മുംബൈ: സീസണിലെ രണ്ടാം സെഞ്ചുറിയുമായി റണ്‍മല തീര്‍ത്ത ജോസ് ബട്‌ലര്‍, ഹാട്രിക് അടക്കം ഒറ്റ ഓവറില്‍ മത്സരത്തിന്റെ ഗതി മാറ്റിമറിച്ച യുവ്വേന്ദ്ര ചെഹല്‍, അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയെ ഏഴ് റണ്‍സിന് കീഴടക്കി രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം.

ആറ് വിക്കറ്റുകള്‍ ശേഷിക്കെ നാല് ഓവറില്‍ 40 റണ്‍സ് മാത്രം ജയത്തിന് വേണ്ടിയിരുന്ന കൊല്‍ക്കത്തയെ പതിനേഴാം ഓവറില്‍ യുസ്വേന്ദ്ര ചെഹല്‍ യഥാര്‍ത്ഥത്തില്‍ എറിഞ്ഞിടുകയായിരുന്നു. കൊല്‍ക്കത്തയുടെ വിധി മാറ്റി മറിക്കാന്‍ വെറും മൂന്നു പന്തുകള്‍ ധാരാളമായിരുന്നു. വിജയത്തിലേക്ക് അതിവേഗം കുതിച്ച അവരുടെ മൂന്നു നിര്‍ണായക വിക്കറ്റുകള്‍ അടുത്തടുത്ത മൂന്നു പന്തുകളില്‍ വീഴ്‌ത്തി സ്പിന്നര്‍ യുവ്വേന്ദ്ര ചെഹലാണ് കൊല്‍ക്കത്തയില്‍നിന്നു വിജയം തട്ടിപ്പറിച്ചത്. .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓപ്പണ്‍ ജോസ് ബട്ലറുടെ സെഞ്ചുറിക്കരുത്തില്‍ 217 റണ്‍സെടുത്ത രാജസ്ഥാന്റെ സ്‌കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്ത, ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരുടെയും (51 പന്തില്‍ 85), ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെയും (28 പന്തില്‍ 58) അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ അതിവേഗം വിജയത്തിലേക്ക് അടുക്കുമെന്ന് കരുതിയെങ്കിലും ചെഹല്‍ എറിഞ്ഞ 17ാം ഓവറില്‍ മത്സരത്തില്‍ നിര്‍ണായക വഴിത്തിരിവാകുകയായിരുന്നു. ഓവറിന്റെ അവസാന മൂന്നു പന്തുകളില്‍ ശ്രേയസ്സ് അയ്യരടക്കം മൂന്നു പേരുടെ വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് ചെഹല്‍ മത്സരം രാജസ്ഥാന്റെ വരുതിയിലാക്കിയത്.

പിന്നീടെത്തിയ ഉമേഷ് യാദവ് ഒന്നു വിറപ്പിച്ചെങ്കിലും (9 പന്തില്‍ 21) കൊല്‍ക്കത്തയെ വിജയിലേക്ക് എത്തിക്കാനായില്ല. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തയ്ക്കു പ്രഹരമേറ്റിരുന്നു. ഓപ്പണര്‍ സുനില്‍ നരെയ്ന്‍ (പൂജ്യം) റണ്ണൗട്ടാവുകയായിരുന്നു. ഷിമ്രോണ്‍ ഹെറ്റ്‌മെയ്‌റിന്റെ കിടിലന്‍ ഡയറക്‌ട് ത്രോയിലാണ് നരെയ്ന്‍ ഡഗ്‌ഔട്ടിലേക്കു മടങ്ങിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഫിഞ്ചും ശ്രേയസ്സും ഒരുമിച്ചതോടെ കൊല്‍ക്കത്തയുടെ സ്‌കോര്‍ബോര്‍ഡ് കുതിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 107 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഒന്‍പതാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ നിതീഷ് റാണ (11 പന്തില്‍ 18), ആന്ദ്രെ റസ്സല്‍ (പൂജ്യം), വെങ്കടേഷ് അയ്യര്‍ (7 പന്തില്‍ 6) എന്നിവര്‍ തിളങ്ങിയില്ലെങ്കിലും ഒരറ്റത്ത് ക്യാപ്റ്റന്‍ നങ്കൂരമിടുകയായിരുന്നു. എന്നാല്‍ ചെഹലിന്റെ കിടിലന്‍ ഓവര്‍ എല്ലാം തലതിരിച്ചു.

15 വര്‍ഷം മുന്‍പ് ഇതേ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലത്തിനായിരുന്നു അവസരമെങ്കില്‍, ഇന്നു മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ജോസ് ബട്ലര്‍ക്കായിരുന്നു ആ സുദിനം. എതിരാളികള്‍ കൊല്‍ക്കത്തയായത് ചിലപ്പോള്‍ കാലത്തിന്റെ ഒരു വികൃതി മാത്രം! ഒരിക്കല്‍ കൂടി സെഞ്ചുറിയുമായി ആറാടിയ ജോസ് ബട്ലറുടെ ബാറ്റിങ് കരുത്തിലാണ് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തത്.

2008ല്‍ ഇതേദിനത്തില്‍, ബെംഗളൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎലിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലവും സെഞ്ചുറി (73 പന്തില്‍ 158*) നേടിയിരുന്നു. മക്കല്ലത്തിന്റെ സെഞ്ചുറിക്കരുത്തില്‍ ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 222 റണ്‍സാണ് അടിച്ചെടുത്തത്. ചരിത്രത്തിന്റെ ആ തനിയാവര്‍ത്തനം പോലെ ഇന്നു മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയത് രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്ലര്‍. 61 പന്തില്‍ അഞ്ച് സിക്‌സറുകളുടെയും ഒന്‍പത് ഫോറുകളുടെയും അകമ്ബടിയോടെയാണ് ബട്ലര്‍ 103 റണ്‍സെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക