“അഭയാ കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂരിന്റെ ലിംഗത്തില്‍ ക്യാന്‍സറാണ് അറിഞ്ഞില്ലേ”: വിവാദ പരാമർശവുമായി മുൻമന്ത്രി കെ ടി ജലീൽ; വിമർശനമുയർത്തി വി ടി ബൽറാം.
പാലക്കാട്: തവനൂര്‍ എംഎല്‍എ കെ ടി ജലീല്‍ അഭയ കേസ് പ്രതി ഫാദര്‍ കോട്ടൂരിനെതിരെ നടത്തിയ പരാമര്‍ശം വിവാദത്തില്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത വ്യക്തിക്ക് നല്‍കിയ മറുപടിയിലാണ് വിവാദ പരാമര്‍ശമുള്ളത്. ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന കെ ടി ജലീലിന്റെ മന്ത്രിസ്ഥാനം നഷ്ടമാവാന്‍ കാരണമായ ലോകായുക്ത കേസിലെ വിധി പറഞ്ഞ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കെ ടി ജലീല്‍ നിരന്തരം വിമര്‍ശനം ഉന്നയിക്കാറുണ്ട് അത്തരത്തില്‍ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
മന്ത്രിസ്ഥാനം രാജിവെക്കാന്‍ കാരണമെന്താണെന്ന് ചോദിച്ചയാള്‍ക്കാണ് മുന്‍ മന്ത്രി ഫാദര്‍ കോട്ടൂരിനെതിരായ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. തനിക്കെതിരായ കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയാ കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂരിന്റെ ലിംഗത്തില്‍ ക്യാന്‍സറാണ് അറിഞ്ഞില്ലേ എന്നായിരുന്നു കെ ടി ജലീലിന്റെ മറുപടി. സ്വകാര്യ ചാനലില്‍ തന്റെ അഭിമുഖത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് കീഴിലായിരുന്നു വിവാദ മറുപടി.
കമന്റ് ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം രംഗത്തെത്തി. ഫാദര്‍ കോട്ടൂരിന് ക്യാന്‍സര്‍ വന്നത് അയാള്‍ കേസില്‍ പ്രതിയായത് കൊണ്ടാണോ അതോ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു ആയതിനാലാണോ എന്ന് ബല്‍റാം ചോദിച്ചു.
സിറിയക് ജോസഫ് ജലീലിനെതിരെ ലോകായുക്തയില്‍ വിധി പറഞ്ഞത് കൊണ്ടോ, ക്യാന്‍സര്‍ ബാധിക്കുന്ന ശരീരഭാഗം വച്ച് അതിന്റെ പിന്നിലെ മെഡിക്കല്‍- ഇതര കാരണങ്ങള്‍ കണ്ടെത്താനുള്ള ഏതെങ്കിലും പ്രത്യേക സിദ്ധി ജലീലിനുണ്ടോ, അസുഖത്തിന്റെ പേരില്‍ പരിഹസിക്കുന്നത് ഒരു പൊതുപ്രവര്‍ത്തകനും ദൈവവിശ്വാസിക്കും ചേര്‍ന്ന പണിയാണോ, അതോ ജലീലിന് മൊത്തത്തില്‍ കിളി പോയതാണോ എന്നീ ചോദ്യങ്ങളും ബല്‍റാം ഉന്നയിച്ചു.
വി ടി ബല്‍റാമിന്റെ വാക്കുകള്‍:
ഒരു പ്രമുഖ എല്‍ഡിഎഫ് ജനപ്രതിനിധിയുടെ സോഷ്യല്‍ മീഡിയ പ്രതികരണമാണിത്!
ചില സംശയങ്ങള്‍:
പ്രസ്തുത വ്യക്തിക്ക് കാന്‍സര്‍ വന്നത് അയാള്‍ കേസില്‍ ഒന്നാം പ്രതി ആയതുകൊണ്ടാണോ?
അതോ അയാള്‍ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു ആയതിനാലാണോ?
അതോ സിറിയക് ജോസഫ് ജലീലിനെതിരെ ലോകായുക്തയില്‍ വിധി പറഞ്ഞത് കൊണ്ടാണോ?
ഇങ്ങനെ ഓരോരുത്തര്‍ക്കും കാന്‍സര്‍ ബാധിക്കുന്ന ശരീരഭാഗം വച്ച് അതിന്റെ പിന്നിലെ മെഡിക്കല്‍-ഇതര കാരണങ്ങള്‍ കണ്ടെത്താനുള്ള ഏതെങ്കിലും പ്രത്യേക സിദ്ധി ജലീലിനുണ്ടോ?
ഉണ്ടെങ്കില്‍ ആ സിദ്ധി ഉപയോഗിച്ച് മറ്റ് ഏതെങ്കിലും പ്രമുഖരുടെ അസുഖ കാരണങ്ങള്‍ ജലീല്‍ കണ്ടെത്തിയിട്ടുണ്ടോ?
ആരോ ആവട്ടെ, ഒരാളെ അയാള്‍ക്ക് വന്ന ഗുരുതരമായ അസുഖത്തിന്റെ പേരില്‍ പരിഹസിക്കുന്നത് ഒരു പൊതുപ്രവര്‍ത്തകനും ദൈവവിശ്വാസിക്കും ചേര്‍ന്ന പണിയാണോ?
അതോ ജലീലിന് മൊത്തത്തില്‍ കിളി പോയതാണോ?
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക