”നിങ്ങള്‍ക്ക് വേഗത്തില്‍ പോകണമെങ്കില്‍ തനിച്ച് നടക്കുക. എന്നാല്‍ ഒരുപാട് ദൂരം പോകണമെങ്കില്‍ ഒരുമിച്ച് നടക്കാം” – രത്തന്‍ ടാറ്റായുടെ പ്രശസ്ത വാചകങ്ങളിലൊന്നാണിത്. പ്രായം 84 പിന്നിട്ടെങ്കിലും നവസംരംഭങ്ങളെയും യുവ സംരംഭകരേയും കൈപിടിച്ചുയര്‍ത്താന്‍ ഇന്നും ആവേശത്തോടെ അദ്ദേഹം മുന്നിട്ടിറങ്ങുന്നു. ഇന്ത്യയുടെ ഭാവി ശോഭനമാകാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കണമെന്ന് രത്തന്‍ ടാറ്റ ഉറച്ചു വിശ്വസിക്കുന്നു. ഇത്തരം പ്രോത്സാഹനം നൽകുന്നതിന് ഭാഗമായി അദ്ദേഹം നിക്ഷേപം ഇറക്കിയ 6 പുതു സംരംഭങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു.

ഗുഡ്‌ഫെല്ലോസ്: മുതിർന്ന പൗരന്മാരെ സഹായിക്കാനും ആശ്വസിപ്പിക്കാനും വിദ്യാസമ്പന്നരായ യുവാക്കളെയും സഹാനുഭൂതിയുള്ളവരെയും പ്രദാനം ചെയ്യുന്ന സ്റ്റാർട്ടപ്പായ ‘ഗുഡ്‌ഫെല്ലോസ്’ എന്ന പുതിയ കമ്പനിയിൽ രത്തൻ ടാറ്റ നിക്ഷേപം നടത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൂലധന നിക്ഷേപത്തിന്റെ തുക വെളിപ്പെടുത്തിയിട്ടില്ല. രത്തൻ ടാറ്റയുടെ ഓഫീസിൽ ജനറൽ മാനേജരായിരുന്ന ശന്തനു നായിഡുവാണ് ഗുഡ്‌ഫെല്ലോസിന്റെ സ്ഥാപകൻ. പരീക്ഷണാടിസ്ഥാനത്തിൽ 20 പേർക്കാണ് ഇപ്പോൾ സേവനം നൽകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സേവനത്തിനായി കമ്പനി നിയോഗിക്കുന്ന ഒരു ‘കൂട്ടുകാരൻ’ (സുഹൃത്ത്) ആഴ്ചയിൽ 3 ദിവസമെങ്കിലും മുതിർന്ന പൗരന്റെ വീട് സന്ദർശിക്കണം. ഓരോ തവണയും അവരോടൊപ്പം കുറഞ്ഞത് 4 മണിക്കൂറെങ്കിലും ചെലവഴിക്കുക. അപ്പോൾ ആവശ്യമായ സഹായങ്ങൾ ചെയ്യണം. ആദ്യ മാസം സേവനം സൗജന്യമായിരിക്കും. തുടർന്ന് പ്രതിമാസം 5000 രൂപ നൽകണം. മുംബൈയിൽ ആരംഭിച്ച ഗുഡ്‌ഫെല്ലോസ് ചെന്നൈ, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് 30 കാരനായ ശന്തനു നായിഡു പറഞ്ഞു.

ജെനറിക് ആധാർ: 2019-ൽ 16 വയസ്സുള്ള അർജുൻ ദേശ്പാണ്ഡെ ആരംഭിച്ച ഒരു സംരംഭമാണ് ജെനറിക് ആധാർ. ഈ കമ്പനി ആരോഗ്യമേഖലയിലെ വിവിധ സേവനങ്ങൾക്കുള്ള ഏകജാലക പരിഹാരമായാണ് പ്രവർത്തിക്കുന്നത്. നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങുന്ന ഉയർന്ന നിലവാരമുള്ള മരുന്നുകൾ ബ്രാൻഡഡ് കമ്പനികളുടെ ഉൽപ്പന്നങ്ങളേക്കാൾ 80 ശതമാനം വരെ കിഴിവിൽ ആവശ്യക്കാർക്ക് നേരിട്ട് എത്തിക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കിയുള്ള വിതരണ രീതിയാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ആരംഭിച്ച് 3 വർഷത്തിനുള്ളിൽ ഇത് രാജ്യത്തെ 150 നഗരങ്ങളിൽ എത്തി. 1500-ലധികം മെഡിക്കൽ ഫ്രാഞ്ചൈസികളും ആരംഭിച്ചിട്ടുണ്ട്. 2021-ൽ രത്തൻ ടാറ്റ ജനറിക് ആധാറിൽ നിക്ഷേപിച്ചു. തുക വെളിപ്പെടുത്തിയിട്ടില്ല

ഓല ഇലക്ട്രിക്: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നിർമ്മിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയാണ് ഒല ഇലക്ട്രിക് മൊബിലിറ്റി. ഇലക്‌ട്രിക് വാഹന മേഖലയിൽ രാജ്യത്ത് ഉണർവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കമ്പനി ആരംഭിച്ചത്. ഒല ഇലക്ട്രിക്കിന്റെ മാതൃ കമ്പനിയായ എഎൻഐ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ രത്തൻ ടാറ്റ നിക്ഷേപം നടത്തി. അതുപോലെ, 2015 മുതൽ ഒല ഇലക്ട്രിക്കിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഓട്ടോമൊബൈൽ മേഖലയുടെ ഭാവി ഇലക്ട്രിക് വാഹനങ്ങളിലാണെന്ന് രത്തൻ വിശ്വസിക്കുന്നു.

മെയിലിറ്റ്: ലോജിസ്റ്റിക്‌സ് മേഖലയിലെ ഒരു സ്റ്റാർട്ടപ്പാണ് മെയിലിറ്റ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ അടിയന്തര കത്തിടപാടുകളും പാഴ്സൽ ഡെലിവറിയും കൈകാര്യം ചെയ്യുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രത്തൻ ടാറ്റ മെയിലിൽ നിക്ഷേപം നടത്തിക്കഴിഞ്ഞു. എന്നാൽ, എത്ര തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടില്ല. അടുത്ത 5 വർഷത്തിനുള്ളിൽ വിതരണ കേന്ദ്രങ്ങളും ഗോഡൗണുകളും പൂർണമായും യന്ത്രവൽക്കരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്. ഇതോടൊപ്പം രാജ്യത്തുടനീളം അഞ്ഞൂറോളം ‘മെയിൽ റൂമുകൾ’ ആരംഭിക്കാനും ലക്ഷ്യമിടുന്നു

ടോർക്ക് മോട്ടോഴ്സ്: ഇലക്ട്രിക് വാഹന മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്റ്റാർട്ടപ്പ് കമ്പനിയാണ് ടോർക്ക് മോട്ടോഴ്സ്. മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രമാക്കി 2016-ലാണ് ഇത് ആരംഭിച്ചത്. ഇലക്‌ട്രിക് ബൈക്കുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിരവധി വർഷത്തെ ഗവേഷണത്തിനും വികസനത്തിനും ശേഷം, 2022 ഏപ്രിലോടെ EV ബൈക്കുകൾ വിപണിയിൽ അവതരിപ്പിച്ചു. രത്തൻ ടാറ്റയ്‌ക്കൊപ്പം പ്രമുഖ വാഹന ഉപകരണ നിർമ്മാതാക്കളായ ഭാരത് ഫോർജും ഒല സ്ഥാപകൻ ഭവിഷ് അഗർവാളും കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

ലൈബ്രേറ്റ്: ലൈബ്രേറ്റ് ഒരു ഹെൽത്ത് കെയർ ടെക് കമ്പനിയാണ്. രോഗികളെയും ഡോക്ടർമാരെയും ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം അവർ സ്ഥാപിക്കുന്നു. ഇതിലൂടെ ഓൺലൈനായി ഡോക്ടർമാരുടെ മാർഗനിർദേശം തേടാം. രാജ്യത്തെ 500 നഗരങ്ങളിലേക്ക് കമ്പനി ഇതിനകം സേവനങ്ങൾ വ്യാപിപ്പിച്ചു. നിലവിലെ സാങ്കേതികവിദ്യ വികസിപ്പിക്കാനും മെച്ചപ്പെടുത്താനും രത്തൻ ടാറ്റയുടെ സഹായം തേടി. രോഗികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണം തേടുന്നതിനായി ലൈബ്രേറ്റ് വികസിപ്പിച്ച മൊബൈൽ ആപ്പ് സജ്ജീകരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക