ന്യൂഡല്‍ഹി: മൂന്നുദിവസത്തിനിടെ രണ്ടാമത്തെ കൂടിക്കാഴ്ച. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി വീണ്ടും കൂടിയാലോചന നടത്തിയതാണ് ഡല്‍ഹിയിലെ രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചാ വിഷയം. സോണിയുടെ 10 ജന്‍പഥിലെ വസതിയില്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ദൈര്‍ഘ്യമേറിയ യോഗവും തിങ്കളാഴ്ച നടന്നു. പ്രിയങ്ക ഗാന്ധി, മുകുള്‍ വാസ്‌നിക്. രണ്‍ദീപ് സിങ് സുര്‍ജേവാല, കെ സി വേണുഗോപാല്‍, അംബികാ സോണി എന്നിവരൊക്കെ യോഗത്തില്‍ ഉണ്ടായിരുന്നു. പിഡിപി അദ്ധ്യക്ഷ മെഹ്ബൂബ മുഫ്തിയുമായി സോണിയ പ്രത്യേകം ചര്‍ച്ചയും നടത്തി.

ശനിയാഴ്ചയാണ് 2024 ലെ പൊതുതിരഞ്ഞെടുപ്പ് ലാക്കാക്കി പ്രശാന്ത് കിഷോര്‍ വിശദമായ പദ്ധതി കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചത്. 370 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് പ്രശാന്ത് കിഷോറിന്റെ മുഖ്യനിര്‍ദ്ദേശം. യുപിയിലും ബിഹാറിലും ഒഡിഷയിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണം. തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും, മഹാരാഷ്ട്രയിലും സഖ്യം രൂപീകരിക്കണം. രാഹുല്‍ ഗാന്ധി പ്രശാന്തിന്റെ പോയിന്റുകളോട് യോജിച്ചുവെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രശാന്തിന്റെ പദ്ധതിയെ കുറിച്ച്‌ വിശദമായ ചര്‍ച്ച ആവശ്യമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. ഒരു ചെറിയ ഗ്രൂപ്പിനെ നിയോഗിച്ച്‌ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് വാങ്ങി തീരുമാനം എടുക്കുകയാണ് സോണിയയുടെ ലക്ഷ്യം. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍, ചേരുമെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു.

ണ്ടുവര്‍ഷമായി ചര്‍ച്ച തുടരുന്നു

രണ്ടുവര്‍ഷമായി പ്രശാന്ത് കിഷോറും ഗാന്ധി കുടുംബവുമായി ചര്‍ച്ച തുടങ്ങിയിട്ട്. 90 ശതമാനം പ്രശ്‌നങ്ങളിലും ഇരുകൂട്ടരും യോജിച്ചു. 10 ശതമാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സെപ്റ്റംബറില്‍ ചര്‍ച്ച മുറിഞ്ഞത്. ഇപ്പോള്‍ വീണ്ടും ചര്‍ച്ച സജീവമായിരിക്കുന്നു.

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍, ഗാന്ധി കുടുംബത്തിന്റെ മേലുള്ള വലിയൊരു സമ്മര്‍ദ്ദം ഒഴിവാകും. തിരഞ്ഞെടുപ്പില്‍ മാജിക് വാന്‍ഡുണ്ടെന്ന് പലരും വിശ്വസിക്കുന്ന പ്രശാന്തിന്റെ സാന്നിധ്യം, കോണ്‍ഗ്രസിനെ എഴുതി തള്ളിയവരെ പോലും ഇരുത്തി ചിന്തിപ്പിക്കുമെന്നാണ് പ്രതീക്ഷ.

എന്താണ് പ്രശാന്തിന്റെ കോണ്‍ഗ്രസ് പ്ലാന്‍?

പലതവണ അഭിമുഖങ്ങളിലും മറ്റുമായി ഇക്കാര്യം പ്രശാന്ത് വ്യക്തമാക്കി കഴിഞ്ഞു. എന്താണ് ബിജെപിയുടെ തുടര്‍വിജയങ്ങള്‍ക്ക് കാരണം? പ്രശാന്തിന്റെ അഭിപ്രായത്തില്‍ ഹിന്ദുത്വ, അതിദേശീയത, ക്ഷേമ പരിപാടികള്‍. എങ്ങനെ കോണ്‍ഗ്രസിന് ഈ മൂന്നിനെയും നേരിടാം? പൊതുജനമധ്യേ കൃത്യമായ ഉത്തരങ്ങള്‍ നല്‍കുന്നില്ല പ്രശാന്ത്. ‘ഹിന്ദുത്വയ്ക്ക് പരിമിതികള്‍ ഉണ്ട്. ഹിന്ദുത്വയുടെ അടിസ്ഥാനത്തില്‍, നിങ്ങള്‍ക്ക് 50-55 ശതമാനം ഹിന്ദുക്കളെ കൊണ്ടുവരാം. എന്നാല്‍, തുറന്ന മനസ്സുള്ള ലിബറലായ ഹിന്ദുക്കള്‍ ഏറെയുണ്ട്. ഹിന്ദൂയിസത്തെയും ഹിന്ദുത്വയെയും കുറിച്ച്‌ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് വ്യഥാവ്യായാമമാണ്’, പ്രശാന്ത് പറയുന്നു.

പ്രതിപക്ഷത്തിന് എതിരെയുള്ള ബിജെപിയുടെ ദേശീയ വിരുദ്ധരെന്ന പ്രചാരണത്തെയും കോണ്‍ഗ്രസ് നേരിടണം. സര്‍ദാര്‍ പട്ടേലിനെ പോലെ ഒരു അതികായനെ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ എങ്ങനെ കോണ്‍ഗ്രസിന് കഴിഞ്ഞു? എത്ര കോണ്‍ഗ്രസുകാരാണ് യഥാര്‍ത്ഥത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് വേണ്ടി പോരാടുന്നത്? അതുകൊണ്ട് തന്നെ പ്രശാന്ത് വന്നാല്‍, കോണ്‍ഗ്രസിന്റെ ദേശീയ മുഖം വീണ്ടെടുക്കാന്‍ ചില തുടരന്‍ നമ്ബരുകള്‍ പ്രതീക്ഷിക്കാം.

ഗാന്ധി കുടുംബം ഇല്ലാതെ എങ്ങനെ?

ബിജെപിയെയാണ് ഇക്കാര്യത്തില്‍ പ്രശാന്ത് റോള്‍ മോഡലാക്കുന്നത്. ജെപി നഡ്ഡ മോഡല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ബിജെപിയെ യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നതെങ്കിലും, നഡ്ഡയാണ് പാര്‍ട്ടി പ്രസിഡന്റ്. പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് എത്താന്‍, എല്ലാവര്‍ക്കും അവസരം നല്‍കുന്ന പാര്‍ട്ടി എന്ന പ്രതിച്ഛായ നഡ്ഡ മോഡല്‍ ബിജെപിക്ക് നല്‍കുന്നു. ഒരു ബൂത്ത് തല പ്രവര്‍ത്തകന് വരെ പാര്‍ട്ടി അദ്ധ്യക്ഷന്‍ ആകാമെന്ന സന്ദേശം ഇതിലൂടെ നല്‍കുന്നു. അവരത് ആയാലും ഇല്ലെങ്കിലും, പൊതുജനത്തിന് കിട്ടുന്ന സന്ദേശം അതാണ്.

പാര്‍ട്ടിയെ നയിക്കുന്ന ആളാവരുത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നാണ് പ്രശാന്ത് കിഷോറിന്റെ നയം. രണ്ടും രണ്ടുപണിയാണെന്ന് ചുരുക്കം. ഒരു കുടുംബം നയിക്കുന്ന പാര്‍ട്ടി എന്ന ഇമേജുമായി ഒരു മുഖ്യ രാഷ്ട്രീയ ശക്തിയായി ദീര്‍ഘനാള്‍ നില്‍ക്കാനാവില്ല, പ്രശാന്ത് കിഷോര്‍ പറയുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായി മടങ്ങി എത്തിയാല്‍ തന്നെ അദ്ദേഹം ആയിരിക്കരുത്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. പ്രശാന്ത് പറയുന്നതൊക്കെ കോണ്‍ഗ്രസ് അംഗീകരിക്കുമോ എന്ന് കണ്ടറിയണം. നഡ്ഡ മോഡല്‍ കോണ്‍ഗ്രസും പിന്തുടര്‍ന്നാല്‍, വരിക വലിയൊരു മാറ്റമായിരിക്കും. കുടുംബാധിപത്യ പാര്‍ട്ടി എന്ന ബിജെപി ആരോപണത്തിന്റെ മുന ഒടിക്കാനും കഴിയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക