എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെയുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ട് വഴി സര്‍ക്കാരിന് നഷ്ടം 36 കോടി രൂപയെന്ന് സി എ ജിയുടെ കണ്ടെത്തല്‍. മൊബിലൈസേഷൻ അഡ്വാൻസ് വ്യവസ്ഥകള്‍ മറികടന്ന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍ക്കരിനോട് സി എ ജി റിപ്പോര്‍ട്ട് തേടി.
കരാര്‍ തുകയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്.കെ ഫോണ്‍ നടത്തിപ്പിന് ബെല്‍ കണ്‍സോര്‍ഷ്യത്തെ ഏല്‍പ്പിച്ച കരാറിലാണ് സി എ ജി നഷ്ടം ചൂണ്ടിക്കാട്ടുന്നത്. 1531 കോടിക്കായിരുന്നു ടെണ്ടര്‍ ഉറപ്പിച്ചത്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാൻസ് നല്‍കിയെന്നും അതുവഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ് സി എ ജി വ്യക്തമാക്കുന്നത്.
കെ ഫോണിന്റെ ടെണ്ടറില്‍ മൊബിലൈസേഷൻ അഡ്വാൻസിനെക്കുറിച്ച് പറയുന്നില്ല. പത്ത് ശതമാനം തുക അഡ്വാൻസ് നല്‍കണമെന്ന് കെ എസ് ഐ ടി എല്ലിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. ബെല്ലുമായി ഉണ്ടാക്കിയ പേയ്‌മെന്റ് ടേംസില്‍ സര്‍ക്കാരിന് കിട്ടേണ്ട പലിശയില്ല. പലിശയിനത്തില്‍ മാത്രം സര്‍ക്കാരിന് നഷ്ടം 36,35,57,844 കോടിയെന്നാണ് സി എ ജി കണ്ടെത്തല്‍.