കോട്ടയം കളക്ടറേറ്റിലേക്ക് ശനിയാഴ്ച യുഡിഎഫ് നടത്തിയ മാർച്ച് അക്രമാസക്തമായ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം ലഭിച്ചു. കോൺഗ്രസ് നേതാക്കളായ ജെയ്ജി പാലക്കലോടി, സാം കെ വർക്കി
ജോബി പട്ടം പറമ്പിൽ, അനിൽ കുമാർ, അൻസാരി കോട്ടയം എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.പൊതുമുതൽ നശിപ്പിച്ചു, കളക്ടറേറ്റിനു മുന്നിൽ അന്യായമായി സംഘം ചേർന്നു, ഗതാഗതം തടസ്സപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്

കോട്ടയം കളക്ടറേറ്റിലേക്ക് കോൺഗ്രസ് യൂത്ത് കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർ നടത്തിയ മാർച്ച് ആണ് സംഘർഷത്തിൽ കലാശിച്ചത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തുതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിൽ നഗരത്തിൽ സംഘടിച്ച ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ച് ആയിരുന്നു കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിന്റെ അവസാനഘട്ടത്തിലാണ് വലിയ രീതിയിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസ് ബാരിക്കേഡുകൾ മറിച്ചിട്ട പ്രവർത്തകർക്കെതിരെ ജലപീരങ്കിയും, ലാത്തിച്ചാർജും, ടിയർ ഗ്യാസും പ്രയോഗിച്ചു. ബാരിക്കേഡ് മറിഞ്ഞുവീണ് കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാറിന് പരിക്കേറ്റിരുന്നു. ഇദ്ദേഹം ഉൾപ്പെടെ നാല് പോലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. നിരവധി യുഡിഎഫ് കോൺഗ്രസ് പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു. 

ജാമ്യം ഉറപ്പാക്കിയത് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ സിബി ചേനപ്പാടിയുടെ വാദമുഖങ്ങൾ:

പൊലീസ് ശക്തമായ വകുപ്പുകൾ ചാർജ് ചെയ്യുകയും ശനിയാഴ്ച രാത്രി തന്നെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പേര് വെളിപ്പെടുത്തിയ 19 നേതാക്കൾക്ക് പുറമേ കണ്ടാലറിയാവുന്ന 81 പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു. വീഡിയോദൃശ്യങ്ങളിൽ നിന്ന് അടക്കം പ്രവർത്തകരെ തിരിച്ചറിഞ്ഞ് അർദ്ധരാത്രിയിൽ പോലും പലരുടെ വീടുകളിൽ പോലീസ് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ പോലീസ് നീക്കം മുൻകൂട്ടി അറിഞ്ഞ് പാർട്ടി നൽകിയ നിർദ്ദേശമനുസരിച്ച് മിക്ക പ്രവർത്തകരും പിടി കൊടുക്കാതിരിക്കാൻ മാറിനിൽക്കുകയായിരുന്നു.

രാത്രിയിൽ പോലീസ് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ കടന്നുകയറുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ കോൺഗ്രസും, കോട്ടയം ജില്ലാ പോലീസും തമ്മിലുള്ള അഭിമാന പോരാട്ടമായിരുന്നു ജാമ്യാപേക്ഷയിൽ നടന്നത്. കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി പാർട്ടി കളത്തിലിറങ്ങിയത് പാർട്ടി നേതാവും മുതിർന്ന അഭിഭാഷകനുമായ അഡ്വക്കേറ്റ് സിബി ചേനപ്പാടിയെ ആണ്. അദ്ദേഹത്തിൻറെ അഭിഭാഷക മികവ് തന്നെയാണ് അറസ്റ്റിലായി രണ്ടാം ദിവസം തന്നെ നേതാക്കൾക്ക് ജാമ്യം ഉറപ്പിച്ചത് എന്ന് പറയേണ്ടിവരും.

പൊതുമുതൽ നശിപ്പിച്ചു എന്ന കുറ്റം പോലീസ് ചുമത്തിയിരുന്നു എങ്കിലും കൃത്യമായ കണക്കുകൾ കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷനോ പൊലീസിനോ കഴിഞ്ഞില്ല. എത്രയുണ്ട് നഷ്ടമെന്ന് പോലീസ് പറയുന്നു അത്ര തുക തന്നെ കെട്ടിവെക്കാം എന്ന് പ്രതിഭാഗം അഭിഭാഷകൻ നിലപാടെടുത്തു. ശേഷം ഇന്ന് ഉച്ചയോടെയാണ് നഷ്ടത്തിന് കൃത്യമായ കണക്കുകൾ കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചത്.

ഇന്നലെ വാദം കഴിഞ്ഞപ്പോൾതന്നെ ജാമ്യം ലഭിക്കുമെന്ന് ആത്മവിശ്വാസമാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ പ്രകടമായത്. ഇതിനുകാരണം സിബി ചേനപ്പാടിയിൽ ഉള്ള പാർട്ടിയുടെ വിശ്വാസമായിരുന്നു. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും ഉൾപ്പെടെയുള്ളവർ ആലോചിച്ചാണ് സിബിയെ ഈ ചുമതല ഏൽപ്പിച്ചത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ കഴിയുന്ന ഡിസിസി പ്രസിഡൻറുമായും നേതാക്കൾ ആശയവിനിമയം നടത്തിയിരുന്നു. കെപിസിസി പ്രസിഡൻറ് കെ സുധാകരൻ നിർദ്ദേശിച്ചതനുസരിച്ച് വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എംപി ഇന്നലെ കോട്ടയത്ത് കൂടിയാലോചനകൾക്ക് ആയി എത്തുകയും ചെയ്തിരുന്നു. പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം ഒരിക്കൽകൂടി കാത്തുസൂക്ഷിക്കാനായി ചാരിതാർഥ്യത്തിലാണ് സിബി ചേനപ്പാടി.

നേതാക്കൾക്ക് സ്വീകരണം നൽകും: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ചിന്റു കുര്യൻ.

പോലീസ് രാജ് നടപ്പാക്കാൻ ശ്രമിച്ച സർക്കാരിനുള്ള കനത്ത തിരിച്ചടിയാണ് നേതാക്കൾക്ക് ജാമ്യം ലഭിച്ച സംഭവമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ചിന്റു കുര്യൻ പ്രതികരിച്ചു. പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയോടൊപ്പം അടിയുറച്ചു നിന്ന പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. എല്ലാ തിരക്കുകളും മാറ്റി വച്ച് പാർട്ടിക്കുവേണ്ടി കേസ് നടത്തിയ അഡ്വക്കേറ്റ് സിബി ചേനപ്പാടിയേയും, പാർട്ടിക്കുവേണ്ടി ജയിൽവാസം അനുഷ്ഠിച്ച നേതാക്കളെയും അദ്ദേഹം അഭിവാദ്യം ചെയ്തു. വൈകുന്നേരം അഞ്ചരയ്ക്ക് നേതാക്കൾക്ക് സ്വീകരണം സംഘടിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡണ്ട് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക