പാലാ നഗരസഭാ ശ്മശാനത്തിൽ ആധുനിക ഗ്യാസ് ക്രിമറ്റോറിയം സജ്ജമായി എന്നും, ഡിസംബർ 23ന് ജോസ് കെ മാണി ഉദ്ഘാടനം ചെയ്യുമെന്നും നഗരസഭാ ഭരണകൂടം പ്രഖ്യാപിച്ചു. എന്നാൽ ഇത് വെറും ഒരു ഉദ്ഘാടനം പ്രഹസനം മാത്രമാണ് എന്ന ആക്ഷേപമാണ് വിവിധ കോണുകളിൽ നിന്നു ഉയരുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കുവാൻ ഉപയോഗിക്കുന്ന ഇന്ധനം ഗ്യാസ് ആണെങ്കിലും ഈ സജ്ജീകരണങ്ങൾ പൂർണമായി പ്രവർത്തിക്കുവാൻ ഇവിടെ ഒരു ത്രീ ഫേസ് വൈദ്യുത കണക്ഷൻ അത്യന്താപേക്ഷിതമാണ്. ഇതിനുള്ള അപേക്ഷ പോലും നഗരസഭ നൽകിയിട്ടില്ലെന്നാണ് അറിയുവാൻ കഴിയുന്നത്.

ലക്ഷ്യം നഗരസഭ ചെയർമാൻ രാജിവെച്ച് ഒഴിയുന്നതിനു മുമ്പ് ഉദ്ഘാടനം ചെയ്യുക എന്നത് മാത്രം: കേരള കോൺഗ്രസ് ഭരണത്തിന് കീഴിലുള്ള പാലാ നഗരസഭയിൽ ഡിസംബർ 28ആം തീയതി നിലവിലെ മുനിസിപ്പൽ ചെയർമാൻ സ്ഥാനമൊഴിയും എന്നാണ് അറിയുന്നത്. ധാരണകൾ പ്രകാരം ഇനി ഒരു വർഷക്കാലം നഗരസഭാ അധ്യക്ഷസ്ഥാനത്തെത്തുന്നത് സിപിഎം പ്രതിനിധിയായിരിക്കും എന്നും വാർത്തകൾ ഉണ്ടായിരുന്നു. അത്തരത്തിൽ അധികാര കൈമാറ്റം നടപ്പാക്കുന്നതിന് മുമ്പ് പരമാവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനം. ഗ്യാസ് ഉപയോഗിച്ച് മൃതദേഹങ്ങൾ സംസ്കരിക്കുവാനുള്ള സജ്ജീകരണം പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത് എന്ന ചോദ്യമാണ് രാഷ്ട്രീയ വിമർശകർ ഉന്നയിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൻ വർഷത്തെ നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയതെന്നും ‘നഗരപ്രദേശത്തെയും സമീപ പഞ്ചായത്ത് പ്രദേശത്തെയും ആളുകൾക്ക് വളരെ പ്രയാജനം ലഭിക്കുന്ന പദ്ധതിയാണ് നഗരസഭ സമയബന്ധിതമായി പൂർത്തിയാക്കിയിരിക്കുന്നതെന്നുമാണ് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും, വൈസ് ചെയർപേഴ്സൺ സിജി പ്രസാദും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും അവകാശപ്പെടുന്നത്. ഇത്തരത്തിൽ നിരവധി പദ്ധതികളുടെ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. എന്നാൽ ഉദ്ഘാടനത്തിനപ്പുറം ജനങ്ങൾക്ക് ഉപയുക്തമാകുന്ന രീതിയിൽ ഇവയിൽ പലതും സജ്ജം അല്ല. പൊതു ടോയ്ലറ്റുകളുടെ ഉൾപ്പെടെയുള്ള സ്ഥിതി ഇതാണ്. ഉദ്ഘാടനം നടത്തുകയും പത്രത്തിൽ വാർത്ത കൊടുക്കുകയും മാത്രമാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്നതല്ലാതെ ജനങ്ങൾക്ക് പ്രയോജന തക്കതായതൊന്നും നഗരസഭ ചെയ്യുന്നില്ല എന്നും രാഷ്ട്രീയ എതിരാളികൾ ചൂണ്ടിക്കാട്ടുന്നു.

ചോർന്നൊലിക്കുന്ന ബസ് ടെർമിനലും, താറുമാറായ മാലിന്യ സംസ്കരണവും

പാലാ കൊട്ടാരമറ്റം കെഎം മാണി നിയമസഭാംഗത്തോ സുവർണ്ണ ജൂബിലി സ്മാരക ബസ് ടെർമിനൽ ചോർന്നൊലിച്ച് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കേരള കോൺഗ്രസ് ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയായ പാലായിൽ പോലും കെഎം മാണി സ്മാരകത്തോടെ കടുത്ത അവഗണനയാണ് കാട്ടുന്നത്. പ്രതിപക്ഷ പാർട്ടികൾ ഇത് ഉയർത്തി നിരവധി സമരങ്ങൾ നടത്തിയിട്ടും കേട്ട മട്ട് പോലും നഗര ഭരണാധികാരികൾ വെക്കുന്നില്ല. സമാനമാണ് പാലാ നഗരസഭയിലെ മാലിന്യ സംസ്കരണ പ്രശ്നങ്ങൾ. കൃത്യമായ ഒരു പദ്ധതി രൂപീകരണവും ആവിഷ്കാരവും നടത്തിപ്പും ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ മുറപോലെ പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളും നടക്കുന്നുണ്ട്.

ജോസ് കെ മാണി എന്ന സ്ഥിരം ഉദ്ഘാടകൻ: പാലാ നഗരസഭയുടെ പദ്ധതികളിൽ സ്ഥിരം ഉദ്ഘാടകൻ എന്ന ഖ്യാതി ജോസ് കെ മാണിക്ക് സ്വന്തമാണ്. കോട്ടയത്ത് നിന്നുള്ള ലോക്സഭാ അംഗവും സ്വന്തം പാർട്ടിക്കാരനുമായ തോമസ് ചാഴികാടന് പോലും ഒരു അവസരവും നൽകാതെ സ്ഥിരമായി അദ്ദേഹമാണ് ഉദ്ഘാടനങ്ങൾ നഗരസഭയ്ക്ക് വേണ്ടി നിർവഹിക്കുന്നത്. പാലായിലെ ജനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ ആയ മാണി സി കാപ്പനെ സ്ഥിരമായി മൂലയ്ക്കിരുത്തിയാണ് ജോസ് കെ മാണി ഇവിടെ ആസ്ഥാന ഉദ്ഘാടകൻ ആകുന്നത്. ലഭിക്കുന്ന പദവിക്ക് ഉള്ള ഉപകാരസ്മരണ പോലെ മുടങ്ങാതെ ഈ കാര്യങ്ങൾ ചെയ്തു എന്നത് മാത്രമാണ് രാജിവെച്ച് ഒഴിയാൻ നിൽക്കുന്ന നഗരപിതാവിന് ഉള്ള ഏക മേന്മ എന്നു വിശേഷിപ്പിച്ചാൽ പോലും അതിൽ അതിശയോക്തിയില്ല എന്ന വിധത്തിലാണ് കാര്യങ്ങൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക