FlashKeralaNewsSocial

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണ തർക്കം പുതിയ തലത്തിലേക്ക്: ആർച്ച് ബിഷപ്പ് കരിയിലിന് സ്ഥാനമൊഴിയാൻ നിർദ്ദേശം; രാജി ഉറപ്പാക്കാൻ വത്തിക്കാൻ സ്ഥാനപതി നേരിട്ടെത്തും എന്ന് റിപ്പോർട്ടുകൾ.

കൊച്ചി: ഏകീകൃത കുര്‍ബാന ക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. സിനഡ് നിര്‍ദേശിച്ച കുര്‍ബാനയില്‍ നിന്ന് വിട്ടുനിന്ന് എറണാകുളം അങ്കമാലി അതിരൂപതയില്‍ പരമ്ബരാഗത ജനാഭിമുഖ കുര്‍ബാന ചൊല്ലാന്‍ അനുമതി നല്‍കിയ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്‌ ബിഷപ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാന്‍ വത്തിക്കാന്‍ നിര്‍ദേശം നല്‍കി.

വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ബിഷപ്പ് ഡോ. ലിയോപോള്‍ഡോ ജിറേല്ലി കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനമൊഴിയാന്‍ നോട്ടീസ് നല്‍കിയത്. സ്ഥാനപതി നാളെ എറണാകുളം അരമന സന്ദര്‍ശിക്കുന്നുണ്ട്. സ്ഥാനമൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ രാജി എഴുതി വാങ്ങുകയാണ് ലക്ഷ്യമെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

സ്ഥാനപതിയുടെ നോട്ടീസില്‍ ആര്‍ച്ച്‌ ബിഷപ്പ് ആന്റണി കരിയില്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചുവെങ്കിലും അതില്‍ തീരുമാനം വന്നിട്ടില്ല. ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച വൈദികര്‍ക്കൊപ്പം നിന്നുവെന്ന കുറ്റമാണ് ആര്‍ച്ച്‌ ബിഷപ്പിനെതിരെ പറയുന്നത്. ഏകീകൃത കുര്‍ബാന ചൊല്ലുന്നതില്‍ നിന്ന് ഡിസംബര്‍ 25 വരെ താല്‍പര്യമുള്ള ഇടവകകള്‍ക്ക് ആര്‍ച്ച്‌ ബിഷപ് ഇളവ് നല്‍കിയിരുന്നു.

അതേസമയം, വിഷയത്തില്‍ ആര്‍ച്ച്‌ ബിഷപ്പിന് പിന്തുണയുമായി അതിരൂപതയിലെ വൈദികരും വിശ്വാസികളും രംഗത്തെത്തി. ആര്‍ച്ച്‌ ബിഷപ് സ്ഥാനമൊഴിയാന്‍ പാടില്ലെന്നും പുറത്താക്കാന്‍ അധികാരമുണ്ടെങ്കില്‍ നടപടി സ്വീകരിക്കട്ടെയെന്നുമാണ് ഇവരുടെ നിലപാട്. ഇന്ന് ചേരുന്ന യോഗത്തിനു ശേഷം മാധ്യമങ്ങളെ നിലപാട് പരസ്യമായി അറിയിക്കും.

സ്ഥാനമൊഴിഞ്ഞ ശേഷം പുതിയ ചുമതല ലഭിക്കുന്നത് വരെ അതിരൂപതയുടെ അതിര്‍ത്തിക്ക് പുറത്തുള്ള സിഎംഐ സഭയുടെ ഏതെങ്കിലും ഹൗസില്‍ താമസിക്കാനാണ് സ്ഥാനപതി കത്തില്‍ ആവശ്യപ്പെടുന്നത്. ഓഗസ്റ്റ് ആറിന് സിറോ മലബാര്‍ സഭ സിനഡ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേരാനിരിക്കേയാണ് തിരിക്കിട്ട നടപടികള്‍. സിനഡില്‍ പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

ആര്‍ച്ച്‌ബിഷപ്പ് കരിയിലെ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം സിനഡിനും കര്‍ദിനാള്‍ ആലഞ്ചേരിക്കും താല്‍പര്യമുള്ള അതിരൂപതയിലെ മുതിര്‍ന്ന ഒരു വൈദികനെ താത്ക്കാലിക അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചേക്കും. സിനഡില്‍ പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കുന്നത് വരെയായിരിക്കും ഈ നിയമനം. ഇദ്ദേഹത്തെ തന്നെ ബിഷപ്പ് ആയി നിയമിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

അതിരൂപതയിലെ ഭൂമി കുംഭകോണം മുതല്‍ രണ്ടു തട്ടിലാണ് സിറോ മലബാര്‍ സഭയും എറണാകുളം അങ്കമാലി അതിരൂപതയും. ഏകീകൃത കുര്‍ബാനക്രമം കൂടി വന്നതോടെ ആ വിടവ് വര്‍ധിച്ചു. ഭൂമി കുംഭകോണത്തെ തുടര്‍ന്ന് കര്‍ദിനാളിനെ അതിരൂപതയുടെ ഭരണത്തില്‍ നിന്നും മാറ്റിയ വത്തിക്കാന്‍ മെത്രാപ്പോലീത്തന്‍ വികാരിയായി ആര്‍ച്ച്‌ബിഷപ്പ് ആന്റണി കരിയിലിനെ നിയമിക്കുകയായിരുന്നു.

ചേര്‍ത്തല സ്വദേശിയായ ആര്‍ച്ച്‌ ബിഷപ്പ് ആന്റണി കരിയില്‍ സിഎംഐ സന്യാസ സമൂഹത്തില്‍ നിന്നുള്ള അംഗമാണ്. കളമശ്ശേരി രാജഗിരി കോളേജ് പ്രിന്‍സിപ്പല്‍, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ പ്രിയോര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡ്യ ബിഷപ്പായിരുന്ന അദ്ദേഹം, എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019ല്‍ ആണ് ചുമതലയേറ്റത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button