യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഇന്ത്യന്‍ റെയില്‍വേ (Indian Railway) നടപ്പിലാക്കിയ സേവന പദ്ധതികളിലൊന്നായ സൗജന്യ വൈഫൈ (Free WiFi) ദുരുപയോഗം ചെയ്യപ്പെടുന്നെന്ന് റിപ്പോര്‍ട്ട്. ട്രെയിന്റെ നിലവിലെ സ്റ്റാറ്റസ്, നിര്‍ദ്ദിഷ്ട പ്ലാറ്റ്‌ഫോമില്‍ എത്തിച്ചേരുന്ന സമയം, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി ആയിരക്കണക്കിന് റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ അധികൃതര്‍ സൗജന്യ വൈഫൈ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാലിപ്പോള്‍ പലരും സൗജന്യ വൈഫൈ സേവനം ദുരുപയോഗം ചെയ്യുന്നതിനാല്‍ റെയില്‍വേ അധികൃതര്‍ക്ക് ഈ സൗകര്യം വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

രാജ്യത്തുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ സേവനം നല്‍കുന്ന റെയില്‍ടെല്‍ (RailTel) പറയുന്നതനുസരിച്ച്‌, റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ ഉപയോ​ഗിച്ചുള്ള ഡൗണ്‍ലോഡുകളില്‍ 35 ശതമാനവും പോണ്‍ വീഡിയോകളാണ്. തെലങ്കാനയിലെ നമ്ബള്ളി റെയില്‍വേ സ്റ്റേഷനിലും ആന്ധ്രാപ്രദേശിലെ തിരുപ്പതി റെയില്‍വേ സ്റ്റേഷനിലും ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‌കോവിഡ് മഹാമാരിയുടെ വരവിനു മുന്‍പ്, രാജ്യത്തുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പകര്‍ച്ചവ്യാധിയും തുടര്‍ന്നുള്ള ലോക്ക് ഡൗണും മൂലം പല കമ്ബനികളും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തുടനീളമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തിലും ഇക്കാലയളവില്‍ അതിവേഗ വര്‍ധനവ് ഉണ്ടായി. റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനത്തിന്റെ ഉപയോഗം സംബന്ധിച്ച്‌ നിരീക്ഷണവും നിയമങ്ങളും ചട്ടങ്ങളും ഇല്ലാത്തതിനാല്‍, 35 ശതമാനം യാത്രക്കാരും പോണ്‍ സൈറ്റുകളില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തതായും കണ്ടെത്തി. എന്നാല്‍ ഈ സര്‍വീസ് ദുരുപയോഗം ചെയ്‌തത് യാത്രക്കാര്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

രാജ്യത്തുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനത്തിന്റെ ദുരുപയോഗം തടയാന്‍ റെയില്‍ടെല്‍ ഉദ്യോ​ഗസ്ഥര്‍ സാങ്കേതിക വിദ്യയുടെ സഹായം തേടി വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍ടെല്‍ ഇന്ത്യയിലെ 6,000ത്തിലധികം റെയില്‍വേ സ്റ്റേഷനുകളില്‍അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നുണ്ട്. ഈ പട്ടികയില്‍ ഏറ്റവും ഒടുവില്‍ ഇടംപിടിച്ച സ്റ്റേഷന്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി മേഖലയിലെ ഉബര്‍നി റെയില്‍വേ സ്റ്റേഷനാണ്. ഗൂഗിളിന്റെ സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗിച്ചാണ് റെയില്‍ടെല്‍ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലുടനീളം വൈഫൈ സജ്ജീകരിച്ചത്. എന്നാല്‍, ഗൂഗിള്‍ ഒടുവില്‍ ഈ പങ്കാളിത്തത്തില്‍ നിന്ന് പിന്മാറുകയും റെയില്‍ടെല്‍ സ്വന്തം നിലയ്ക്ക് ഈ സേവനങ്ങള്‍ നല്‍കാന്‍ ആരംഭിക്കുകയും ചെയ്തു.

ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഒഴികെ ഇന്ത്യയിലെ മിക്കവാറും എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സേവനം ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ തങ്ങള്‍ നടത്തി വരികയാണെന്ന് റെയില്‍ടെല്‍ അറിയിച്ചിരുന്നു. വൈഫൈ സേവനം നല്‍കുന്ന 6,100 സ്റ്റേഷനുകളില്‍ 5,000ത്തിലധികം സ്റ്റേഷനുകളും രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളിലാണെന്നും റെയില്‍ടെല്‍ പറഞ്ഞിരുന്നു. റെയില്‍വേ സ്റ്റേഷനിലെ സൗജന്യ വൈഫൈ ലഭിക്കാന്‍ ആദ്യം ഫോണില്‍ റെയില്‍ടെല്‍ വൈഫൈ നെറ്റ‍്‍വര്‍ക്ക് സേര്‍ച്ച്‌ ചെയ്യണം. തുടര്‍ന്ന് മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ നെറ്റ്‌വര്‍ക്കില്‍ സൈന്‍ അപ്പ് ചെയ്യുക. അതിനു ശേഷം ഒടിപി നല്‍കി വൈഫൈ കണക്ഷന്‍ നേടാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക