കണ്ണൂര്‍: ആര്‍.എസ്.എസ് ശാഖ തകര്‍ക്കാന്‍ സി.പി.എം ശ്രമിച്ചപ്പോള്‍ ആളെ അയച്ച്‌ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്ത്. ‘ഞങ്ങള്‍ ജനാധിപത്യ സംരക്ഷകരാണ്. സി.പി.എമ്മിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം ആര്‍.എസ്.എസ് തടഞ്ഞാല്‍ ഞങ്ങള്‍ സി.പി.എമ്മിന്റെയും സംരക്ഷകരാകും. ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കും പ്രവര്‍ത്തിക്കാനും സംഘടിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇവിടെ ഏത് പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. ഞങ്ങളാണ് ഈ രാജ്യത്തിന് ജനാധിപത്യം വാങ്ങിക്കൊടുത്തത്. ജനാധിപത്യ സംരക്ഷണത്തിന്റെ പോരാളികളാണ് ഈ പ്രസ്ഥാനം’ -സുധാകരന്‍ പറഞ്ഞു.

എടക്കാട്, കിഴുന്ന, തോട്ടട ഭാഗങ്ങളില്‍ ആര്‍.എസ്.എസ് ശാഖ തുടങ്ങിയപ്പോള്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് സുധാകരന്‍ കണ്ണൂരില്‍ എം.വി.ആര്‍ അനുസ്മരണ വേദിയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച്‌ ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സുധാകരന്റെ പ്രതികരണം. ‘അന്ന് ഗോപാല സേനയുള്ള കാലമാണ്. ആളെക്കൊല്ലാനും വെട്ടാനും ആടിന്റെ കഴുത്തുവെട്ടിയും വാഴവെട്ടിയും പരിശീലിക്കുന്ന കാലമാണത്. അവരുടെ ആ ക്യാമ്ബിലൊക്കെ നമ്മളും പോയി ആക്രമിച്ചാലോ?’ അദ്ദേഹം ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ബിജെപിയിൽ പോകുമെന്ന് പറഞ്ഞിട്ടില്ല, എനിക്ക് ബി.ജെ.പിയില്‍ പോകണം എന്ന് തോന്നിയാല്‍ പോകും, അതിന് സി.പി.എമ്മിന്റെ ശീട്ട് വേണ്ട. എന്റെ രാഷ്ട്രീയ തീരുമാനം ഞാന്‍ എടുക്കും. അതാലോചിക്കേണ്ട ബുദ്ധിയൊക്കെ എനിക്കുണ്ട്. അതാണ് ഞാന്‍ പറഞ്ഞത്. എന്റെ ഉദ്ദേശ ശുദ്ധിയെ നിങ്ങള്‍ ചോദ്യം ചെയ്യുകയാണ്. ജനാധിപത്യസംവിധാനത്തില്‍ ആര്‍ക്കും പ്രവൃത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നതാണ് എന്റെ ഉദ്ദേശശുദ്ധി. അത് നിങ്ങള്‍ പറഞ്ഞോളൂ ‘-കെ. സുധാകരന്‍ പറഞ്ഞു.

സി.പി.എം ശാഖ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് കെ.എസ്.യു സംഘടന പ്രവര്‍ത്തകനായ കാലത്ത് ആളെ അയച്ച്‌ സംരക്ഷണം നല്‍കിയതെന്നാണ് സുധാകരന്‍ പറഞ്ഞത്. ശാഖയോടും ആര്‍.എസ്.എസിനോടും ആഭിമുഖ്യം ഉണ്ടായിട്ടല്ല. പകരം, മൗലികാവകാശം തകര്‍ക്കപ്പെടുന്നത് നോക്കിനില്‍ക്കുന്നത് ജനാധിപത്യ വിശ്വാസിക്ക് ഗുണകരമല്ലെന്ന തോന്നലാണ് അതിന് പ്രേരിപ്പിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരിക്കലും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

പക്ഷെ, ആവിഷ്‍കാര- രാഷ്ട്രീയ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് ഓരോ പൗരന്‍റെയും ജന്മാവകാശമാണ്. അത് ഈ നാടിന്‍റെ സാമൂഹിക, സാമ്ബത്തിക സുരക്ഷിതത്വത്തിനും മതേതരത്വത്തിനും പോറലേല്‍ക്കാതെ നടത്തുന്ന ഏതു പ്രവര്‍ത്തനത്തെയും സംരക്ഷിക്കണമെന്ന തോന്നലാണ് അന്നത്തെ തീരുമാനത്തിന് പ്രേരിപ്പിച്ചത്. ശരിയാണോ തെറ്റാണോ എന്നൊക്കെ വിവാദമാകാമെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക