ന്യൂഡല്‍ഹി: സ്ഥാനമേറ്റെടുത്ത് നാല് മാസത്തിനുള്ളില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് രാജിവച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ ബി ജെ പി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്ന റാവത്ത്, പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യയെ കണ്ട് രാജി സമര്‍പ്പിക്കുന്നതിനു മുമ്ബായി റാവത്ത് പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ പി നഡ്ഡയുമായി കൂടികാഴ്ച നടത്തി സ്ഥിതിഗതികള്‍ വിശദീകരിച്ചിരുന്നു. സംസ്ഥാനത്തെ ബി ജെ പി എം എല്‍ എമാര്‍ ഇന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും.

കഴിഞ്ഞ മാ‌ര്‍ച്ചില്‍ അന്നത്തെ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിനോട് പാര്‍ട്ടി നേതൃത്വം രാജിവക്കാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് വന്ന ഒഴിവിലാണ് എം പിയായ തിരാത് സിംഗ് മുഖ്യമന്ത്രിയാകുന്നത്. എം എല്‍ എ അല്ലാത്ത തിരാത് സിംഗിന് മുഖ്യമന്ത്രി പദത്തില്‍ തുടരണമെങ്കില്‍ സെപ്തംബര്‍ 10ന് മുമ്ബായി ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിക്കണമായിരുന്നു. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ആ സമയത്തിനു മുമ്ബായി ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടാകുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തിരാത് സിംഗ് രാജി സമര്‍പ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു തിരാത് സിംഗിന്റെ ഭരണകാലം. പാര്‍ട്ടിക്കുള്ളിലെ ചേരിപോര് കനത്തതോടെയാണ് മുമ്ബ് മുഖ്യമന്തിയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങളില്‍ അയവു വരുത്താന്‍ തിരാത് സിംഗിനും കാര്യമായി കഴിഞ്ഞില്ല. മാത്രമല്ല ത്രിവേന്ദ്ര സിംഗ് നടപ്പിലാക്കിയ പല പദ്ധതികളും അനാവശ്യമായിരുന്നുവെന്ന തരത്തിലുള്ള പ്രസ്താവനകളിലൂടെ പാ‌ര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ വിരോധവും തിരാത് സിംഗ് സമ്ബാദിച്ചിരുന്നു. 200 വര്‍ഷത്തോളം ഇന്ത്യയെ അടിമയാക്കി വച്ചിരുന്നത് ബ്രിട്ടന്‍ അല്ല അമേരിക്കയാണെന്ന പരാമര്‍ശവും മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ തിരാത് സിംഗ് നടത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക