പ്രമുഖ യുപിഐ കമ്ബനിയായ പേടിഎമ്മിന്റെ വിവിധ സേവനങ്ങള്‍ക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിച്ചതിനെ തുടർന്നാണ് പേടിഎം ഇപ്പോള്‍ കടുത്ത നടപടി നേരിടുന്നത്. ഈ മാസം 29 മുതലാണ് നിരോധനം നിലവില്‍ വരുന്നത്.

ആധാർ ബന്ധിത ഇടപാടുകള്‍, നിക്ഷേപം സ്വീകരിക്കല്‍, ബില്‍ പേയ്മെന്റുകള്‍ എന്നിവ ഇനിമുതല്‍ പേടിഎമ്മിലൂടെ അനുവദിക്കില്ല. പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും പേടിഎമ്മിന് വിലക്കുണ്ട്. അതേസമയം,ഉപയോക്താക്കളുടെ യുപിഐ അഡ്രസ് എസ്ബിഐ, ഐസിഐസിഐ പോലുളള ബാങ്കുകളുടെ അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പുതിയ നടപടി ബാധിക്കില്ല. ആർബിഐയുടെ പുതിയ നടപടി പേടിഎം ഉപയോക്താക്കളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാപാരികളുടെ പണമിടപാട്: കൂടുതല്‍ വ്യാപാരികളും സ്ഥാപനങ്ങളില്‍ പണമിടപാടുകള്‍ക്കായി ഉപയോഗിച്ചുവന്നിരുന്നത് പേടിഎം അക്കൗണ്ടുകളായിരുന്നു. ഈ മാസം 29ന് ശേഷം ഉപയോക്താക്കളില്‍ നിന്നും വ്യാപാരികള്‍ക്ക് പേടിഎം ക്യൂആർ കോഡ് മുഖേന പണം സ്വീകരിക്കാൻ സാധിക്കില്ല. അതിനാല്‍ വ്യാപാരികള്‍ പുതിയ മാർഗങ്ങള്‍ സ്വീകരിക്കേണ്ടി വരും.

ഉപയോക്താക്കളുടെ വാലറ്റില്‍ ബാലൻസുളള പണത്തിന് എന്ത് സംഭവിക്കും? ഉപയോക്താക്കള്‍ പേടിഎം അക്കൗണ്ടിലെ വാലറ്റിലുളള ബാലൻസ് തുക സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഈ മാസം തന്നെ ഉപയോക്താക്കള്‍ ബാലൻസ് തുക കറന്റ് ബില്ലോ ഫോണ്‍ ബില്ലോ അടയ്ക്കുന്നതിനായി ഉപയോഗിക്കുക.

ഫാസ്റ്റ്ടാഗ് പ്രശ്നങ്ങൾ: പേടിഎം ഫാസ്റ്റ്ടാഗ് ഉപയോക്താക്കള്‍ നിലവില്‍ ലഭിച്ചുക്കൊണ്ടിരിക്കുന്ന സേവനങ്ങളില്‍ എന്തെങ്കിലും പ്രതിസന്ധി നേരിടുകയാണെങ്കില്‍ അടിയന്തരമായി പുതിയ ഫാസ്റ്റ്ടാഗുകള്‍ എടുക്കേണ്ടതാണ്.

പേടിഎം വഴി ലോണെടുത്തവർ: പേടിഎം സേവനങ്ങള്‍ അവസാനിച്ചാലും ഉപയോക്താക്കള്‍ ലോണ്‍തുക തിരിച്ചടയ്ക്കണം. പണമിടപാടില്‍ എന്തെങ്കിലും കാലതാമസം വന്നാല്‍ അത് നിങ്ങളുടെ ക്രഡിറ്റ് സ്‌കോറിനെ ബാധിക്കും.

സ്‌റ്റോക്ക് മാർക്കറ്റ്, മ്യൂച്ചല്‍ഫണ്ട് സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് എന്ത് സംഭവിക്കും? സ്റ്റോക്ക് മാർക്കറ്റ് , മ്യൂച്ചല്‍ ഫണ്ട് തുടങ്ങിയ സേവനങ്ങള്‍ സെക്യൂരിറ്റി ആൻഡ് എക്സ്‌ചെയ്ഞ്ച് മന്ത്രാലയത്തിന് കീഴില്‍ വരുന്നതാണ്. അതിനാല്‍ ആർബിഐയുടെ നടപടി ഇവയെ ബാധിക്കില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക