അടിമാലി: നടന്‍ ബാബുരാജ് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസില്‍ പൊലീസ് ഒളിച്ചുകളിക്കുന്നെന്ന് പരാതി. കോതമംഗലം ഊന്നുകല്‍ സ്വദേശി അരുണ്‍കുമാറാണ് പരാതിക്കാരന്‍. കോടതി ഇടപെടലിനെത്തുടര്‍ന്ന് ബാബുരാജിനെതിരെ വഞ്ചനകുറ്റത്തിന് കേസെടുത്തെങ്കിലും പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് അരുണ്‍കുമാര്‍ പ്രമുഖ മലയാളം ഓൺലൈൻ മാധ്യമത്തോട് വ്യക്തമാക്കി.

മൂന്നാര്‍ ആനവിരട്ടി കമ്ബിലൈന്‍ ഭാഗത്ത് വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ്ബ് റിസോര്‍ട്ടിന്റെ പേരിലാണ് ബാബു രാജ് പണം തട്ടിയതെന്നാണ് ആരോപണം. സാധുവായ പട്ടയം ഇല്ലാത്തതിന്റെ പേരില്‍ റവന്യൂവകുപ്പ് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ച സ്ഥലത്ത് സ്ഥാപിച്ച റിസോര്‍ട്ടും അനുബന്ധ സ്ഥാപനങ്ങളും പാട്ടത്തിന് നല്‍കി ബാബുരാജ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് അരുണ്‍കുമാര്‍ പറയുന്നു. അരുണ്‍കുമാര്‍ നല്‍കിയ ഹര്‍ജ്ജിയില്‍ ഏതാനും മാസം മുമ്ബ് ബാബുരാജിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ അടിമാലി കോടതി ഉത്തരവായിരുന്നു. ഇതുപ്രകാരം വിശ്വാസ വഞ്ചനയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് തവണ നോട്ടീസ് നല്‍കി വിശദീകരണം തേടാന്‍ പൊലീസ് ബാബുരാജിനെ വിളിപ്പിച്ചെങ്കിലും അസൗകര്യം അറിയിച്ച്‌ അവധി അപേക്ഷ നല്‍കുകയായിരുന്നു .ഇനി ഈ കേസില്‍ ബാബുരാജിന്റെ അവധി അപേക്ഷ പൊലീസ് സ്വീകരിക്കാനിടയില്ലെന്നാണ് സൂചന. മൂന്നാര്‍ ആനവിരട്ടി കമ്ബിലൈന്‍ ഭാഗത്ത് 22 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് നടന്‍ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ്ബ് എന്ന സ്ഥാപനം. ഇതില്‍ 5 കെട്ടിടങ്ങള്‍ക്ക് മാത്രമാണ് പള്ളിവാസല്‍ പഞ്ചായത്ത് നമ്ബറിട്ട് നല്‍കിയിട്ടുള്ളത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങള്‍ പ്രകാരം നല്‍കിയിട്ടുള്ളതല്ലന്ന് വ്യക്തമായ സാഹചര്യത്തില്‍ റവന്യൂവകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോര്‍ട്ട് നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഈ സാഹചര്യം നിലനില്‍ക്കെ 2020 ഫെബ്രുവരി 26-ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോര്‍ട്ടിന്റെ നടത്തിപ്പ് മാര്‍ച്ച്‌ 15 മുതല്‍ തനിക്ക് നല്‍കാമെന്ന് കാണിച്ച്‌ ബാബുരാജ് കരാര്‍ തയ്യാറാക്കിയെന്നും ഇതിന്‍പ്രകാരം രണ്ടുഗഡുക്കളായി താന്‍ 40 ലക്ഷം രൂപ നല്‍കിയെന്നും അരുണ്‍കുമാര്‍ പറയുന്നു. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കരാര്‍ പ്രകാരം കാര്യങ്ങള്‍ മുന്നോട്ട് പോയില്ല. ഇതെത്തുടര്‍ന്ന് താന്‍ നല്‍കിയ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാബുരാജിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ പണം തിരികെ നല്‍കാന്‍ നടന്‍ തയ്യാറായില്ല. ഇതെത്തുടര്‍ന്ന് അരുണ്‍കുമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.കോടതി നിര്‍ദ്ദേശപ്രകാരമാണ് അടിമാലി പൊലീസ് നടനെതിരെ കേസെടുത്തത്. 2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെന്നും ഇതും മറച്ചുവച്ചാണ് ബാബുരാജ് താനുമായി കരാറില്‍ ഏര്‍പ്പെട്ടതെന്നും അരുണ്‍കുമാര്‍ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക