ഒരു സ്ത്രീ ഏഴ് മാസം കൊണ്ട് മുലപ്പാല്‍ നല്‍കിയത് 1400 കുട്ടികള്‍ക്ക്. കേള്‍ക്കുമ്ബോള്‍ അവിശ്വസനീയം എന്ന് തോന്നുന്നുണ്ടെങ്കിലും സത്യമാണ്. 29 -കാരിയായ ടി സിന്ധു മോണിക്ക ഇത് തന്നെയാണ് ചെയ്തത്. കോയമ്ബത്തൂരാണ് സിന്ധുവിന്റെ സ്ഥലം. എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. 2021 ജൂലൈക്കും 2022 ഏപ്രിലിനും ഇടയില്‍ ഏഴ് മാസത്തിനുള്ളില്‍ 42,000ml മുലപ്പാലാണ് സിന്ധു സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഐസിയു (Neonatal Intensive Care Unit) -വിലേക്ക് നല്‍കിയത്.
അടുത്തിടെ സിന്ധു ഏഷ്യന്‍, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടി. ‘ഭര്‍ത്താവിന് നന്ദി പറയുന്നു, അദ്ദേഹമാണ് എപ്പോഴും പിന്തുണ തന്നിരുന്നത്’ എന്ന് സിന്ധു പറയുന്നു. സിന്ധുവിന്റെ ഭര്‍ത്താവ് മഹേശ്വരന്‍ കോയമ്ബത്തൂരിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അസി. പ്രൊഫസറാണ്. ഇരുവര്‍ക്കും 18 മാസം പ്രായമുള്ള വെംബ എന്നൊരു മകളുണ്ട്.
-->
‘മകളെ മുലയൂട്ടിക്കഴിഞ്ഞാല്‍ മുലപ്പാല്‍ ശേഖരിക്കുകയും അമൃതം എന്‍ജിഒ -യിലെ രൂപ സെല്‍വനായകിയുടെ നിര്‍ദ്ദേശപ്രകാരം അത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നു. ഓരോ ആഴ്ചയും എന്‍ജിഒ ഈ മുലപ്പാല്‍ വന്ന് കൊണ്ടുപോകും. പിന്നീട് മില്‍ക്ക് ബാങ്കിലേക്ക് കൈമാറും’ എന്ന് സിന്ധു പറയുന്നു. ‘രണ്ട് വര്‍ഷം മുമ്ബാണ് ഈ പദ്ധതി തുടങ്ങിയത്. സര്‍ക്കാര്‍ ആശുപത്രികളിലെ നവജാതശിശുക്കള്‍ക്ക് മുലപ്പാല്‍ ലഭ്യമാക്കുക ആയിരുന്നു ലക്ഷ്യം.
50 സ്ത്രീകള്‍ ഇന്ന് പദ്ധതിയുടെ ഭാഗമാണ്. അതില്‍ 30 പേര്‍ സ്ഥിരമായി മുലപ്പാല്‍ തരുന്നുണ്ട്’ എന്ന് രൂപ സെല്‍വനായകി പറയുന്നു. ‘അമ്മമാര്‍ മരിച്ചതോ, അമ്മമാര്‍ക്ക് മുലയൂട്ടാനാകാത്തതോ ആയ കുഞ്ഞുങ്ങള്‍ക്കാണ് ഈ മുലപ്പാല്‍ നല്‍കുന്നത്’ എന്ന് ശിശു ആരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീനിവാസന്‍ പറയുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക