കേരള ട്രാൻസ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാൻസ് കോര്‍പറേഷന്റെ (കെടിഡിഎഫ്‌സി) ബാങ്കിതര ലൈസന്‍സ് റദ്ദാക്കുമെന്ന് സൂചന. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രത്യേക ദൂതന്‍ മുഖേന ഇക്കാര്യം അറിയിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കെടിഡിഎഫ്‌സിയുടെ വീഴ്ച വന്‍ ബാധ്യതയുള്ളതിനാല്‍ കേരള ബാങ്കിനെയും ബാധിച്ചേക്കുമെന്ന് സൂചനയുണ്ട്.

കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീരാമകൃഷ്ണ മിഷനില്‍ നിന്ന് 130 കോടിരൂപ സ്ഥിര നിക്ഷേപമായി കെടിഡിഎഫ്‌സി സ്വീകരിച്ചിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്‍കാൻ കഴിയാതെ വന്നതോടെയാണ് റിസര്‍വ് ബാങ്ക് നടപടി.രാജ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ച്‌ കഴിഞ്ഞ 17-നു രാജ്യവ്യാപകമായി റിസര്‍വ് ബാങ്ക് അവലോകനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായായി കെടിഡിഎഫ്സിയുടെ ലൈസൻസ് റദ്ദാക്കാനുള്ള തിരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന സര്‍ക്കാരിന്റെ ഗാരന്റിയോട് കൂടിയാണ് കെടിഡിഎഫ്സി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ കെടിഡിഎഫ്സിക്കു പണം നല്‍കാൻ കഴിയുന്നില്ലെങ്കില്‍ ആ പണം നല്‍കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. എന്നാല്‍ അതു നടക്കാതിരുന്നതോടെ സംസ്ഥാന ഗാരന്റിക്കും വിലയില്ലാതായി.

ധനകാര്യ വകുപ്പിന്റെ കെടുകാര്യസ്ഥതയും ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്നതിനു തടസ്സമായി.കെഎസ്‌ആര്‍ടിസിക്കു വേണ്ടി കേരള ബാങ്ക് ഈടില്ലാതെ 356 കോടിരൂപ കെടിഡിഎഫ്സിക്കു നല്‍കിയിരുന്നു. ആ കടം നിഷ്ക്രിയ ആസ്തിയായി മാറി. കെടിഡിഎഫ്സിക്ക് ഇതും കനത്ത അടിയായി. നഷ്ടത്തിലായ കെഎസ്‌ആര്‍ടിസി 700 കോടിയിലധികം രൂപ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വായ്പ തിരിച്ചടക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

കെടിഡിഎഫ്‌സിയുടെ ആസ്തി ₹ -350.73 കോടിയായി കുറഞ്ഞുവെന്ന് സംസ്ഥാന അസംബ്ലിയില്‍ അവതരിപ്പിച്ച്‌ അംഗീകരിച്ച കേരളത്തിലെ പൊതുമേഖലാസംരംഭങ്ങളുടെ 2021-22 വാര്‍ഷിക അവലോകന റിവ്യൂവില്‍ പറയുന്നു. ഇതോടെ അവലോകന വര്‍ഷാവസാനം സഞ്ചിത നഷ്ടം 399.33 കോടി രൂപയാണ്. ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ കേരളത്തെ പരിപൂർണ്ണ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നതാണ് എന്ന വിലയിരുത്തലുകളും ഉണ്ട്. സർക്കാരിന് പോലും ഗ്യാരണ്ടികൾ പാലിക്കാൻ കഴിയുന്നില്ല എന്നത് ഗുരുതര പ്രശ്നങ്ങളുടെ സൂചന തന്നെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക