തിരുവനന്തപുരം: ഉപാധികള്‍ക്ക് വിധേയമായി അയ്യായിരം കോടി രൂപ വായ്പ എടുക്കാന്‍ കേന്ദ്രം താത്കാലിക അനുമതി നല്‍കിയെങ്കിലും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കഴിയാത്ത അവസ്ഥയിലാണ് കേരളം. അയ്യായിരം കോടിയില്‍ നിന്ന് ഈ മാസം രണ്ടു തവണയായി നാലായിരം കോടി വായ്പ എടുത്ത് ശമ്ബളവും പെന്‍ഷനും കൊടുക്കാനാണ് തീരുമാനം.

കിഫ്ബിയുടെ പേരിലും കേരള സര്‍വീസ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ പേരിലും കേരളം വാങ്ങുന്ന വായ്പകള്‍ പൊതുകടത്തില്‍ ഉള്‍പ്പെടുത്തണമെന്ന വാദത്തില്‍ ഉറച്ചു നിന്നാണ് കേന്ദ്രം പിടിമുറുക്കുന്നത്. എന്നാല്‍, ദേശീയ പാത അതോറിട്ടിയുടെ പേരിലും എഫ്.സി.ഐയുടെ പേരിലും വായ്പ എടുക്കുന്ന കേന്ദ്രം, അവ പൊതുകടത്തില്‍ ഉള്‍പ്പെടുത്താത്തത് ചൂണ്ടിക്കാട്ടി കേരളം സ്വന്തം നടപടിയെ ന്യായീകരിക്കുന്നു. ഇത് അംഗീകരിക്കാന്‍ തയ്യാറാവാതെയാണ് പുതിയ സാമ്ബത്തികവര്‍ഷത്തില്‍ വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നിഷേധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നാലെ അയ്യായിരം കോടി വായ്പ എടുക്കാന്‍ അനുമതി നല്‍കിയതു തന്നെ ഉപാധികള്‍ക്ക് വിധേയമായാണ്. ഇപ്പോള്‍ എടുക്കുന്ന വായ്പ ഈ സാമ്ബത്തിക വര്‍ഷം അനുവദിക്കുന്ന പൊതുകടത്തില്‍ നിന്ന് കുറവ് ചെയ്യുമെന്നതാണ് പ്രധാന ഉപാധി. മുന്‍വര്‍ഷമെടുത്ത വായ്പകളുടെയും ചെലവിന്റെയും പൊരുത്തക്കേടുകള്‍ക്ക് രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ യുക്തമായ വിശദീകരണം നല്‍കുകയും വേണം.

കേന്ദ്രത്തില്‍ നിന്ന് പല ഇനങ്ങളിലായി കിട്ടുന്ന തുകയില്‍ ഈ വര്‍ഷം 12000കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്ന് നേരത്തേതന്നെ വ്യക്തമായിരുന്നു. ജി.എസ്.ടി നഷ്ടപരിഹാരം നിറുത്തലാക്കുന്നതിനു പുറമേ, കമ്മി നികത്താനുള്ള സഹായവും ആസൂത്രണ ഗ്രാന്റും കുറയുന്നതാണ് കാരണം.

കൂടുതല്‍ വായ്പ എടുത്ത് ഈ പ്രതിസന്ധി മറികടക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടിയത്. ആ മാര്‍ഗമാണ് അടഞ്ഞത്. ഏപ്രിലില്‍ 1000കോടിയും മേയ് മാസത്തില്‍ 5000കോടിയും ജൂണില്‍ 3000കോടിയും വായ്പയെടുക്കാനായിരുന്നു തീരുമാനം.നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ല.ഏറ്റുമുട്ടലിന് നില്‍ക്കാതെ, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ട് പരിഹാരം കാണാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക