കേരളം കണ്ട ഏറ്റവും വലിയ നികുതി വെട്ടില്‍ ഒരു കോര്‍പ്പറേറ്റ് മുതലാളി അറസ്റ്റിലായിട്ടും മലയാളം മാധ്യമങ്ങള്‍ അറിഞ്ഞ മട്ടില്ല. മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറാക്കി ഇരുമ്ബു കമ്ബി കച്ചവടം പൊടി പൊടിക്കുന്ന കൈരളി ടിഎംടി സ്റ്റീല്‍സ് ബാര്‍ മുതലാളി ഹുമയൂണ്‍ കള്ളിയത്തിനെ ജിഎസ്ടി ഇന്റലിജന്‍സ് അറസ്റ്റു ചെയ്ത വാര്‍ത്തയാണ് മാധ്യമങ്ങള്‍ പരസ്യ താല്‍പ്പര്യത്താല്‍ മുക്കിയത്. ചിലരാകട്ടെ വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഇത് പിന്‍വലിച്ചു തടിതപ്പുകയും ചെയ്തു. മറ്റു ചിലര്‍ വാര്‍ത്ത നല്‍കിയെന്ന് വരുത്താന്‍ ഒരു കോളം വാര്‍ത്തയില്‍ ഒതുക്കുകയും ചെയ്തു.

400 കോടിയുടെ വ്യാജ ബില്‍ ഉണ്ടാക്കി ജിഎസ്ടി തട്ടിപ്പു നടത്തിയ കൈരളി ടിഎംടി മുതലാളിയെ അറസ്റ്റു ചെയ്തു റിമാന്‍ഡു ചെയ്ത വിവരം ജിഎസ്ടി ഇന്റലിജന്‍സ് വാര്‍ത്താ കുറിപ്പായി പുറത്തിറക്കിയിരുന്നു. വന്‍ തട്ടിപ്പായിട്ടും അതിന് വേണ്ട പ്രാധാന്യം ആരും നല്‍കിയില്ല. ചാനലുകള്‍ ആകട്ടെ പ്രിയപ്പെട്ട മുതലാളിയെ സംരക്ഷിക്കാന്‍ വേണ്ടി വാര്‍ത്ത മുക്കുകയും ചെയ്തു. മറിച്ചു ഇത്തരം തട്ടിപ്പുകളില്‍ പ്രൈംടൈം ചര്‍ച്ചകള്‍ നടത്തുന്നവര്‍ പോലും അത് കണ്ടില്ലെന്ന് നടിക്കുകയാണ് ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാനലുകള്‍ വാര്‍ത്ത മുക്കാന്‍ കാരണം മിക്ക പരിപാടികളുടെ സ്‌പോണ്‍സര്‍മാര്‍ കൈരളി ടിഎംടി ബാറാണ്. ചാനല്‍ അവതാരകര്‍ വാര്‍ത്ത വായിക്കുമ്ബോള്‍ ലാപ്പ്‌ടോപ്പില്‍ പോലും കൈരളി ടിഎംടിയുടെ പരസ്യം വന്നിരുന്നു. അത്തരത്തിലുള്ള ബ്രാന്‍ഡിംഗാണ് കൈരളി ടിഎംടി നടത്തിയിരുന്നത്. മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറായ കമ്ബനി ഗംഭീര പരസ്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്. മുമ്ബ് ജയറാമിനെ ബ്രാന്‍ഡ് അംബാസിഡറാക്കിയാണ് പരസ്യം തയ്യാറാക്കിയതും.

ഡയറക്ടര്‍ ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജിന്‍സ് നടത്തിയ പരിശോധനയില്‍ നൂറ് കോടിയുടെ അധികം നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. കൈരളി ടി.എം ടി സ്റ്റീല്‍ ബാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെയാണ് ഡയറക്ടറെറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ ഹുമയൂണ്‍ കള്ളിയത്തിനെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഒന്നര വര്‍ഷത്തോളം നീണ്ട നിരീക്ഷണത്തിന്നൊടുവിലാണ് ഹുമയൂണ്‍ കള്ളിയത്തിനെ ഇന്നു അറസ്റ്റ് ചെയ്തത്. നിരന്തരമായി ഈ ഗ്രൂപ്പ് ജിഎസ്.ടി വെട്ടിപ്പു നടത്തുന്നുണ്ടെന്ന വിവരമാണ് അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടിള്ളത്. നാനൂറ് കോടിയുടെ കള്ളബില്‍ ഉണ്ടാക്കിയെന്നാണ് ജിഎസ്ടി ഇന്റജിലിന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇത് വഴി 43 കോടിയോളം രൂപ ജിഎസ്ടി ഇനത്തില്‍ മാത്രം സര്‍ക്കാറിന് നഷ്ടമായെന്നുമാണ് വിവരം. ഇത് സംബന്ധിച്ച പരിശോധനകള്‍ വിപുലപ്പെടുത്തിയാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.

കള്ള ബില്‍ അടച്ച്‌ ടാക്‌സ് ക്രെഡിറ്റ് ഉണ്ടാക്കും. സാധനങ്ങള്‍ ഷോപ്പില്‍ നിന്ന് പോകാതെ തന്നെയാണ് ഇവര്‍ ബില്‍ അടിച്ചു കൊണ്ടിരുന്നത്. ഇത് നിരന്തരം ഇവര്‍ ചെയ്തു കൊണ്ടിരുന്നു. ഇതോടെ വളരെ ചെറിയ ജിഎസ്ടി വിഹിതമാണ് സര്‍ക്കാരിലേക്ക് പോയത്. ഇത് മനസിലാക്കി രണ്ടു തവണ കേന്ദ്ര ജിഎസ്ടി അധികൃതര്‍ കൈരളി ടി.എം ടി സ്റ്റീല്‍ ബാര്‍സില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നിട്ടും തട്ടിപ്പു തുടരുകയാണ് ഈ ഗ്രൂപ്പു ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.

ഹുമയൂണ്‍ കള്ളിയത്താണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി. ജിഎസ്ടി ഇന്റലിജന്‍സ് ഓഫീസര്‍ ജിജോ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹുമയൂണിനെ അറസ്റ്റു ചെയ്തത്. സീനിയര്‍ ഇന്റലിജലന്‍സ് ഓഫീസര്‍മാരായ ഹരീന്ദ്രന്‍ കെ, ഷാഹുല്‍ ഹമീദ് എ, ബാലഗോപാല്‍ ജി കുര്യന്‍ എന്നിവരും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ വൈശാഖ് പി വൈശാഖന്‍, അശോക് കുമാര്‍ ദാട്ടി, മഞ്ജു കൃഷ്ണദാസ്, ജിതു തുടങ്ങിയവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. ജിഎസ്ടി ഇന്റലിജന്റ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷ്ണേന്തു മിന്റുരാജ, അഡീഷണല്‍ ഡയറക്ടര്‍ നസീര്‍ ഖാന്‍ എന്നിവരും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക