ഇന്റര്‍നെറ്റ് അഡിക്ഷനിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് സൈബര്‍ സെക്സ് അഡിക്ഷൻ. ഇതില്‍ ഓണ്‍ലൈൻ പോണോഗ്രഫി, മുതിര്‍ന്നവര്‍ക്കുള്ള വെബ് സൈറ്റുകള്‍, ലൈംഗിക ഫാന്റസി/അഡല്‍റ്റ് ചാറ്റ് റൂമുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയില്‍ ഏതെങ്കിലും ഒന്നിനോടുള്ള അഭിനിവേശം ആസക്തിയായി മാറുന്നതാണ് സൈബര്‍ സെക്സ് ആസക്തി എന്ന പേരില്‍ അറിയപ്പെടുന്നത്. യഥാര്‍ഥലോകത്തില്‍ ഒരു വ്യക്തിയുമായി ആത്മബന്ധം രൂപീകരിക്കുവാനുള്ള ഒരാളുടെ കഴിവിനെയും പ്രണയത്തെയും ലൈംഗികതയെയുമെല്ലാം സൈബര്‍ സെക്സ് അഡിക്ഷൻ ദോഷകരമായി ബാധിക്കുന്നതായി കണ്ടുവരാറുണ്ട്.

ഇന്റര്‍നെറ്റില്‍ സൈബര്‍ സെക്സ് ആസ്വദിക്കുന്നവരുടെ എണ്ണം ദ്രുതഗതിയില്‍ പെരുകുകയാണ്. കുട്ടികള്‍, യുവാക്കള്‍, മദ്ധ്യവയസ്കര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതലങ്ങളില്‍ പെടുന്ന ആളുകളെല്ലാംതന്നെ ഈ ലിസ്റ്റില്‍ ഇടം പിടിക്കുന്നുണ്ട്. സൈബര്‍ സെക്സിന്റെ അതിപ്രസരം ദാമ്ബത്യങ്ങളെയും കുടുംബബന്ധങ്ങളെയും മനുഷ്യരുടെ സാമൂഹിക ഇടപെടലുകളെയെല്ലാം നിലംപരിശാക്കുകയാണ്. കുട്ടികളെ ഇത് വലിയ രീതിയില്‍ ബാധിക്കുന്നു എന്നതാണ് ഏറെ വിഷമകരമായ മറ്റൊരു വസ്തുത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൈബര്‍സെക്സ് അപകടകരമാകുമ്ബോള്‍: ഇന്റര്‍നെറ്റ് അഡിക്റ്റായ ഒരാള്‍ ഒരു കൃത്രിമലോകം സൃഷ്ടിച്ച്‌ യഥാര്‍ഥ ലോകത്തിനുപകരം അതില്‍ അഭിരമിച്ചുതുടങ്ങുമ്ബോഴാണ് ഇന്റര്‍നെറ്റ് ആസക്തി അപകടകരമാകുന്നത്. ലൈംഗികതയുടെ കാര്യം പരിഗണിച്ചാല്‍, സൈബര്‍ സെക്സില്‍ അഭിരമിച്ചുതുടങ്ങുന്ന ഒരാള്‍ അയഥാര്‍ത്ഥമായ ലൈംഗികജീവിതം സൃഷ്ടിച്ച്‌ യഥാര്‍ഥ ലൈംഗികതയ്ക്ക് മുകളില്‍ അതിന് പ്രാധാന്യം നല്‍കുന്നു. ഇതിനാല്‍ സൈബര്‍ സെക്സില്‍ ആത്മസംതൃപ്തി കണ്ടെത്തുകയും യഥാര്‍ത്ഥത്തിലുള്ള ലൈംഗികത ആസ്വദിക്കുവാൻ കഴിയാതെ പോകുകയും ചെയ്യുന്നു. ദാമ്ബത്യത്തില്‍ വരെ ഇതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങുമ്ബോഴാണ് കുടുംബബന്ധങ്ങള്‍ സങ്കീര്‍ണമാകുന്നതും വീടുകളിലെ സമാധാനന്തരീക്ഷം ഇല്ലാതെ ആകുന്നതും. എല്ലാ ലോകരാജ്യങ്ങളിലുമുള്ള ലൈംഗികകാഴ്ചകള്‍ ഒരു വിരല്‍ത്തുമ്ബില്‍ ആസ്വദിക്കാം എന്നതാണ് സൈബര്‍ സെക്സിന് ഇത്രയേറെ ആരാധകരെ സമ്മാനിക്കുന്നത്.

ഓണ്‍ലൈൻ സെക്സിനായി കൂടുതല്‍ പണം ചെലവഴിക്കുക, പോണോഗ്രാഫിക്ക് അടിമപ്പെടുക തുടങ്ങിയ ധാരാളം പ്രശ്നങ്ങള്‍ സൈബര്‍ സെക്സ് വഴി ഉണ്ടാവും. യഥാര്‍ത്ഥ പ്രണയത്തില്‍ മൂന്നു പ്രധാന ഘടകങ്ങളാണ് ഉള്ളത്. ആത്മബന്ധം (intimacy), ശാരീരിക ആകര്‍ഷണം (passion), പ്രതിബദ്ധത (commitment). എന്നാല്‍ സൈബര്‍ സെക്സ് അഡിക്ഷനില്‍ ശാരീരിക ആകര്‍ഷണം മാത്രമേ ഉണ്ടാകാറുള്ളൂ. അതുകൊണ്ട് ഇത്തരം വ്യക്തികള്‍ക്ക് സ്വന്തം പങ്കാളിയുമായി മാനസികമായും ശാരീരികമായുമുള്ള അടുപ്പം കാത്തുസൂക്ഷിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

ഓണ്‍ലൈൻ സെക്സ് എഡ്യുക്കേഷൻ: പരിധികളെല്ലാം ലംഘിക്കപ്പെട്ട് അഡിക്ഷന്റെ തലത്തിലേക്ക് പോകുമ്ബോഴാണ് ജീവിതം താളം തെറ്റിത്തുടങ്ങുന്നത്. ഇവിടെ വലിയൊരു ശതമാനം പുരുഷന്മാരും സ്ത്രീകളും സൈബര്‍ സെക്സിന്റെ കാഴ്ചക്കാരാണെന്നു പറയുമ്ബോഴും ഞെട്ടിപ്പിക്കുന്ന വസ്തുത ചെറിയ കുട്ടികള്‍പോലും ഇത്തരം സൈബര്‍ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു എന്നതാണ്. വെറും കാഴ്ചയില്‍ ഒതുങ്ങുന്നില്ല ഈ ആസക്തി എന്നതാണ് മറ്റൊരു പ്രധാന അപകടം. മൊബൈല്‍ ഫോണുകളിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും അപകടകരവും വിചിത്രവുമായ ബന്ധങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിക്കുന്നതോടെയാണ് കാര്യങ്ങള്‍ രൂക്ഷമാകുന്നത്.

കുട്ടികളിലാണ് സൈബര്‍ സെക്സ് ഏറ്റവും രൂക്ഷമായ പ്രത്യാഘാതങ്ങള്‍ക്കു വഴിയൊരുക്കുന്നത്, പ്രത്യേകിച്ച്‌ 12 വയസ്സിനു താഴെയുള്ള കുട്ടികളില്‍, കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങളിലെ ശരിതെറ്റുകള്‍ വിലയിരുത്തുവാനുള്ള ബൗദ്ധികശേഷി ആ പ്രായത്തില്‍ കുട്ടികളില്‍ വികസിച്ചിട്ടുണ്ടാവില്ല. കാണുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കുവാനും അത് അനുകരിക്കുവാനുമുള്ള ത്വര കുട്ടികളില്‍ ഉണ്ടാകുന്നു. ഇത്തരം കുട്ടികള്‍ ലൈംഗികത ഏറെയുള്ള വീഡിയോകള്‍ കാണുന്നത് അപകടമാണ്. അവര്‍ പെട്ടെന്നുതന്നെ അത്തരം ദൃശ്യങ്ങള്‍ക്ക് അടിമയായി തീരുവാൻ സാദ്ധ്യത കൂടുതലാണ്. അതോടൊപ്പം കുട്ടികളില്‍ അക്രമവാസന ഉണരുവാനും ഇതു വലിയൊരു കാരണമാകുന്നു.

മറ്റു ചില കുട്ടികളില്‍ ഇത്തരം ദൃശ്യങ്ങള്‍ മാനസികസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുവാനും ഭാവിജീവിതത്തില്‍ ലൈംഗികതയെ ഭയത്തോടുകൂടി കാണുവാനും അത് അവരുടെ കുടുംബജീവിതത്തെ താറുമാറാക്കുവാനുള്ള സാദ്ധ്യതയും ഏറെയാണ്. അതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വഴികാട്ടിയായി, ഓണ്‍ലൈൻ സെക്സ് എഡ്യുക്കേഷൻ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.

ഓണ്‍ലൈൻ വഴി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ക്ക് അത് ആരോട് പറയണം, എവിടെ പറയണം എന്നൊന്നും അറിയാത്തതുകൊണ്ട് ഉണ്ടാകുന്ന ആശങ്കയും ഓണ്‍ലൈൻ ചതിക്കുഴികളെക്കുറിച്ചുള്ള അറിവില്ലായ്മകളും ഇല്ലാതാക്കാൻ ഇത്തരത്തിലുള്ള ബോധവത്കരണം സഹായിക്കും. ഇനി ബോധവത്കരണം നല്‍കാൻ രക്ഷിതാക്കള്‍ക്ക് സാധിക്കുന്നില്ല എങ്കില്‍ ഈ വിഷയത്തെക്കുറിച്ച്‌ ആധികാരികമായി സംസാരിക്കാൻ പ്രാപ്തരായ വ്യക്തികള്‍ക്ക് കുട്ടിയുമായി സംസാരിക്കാനുള്ള അവസരം നല്‍കുവാൻ രക്ഷിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കണം. ഓണ്‍ലൈൻ ചതിക്കുഴികളിലൂടെ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന സാഹചര്യം പരമാവധി ഒഴിവാക്കാൻ ഈ ശ്രമങ്ങള്‍ ഉപകരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക