തിരഞ്ഞെടുപ്പ് കാലത്ത് ഇടിത്തീ പോലെ എല്‍ ഡി എഫ് കണ്‍വീനർ ഇ.പി ജയരാജനെതിരെ ആരോപണങ്ങള്‍ ഉയർന്നതോടെ കണ്ണൂർ സി പി എം നേതൃത്വം ആശങ്കയില്‍. ഉന്നതനേതാവിനെതിരെ ബിജെപി ബന്ധമെന്ന ആരോപണം പരമ്ബരാഗത വൈരിയായ സുധാകരൻ തന്നെ വെടിക്കെട്ടുപോലെ ഉന്നയിച്ചതോടെ കാസർകോട്, കണ്ണൂർ, വടകര പാർലമെന്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിനെ തന്നെ ബാധിക്കുമോയെന്ന ആശങ്കയിലാണ് സിപിഎം.

എന്നാല്‍ ജയരാജനെ പ്രതിരോധിക്കാൻ ഉന്നത നേതാക്കള്‍ ആരും രംഗത്തുവരാതിരുന്നത് പാർട്ടിക്കുള്ളിലും ചർച്ചയായിട്ടുണ്ട്. വിവാദങ്ങള്‍ കുത്തിപ്പൊക്കി വോട്ടെടുപ്പു ദിവസം ചർച്ചയാക്കേണ്ടെന്ന തന്ത്രപരമായ നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞ ഒരുവർഷമായി പാർട്ടിയോട് ഇടഞ്ഞു നില്‍ക്കുന്ന ഇ.പി ജയരാജൻ എല്‍.ഡി. എഫ് കണ്‍വീനറെന്ന നിലയില്‍ സജീവമാകാത്തതില്‍ പരക്കെ അമർഷമുണ്ട്. ഇതു ആളിക്കത്തിച്ചുകൊണ്ടാണ് ദല്ലാള്‍ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളും ശോഭസുരേന്ദ്രനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ഉന്നയിച്ച ആരോപണങ്ങളും പുറത്തുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജീവ് ചന്ദ്രശേഖറിന് പങ്കാളിത്തമുള്ള നിരാമയക്ക് ഇ.പിയുടെ കുടുംബത്തിന് ഷെയറുള്ള കല്യാശേരിയിലെ വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പിന് നല്‍കിയത് നേരത്തെ പാർട്ടിക്കുള്ളില്‍ തന്നെ വിവാദമായിരുന്നു. ഈ വസ്തുത നിലനില്‍ക്കവെ കെ.സുധാകരനുമേല്‍ ബിജെപി ബന്ധം ആരോപിച്ചു കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ സി.പി. എമ്മിനെ അതേ നാണയത്തില്‍ പൊളിച്ചടുക്കിയിരിക്കുകയാണ് കെ.സുധാകരൻ.

മഹാരാഷ്ട്ര ഗവർണറാകാൻ ഇ.പി ജയരാജൻ ബിജെപി പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി ഡല്‍ഹിയില്‍ ചർച്ച നടത്താൻ തയ്യാറായിരുന്നുവെന്നും ഇതിനുള്ള ഫ്ളൈറ്റ് ടിക്കറ്റ് അയച്ചുകൊടുത്തത് ദല്ലാള്‍ നന്ദകുമാറായിരുന്നുവെന്നാണ് ആരോപണം.സുധാകരൻ, ഇ.പി ജയരാജൻ ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ എന്നിവരുമായി ചർച്ച നടത്തിയതെന്നാണ് ആരോപണമുന്നയിച്ചതെങ്കില്‍ ഇതു അല്‍പം കൂടി കടത്തി പറഞ്ഞു വസ്തുതാപരമായ ശരിയാണെന്ന് വാദിക്കുകയാണ് ശോഭാസുരേന്ദ്രൻ.

ഇ.പി ജയരാജന്റെ മകൻ തനിക്ക് 2023-ജനുവരിയില്‍ അയച്ച നോട്ട് മൈ നമ്ബർ എസ്. എം. എസ് സന്ദേശം ഇതിനായി തെളിവായി കാണിക്കുകയും മകന്റെ ഫോണിലാണ് ഇ.പി തന്നെ ബന്ധപ്പെട്ടതെന്നുമാണ് ശോഭയുടെ ആരോപണം. എന്നാല്‍ ഒരുവിവാഹച്ചടങ്ങില്‍ വച്ചു ശോഭ, മകന്റെ ഫോണ്‍ നമ്ബർ വാങ്ങിയെന്നും ഇടയ്ക്കിടെ നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ അയക്കുമായിരുന്നുവെന്നും മകൻ മറുപടി കൊടുത്തില്ലെന്നുമായിരുന്നു ഇ.പിയുടെ വിശദീകരണം.

നേരത്തെ കെ.സുധാകരനാണ് ബിജെപിയിലേക്ക് പോവുകയെന്ന ആരോപണമാണ് ഇ.പി ജയരാജൻ സുധാകരന്റെ വിമർശനങ്ങള്‍ക്കു മറുപടിയായി പറഞ്ഞിരുന്നത്. സുധാകരൻ മറവി രോഗത്തിന് മരുന്ന് കഴിക്കാൻ മറന്നു പോയതാണെന്നു പരിഹസിക്കാനും ഇ.പി തയ്യാറായി. എന്നാല്‍ ആരോപണ കെണിയില്‍ വീണ ഇ. പി ജയരാജനെ പിൻതുണയ്ക്കാൻ സി.പി. എം കണ്ണൂർ ജില്ലാനേതൃത്വം പോലും മുൻപോട്ടുവരാത്തത് അണികളിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളില്‍ എല്‍.ഡി. എഫ് കണ്‍വീനർ തന്നെ വിവാദങ്ങളില്‍ വീണത് ജനവിധിയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് സി.പി. എം നേതൃത്വം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക