റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ച്‌ ആര്‍ ബി ഐ. 35 ബേസിസ് പോയിന്റാണ് റിപ്പോ നിരക്കില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ആകെ നിരക്ക് 6.25 ആയി ഉയര്‍ന്നതോടെ രാജ്യത്തെ പലിശ നിരക്ക് വീണ്ടും ഉയരുമെന്ന് വ്യക്തമായി. തുടര്‍ച്ചയായ മൂന്ന് 50 ബേസിസ് പോയിന്റ് വര്‍ദ്ധനയ്ക്ക് ശേഷമാണ് 35 പോയിന്റുകള്‍ ഉയര്‍ത്തുന്നത്. പണപ്പെരുപ്പം മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിസര്‍വ് ബാങ്ക് പ്രധാന വായ്പാ നിരക്കായ റിപ്പോയില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്.

ആര്‍ ബി ഐയില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും പുറത്തുള്ള മൂന്ന് അംഗങ്ങളും അടങ്ങുന്ന മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ആറില്‍ അഞ്ച് പേരാണ് റിപ്പോ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനത്തെ അനുകൂലിച്ചത്. ഒരാള്‍ മാത്രം എതിര്‍ നിലപാട് സ്വീകരിച്ചു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.77 ശതമാനത്തിലേക്ക് താഴ്ന്നതിനെത്തുടര്‍ന്നാണ് ചെറിയ നിരക്ക് വര്‍ദ്ധനയെന്നാണ് ആര്‍ ബി ഐ വിശദീകരിക്കുന്നത്. ഇത് ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മേയ് മാസത്തില്‍ 40 ബേസിസ് പോയിന്റുകളും ജൂണ്‍, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 50 ബേസിസ് പോയിന്റുകളും ഉയര്‍ത്തിയ ശേഷം തുടര്‍ച്ചയായ അഞ്ചാം നിരക്കു വര്‍ധനയാണിത്.മെയ് മുതല്‍, ആഭ്യന്തര റീട്ടെയില്‍ പണപ്പെരുപ്പം കുറയ്ക്കുന്നതിനായി ആര്‍ ബി ഐ മൊത്തം 2.25 ശതമാനമാണ് നിരക്കില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. ചെറിയ നിരക്ക് വര്‍ധനവാണ് ഇപ്പോള്‍ കൊണ്ടുവന്നതെങ്കിലും കുടുംബ ബജറ്റുകളെ ഇത് താളം തെറ്റിക്കുമെന്നതില്‍ സംശയമില്ല. വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ ഈടാക്കുന്നത് നിലവിലെ ലോണ്‍ തിരിച്ചടവുകളിലെ വര്‍ധനവിനും കാരണമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക