തൃശൂര്‍: പീച്ചിയില്‍ കഴിഞ്ഞ ദിവസം ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പാര്‍ട്ടിയുടെ കൊടിതോരണങ്ങളും പീച്ചി സെന്ററിലെ സിപിഎമ്മിന്റെ മണ്ഡപവും അടിച്ചുതകര്‍ത്തു. ബ്രാഞ്ച് സെക്രട്ടറി പി ജി ഗംഗാധരന്‍, പാര്‍ട്ടി അംഗങ്ങളായ വര്‍ഗീസ് അറക്കല്‍, പ്രിന്‍സ് തച്ചില്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ജനലിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ശിലാഫലകം വികൃതമാക്കുകയും ചെയ്തു.
ഞായറാഴ്ചയാണു പീച്ചി കോലഞ്ചേരി വീട്ടില്‍ സജിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സജിയുടെ മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. സിപിഎം പ്രാദേശിക നേതാക്കള്‍ക്കളില്‍ നിന്നും വധഭീഷണി ഉണ്ടെന്ന് കുറിപ്പില്‍ പറയുന്നു. ബ്രാഞ്ച് സെക്രട്ടറിയും, പീച്ചി ലോക്കല്‍ കമ്മിറ്റിയുമാണ് തന്റെ മരണത്തിന് ഉത്തരവാദികള്‍ എന്നും കുറിപ്പില്‍ പറയുന്നുണ്ട്.
-->
ആത്മഹത്യ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ, സജിയുടെ സുഹൃത്തുക്കള്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ തിരിഞ്ഞു. ഏറെക്കാലമായി പീച്ചിയിലെ സിഐടിയു യൂണിറ്റില്‍ ഭിന്നതകള്‍ നിലനിന്നിരുന്നു. പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ആളെ യൂണിയന്‍ ഭാരവാഹിത്വത്തില്‍ നിന്നും മറ്റു സ്ഥാനങ്ങളില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ യൂണിയന്‍ വസ്ത്രവും ബഹിഷ്‌കരിച്ചിരുന്നു. സിഐടിയു ഓഫീസ് വെളുത്ത പെയിന്റ് അടിച്ചു സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയന്‍ എന്ന ബോര്‍ഡും സ്ഥാപിച്ചു.
പലതരത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. പിന്നീട് ഏതാനും തൊഴിലാളികള്‍ കൂടി പാര്‍ട്ടി പക്ഷത്തേക്ക് വന്നു. പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ചായിരുന്നു പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പ്രതിഷേധം.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതശരീരത്തില്‍ റീത്ത് വെക്കാന്‍ എത്തിയ നേതാക്കളെ റീത്ത് വയ്ക്കാന്‍ സമ്മതിക്കാതെ തിരിച്ചയച്ചു. പാര്‍ട്ടിയുടെ കൊടിതോരണങ്ങളും മണ്ഡപവും തകര്‍ത്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണന്‍ പീച്ചി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക