച്ച്‌ പറയുന്നു.

ഇതിന് മറുപടിയായി ഷാരൂഖിനോട് വാങ്കഡെ പറയുന്നതും ചാറ്റുകളില്‍ വ്യക്തമാണ്. നിങ്ങളൊരു നല്ല മനുഷ്യനാണെന്ന് തനിക്കറിയാമെന്നും പ്രതീക്ഷ കൈവിടരുതെന്നും വാങ്കഡെ ഷാരൂഖിനെ ആശ്വസിപ്പിക്കുന്നുണ്ട്. ആര്യന്‍ തന്റെ സ്വന്തം മകനെ പോലെയാണെന്നും അവനെ രക്ഷിക്കാന്‍ കഴിയുന്നത് ചെയ്യാമെന്നും വാങ്കഡെ പറയുന്നു. എത്രയും പെട്ടെന്ന് ഇത് അവസാനിക്കുമെന്ന പ്രതീക്ഷയും വാങ്കഡെ ഷാരൂഖിന് നല്‍കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക