പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന് അഭ്യൂഹം. അമരീന്ദര്‍ സിംഗ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിങ്ങനെ നിരവധി പേരുകള്‍ സ്ഥാനാര്‍ഥികളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ബിജെപി ഉന്നത നേതൃത്വവും പാര്‍ലമെന്ററി ബോര്‍ഡുമാണ് അന്തി തീരുമാനം എടുക്കുക.

മുതുകിലെ ശസ്ത്രക്രിയയ്ക്കായി അമരീന്ദര്‍ സിംഗ് ഇപ്പോള്‍ ലണ്ടനിലാണ്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎയുടെ നോമിനിയായി സിംഗിന്റെ പേര് നിര്‍ദേശിച്ചതിന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ അടുത്ത സഹായി പറഞ്ഞു. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് രണ്ടാം തവണയും അധികാരം ലഭിച്ചേക്കുമെന്ന് ബിജെപി വൃത്തങ്ങളില്‍ അഭ്യൂഹമുണ്ട്, എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക ആലോചനകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ചത്. അടുത്തിടെ നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിലാണ് അദ്ദേഹം മത്സരിച്ചത്. ലോക്‌സഭയില്‍ ബിജെപിക്ക് നല്ല അംഗസംഖ്യയുണ്ട്, രാജ്യസഭയില്‍ 90 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയുമാണ്.

2017ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഗോപാല്‍കൃഷ്ണ ഗാന്ധിയെ മത്സരിപ്പിച്ചെങ്കിലും അദ്ദേഹം നായിഡുവിനോട് പരാജയപ്പെട്ടു. നായിഡു 516 വോടുകള്‍ നേടിയപ്പോള്‍ ഗാന്ധിക്ക് 244 വോടുകള്‍ മാത്രമാണ് നേടാനായത്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക